
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സംസ്ഥാനത്ത് ഇന്ന് യാഥാർത്ഥ്യമാവുകയാണ്. പുതിയ സർവകലാശാലയ്ക്ക് ഗുരുദേവന്റെ പേരിട്ട എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം ചരിത്രത്തോടുള്ള നീതി പുലർത്തലാണ്. പക്ഷെ ഗുരുദേവൻ സർവകലാശാലയുടെ പേരിൽ മാത്രം ഒതുങ്ങരുത്. ഒരുകാലത്ത് ഭ്രാന്താലയമായിരുന്ന കേരളം ഇന്നു കാണുന്ന അവസ്ഥയിലേക്ക് എങ്ങനെ മാറിയെന്നുള്ള ഓർമ്മപ്പെടുത്തൽ സർവകലാശാലയിൽ നിന്നുണ്ടാകണം. ഗുരുദർശനത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും കേന്ദ്രമായി സർവകലാശാല മാറണം. അല്ലാതെ കവാടത്തിൽ ഗുരുദേവന്റെ പേരെഴുതി വച്ചാൽ അത് സമുദായത്തെയും സമൂഹത്തെയും കബിളിപ്പിക്കുന്നതിനു തുല്യമാകും.
സംസ്ഥാനത്തെ പല സർവകലാശാലകളിലും ഗുരുദേവന്റെ പേരിലുള്ള ചെയറുകളുണ്ട്. പക്ഷെ അവയെല്ലാം ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടു തന്നെ ഗുരുദേവ ദർശനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം ഔദ്യോഗികമായി നടക്കുന്നില്ല. ഗുരുവിന്റെ പേരിലുള്ള സ്ഥാപനങ്ങൾ മാത്രമല്ല കാലം ആവശ്യപ്പെടുന്നത്. ഗുരുദേവ ദർശനത്തിന്റെ പഠനവും പ്രചാരണവുമാണ്. അറിയുന്തോറും അറിയാൻ ഏറെയായി ബാക്കി നിൽക്കുന്ന ആഴിയാണ് ഗുരുദേവൻ. അതുകൊണ്ടു തന്നെ പുതിയ സർവകലാശാലയിൽ ഗുരുദേവ ദർശനം പാഠ്യവിഷയമാക്കണം. എങ്കിലേ ഗുരുദേവന്റെ പേരിലുള്ള സർവകലാശാല അർത്ഥ പൂർണമാവുകയുള്ളു.
സർവകലാശാലകളുടെ തലപ്പത്തിരിക്കുന്നവരുടെ താല്പര്യക്കുറവാണ് ഗുരുദേവന്റെ പേരിൽ ആരംഭിച്ച ചെയറുകളുടെ പ്രവർത്തനം താളംതെറ്റാനുള്ള കാരണം. ശ്രീനാരായണഗുരു സർവകലാശാലയുടെ അവസ്ഥ അങ്ങനെയാകരുത്. ഗുരുവിനെക്കുറിച്ച് ആഴത്തിൽ അറിവുള്ളവർ തന്നെ സർവകലാശാലയുടെ അമരത്ത് എത്തണം. സർവകലാശാലയുടെ തലപ്പത്തു വരുന്നവർ ഗുരുവിനെ അധരപൂജ ചെയ്യുന്നവരാകരുത്. ഗുരുവിനെ ഹൃദയപൂജ ചെയ്യുന്നർ തന്നെയാകണം. എങ്കിലേ ഗുരുദേവ ദർശനത്തിന്റെ അകംപൊരുൾ തേടിയുള്ള തീർത്ഥാടന കേന്ദ്രമായിക്കൂടി സർവകലാശാല മാറുകയുള്ളു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമ്പോൾ സർക്കാർ കൂടുതൽ ജാഗ്രത കാട്ടണം. അല്ലെങ്കിൽ വിപരീത ഫലമായിരിക്കും ഒരുപക്ഷെ ഉണ്ടാവുക.
ഗുരുദേവൻ സാമൂഹ്യനീതിയാണ് ആവശ്യപ്പെട്ടത്. ഭേദങ്ങളില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന കാലമായിരുന്നു ഗുരുവിന്റെ സ്വപ്നം. സംവരണ അട്ടിമറിയടക്കം അതിനു വിരുദ്ധമായ പല നീക്കങ്ങളും സമീപകാലത്ത് ഉണ്ടാകുന്നു. ഗുരുവിനെ ഓർമ്മകളിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ഇതിനിടയിൽ ഏറെ ആനന്ദിപ്പിക്കുന്നതാണ് തലസ്ഥാനത്ത് ഗുരുദേവന്റെ പ്രതിമ ഉയർന്നത്. ഇപ്പോൾ ഗുരുദേവന്റെ പേരിൽ സർവകലാശാല നിലവിൽ വരുന്നതും. ഗുരുദേവൻ ഒരു സന്ദേശമാണ്. ആ സന്ദേശം വിശ്വമാകെ പടരണം. ലോകസമാധാനത്തിന്റെ ശാന്തിമന്ത്രമാണ് ഗുരുദേവ ദർശനം. അത് ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്കു പകരുന്ന കേന്ദ്രമായി ഓപ്പൺ സർവകലാശാല മാറണം.
ബിരുദ, ബിരുദാനന്തര തലങ്ങളിൽ ഗുരുദേവൻ ഒരു സിലബസായി മാറണം. ഗുരു ഇനിയും വ്യാഖ്യാനിക്കപ്പെടണം. ആഴത്തിൽ വിലയിരുത്തപ്പെടണം. അതിന് ഗുരുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവർ തന്നെ അമരത്തുണ്ടാകണം. അല്ലെങ്കിൽ ശ്രീനാരായണ സന്ദേശ പ്രചാരണത്തിൽ അവർ വെള്ളം കലക്കും. ഇങ്ങനെ പല അനുഭവങ്ങളും ഇന്നലെകളിൽ ഉണ്ടായിട്ടുണ്ട്. ഗുരുദേവ ദർശനത്തിന്റെ ആഴത്തിലുള്ള പഠനമാണ് സമുദായത്തിന്റെയും സമൂഹത്തിന്റെയും ആവശ്യം. അതിന് സർക്കാർ തയ്യാറായില്ലെങ്കിൽ സമുദായത്തോടും സമൂഹത്തോടുമുള്ള ചതിയുടെ അടയാളമായി നാളെ ഓപ്പൺ സർവകലാശാല മാറും.
ചാതുർവർണ്യത്തിന്റെ അടിസ്ഥാനം ജാതിയായിരുന്നെങ്കിലും അത് ചോദ്യം ചെയ്യപ്പെടാതെ കാലങ്ങളോളം നിലനിറുത്തിയത് അവർണന് അക്ഷരം നിഷേധിച്ചാണ്. അറിവില്ലായ്മയാണ് അടിമത്തത്തിന്റെ കാരണമെന്ന് ഗുരു തിരിച്ചറിഞ്ഞു. അവർണന് അക്ഷരം പകർന്നു നൽകിയാണ് ഗുരു ചാതുർവർണ്യത്തെ അട്ടിമറിച്ചത്. സാർവത്രിക വിദ്യാഭ്യാസത്തിലൂടെയാണ് കേരളത്തിൽ സാമൂഹ്യ മാറ്റമുണ്ടായത്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതി ലഭ്യമായിട്ടില്ല.
വിദ്യാഭ്യാസ മേഖലയൊന്നാകെ ചില ജാതി - മത, സവർണ ശക്തികൾ ഹൈജാക്ക് ചെയ്ത് കീശയിൽ വച്ചിരിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് ഇവർ രാഷ്ട്രീയ പാർട്ടികളെ വരുതിയിലാക്കുന്നു. അതുകൊണ്ടു തന്നെ മാറിമാറി വരുന്ന ഭരണകൂടങ്ങൾ അധികാരം നിലനിറുത്താനായി സംഘടിത മതശക്തികളുടെ ചൊൽപ്പടിക്കാരായി മാറുന്നു. അപ്പോൾ ഭൂരിപക്ഷത്തിന് അവകാശം നിഷേധിക്കപ്പെടുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളുള്ളത് വിദ്യാഭ്യാസ മേഖലയിലാണ്. ജാതിയുടെ പേരിൽ അടിച്ചമർത്തപ്പെട്ടവരാണ് ഇവിടുത്തെ ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾ. പതിറ്റാണ്ടുകൾ നീണ്ടുനിന്ന അടിച്ചമർത്തൽ പരിഹരിക്കാനുള്ള പ്രത്യേക ആനൂകൂല്യങ്ങൾ ലഭിക്കേണ്ടത് അവകാശമാണ്. പക്ഷെ അതുണ്ടാകുന്നില്ല. ഉള്ള സംവരണത്തിൽ പോലും വെള്ളം ചേർത്ത് അധികാരം നിലനിറുത്താൻ ശ്രമിക്കുകയാണ്. തെങ്ങിനും കവുങ്ങിനും ഒരു പോലെ തളപ്പ് കെട്ടരുത്. കവുങ്ങിന്റെ തളപ്പുമായി ചെന്നാൽ തെങ്ങിൽ കയറാനാകില്ല.
കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തിയപ്പോൾ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് എസ്.എൻ ട്രസ്റ്റിനാണ്. ട്രസ്റ്റിനു കീഴിലുള്ള കോളേജുകളിൽ നിന്ന് ഇല്ലാതായ പ്രീഡിഗ്രി സീറ്റിന് ആനുപാതികമായി ഹയർ സെക്കൻഡറി സീറ്റുകൾ കോളേജുകളിൽ ലഭിച്ചില്ല. പക്ഷെ നഷ്ടമായ പ്രീഡിഗ്രി സീറ്റിന്റെ ഇരട്ടിയിലേറെ ഹയർ സെക്കൻഡറി സീറ്റുകൾ മറ്റു ചില സമുദായങ്ങൾക്ക് അനുവദിച്ചു. ഹയർ സെക്കൻഡറി നിലവിൽ വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും അന്നുണ്ടായ നീതിനിഷേധം പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തും സമാനമായ അവസ്ഥയാണ്. എസ്.എൻ ട്രസ്റ്റിന്റെ മൂന്ന് കോളേജുകൾ മറ്റ് മാനേജ്മെന്റുകളുടെ ഒരു കോളേജിനു തുല്യം എന്ന അവസ്ഥയാണിപ്പോൾ. പേരിന് കോളേജുകളുണ്ട്. പക്ഷെ മറ്റ് മാനേജ്മെന്റുകളുടെ കോളേജുകളിലുള്ളതിന്റെ മൂന്നിലൊന്ന് കോഴ്സുകളേ നമ്മുടെ കോളേജുകളിലുള്ളു.
എസ്.എൻ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 20 ശതമാനം സാമുദായിക സംവരണമുണ്ട്. കോഴ്സുകളും സീറ്റുകളും കുറയുമ്പോൾ വലിയൊരു വിഭാഗത്തിന് സാമുദായിക സംവരണത്തിലൂടെയുള്ള പഠനാവസരവും നിഷേധിക്കപ്പെടുന്നു. അദ്ധ്യാപക, അനദ്ധ്യാപക നിയമനത്തിലും സമാന അവസ്ഥയാണ്. പല എയ്ഡഡ് കോളേജുകളിലും അദ്ധ്യാപർക്ക് ശമ്പളം മാനേജ്മെന്റ് നൽകേണ്ട അവസ്ഥയാണ്. വിദ്യാഭ്യാസ മേഖലയിൽ ആനുകൂല്യങ്ങൾ തുല്യമായി പങ്കുവയ്ക്കപ്പെടുന്നില്ല. ഈ നീതികേട് ഇടത് സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷ. ഭരണകൂടം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സമ്മർദ്ദത്തിൽ നിന്ന് മുക്തരാകണം. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ തയ്യാറാകണം. ഉള്ളവന് വീണ്ടും വീണ്ടും കൊടുക്കുന്നത് നീതികേടാണ്. ഇത് പഴയകാലത്തേക്കുള്ള മടങ്ങിപ്പോക്കാണ്.