
അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ മാലിന്യ കൂമ്പാരമായ പിരാനയിൽ കുടുങ്ങിയ 12 വയസുകാരിയെ കണ്ടെത്താനുള്ള തെരച്ചിൽ അഞ്ച് ദിവസം പിന്നിടുന്നു. 12 കാരിയായ നേഹ വാസവ എന്ന കുട്ടിയ്ക്കായാണ് തെരച്ചിൽ നടക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങൾ തേടി 100 അടിയോളം ഉയരമുള്ള മാലിന്യ കൂമ്പാരത്തിന് മുകളിലേക്ക് നേഹയും സുഹൃത്തായ ആറ് വയസുകാരൻ അനിലും കയറിയത്.
എന്നാൽ ഇരുവരും കയറുന്നതിനിടെ മാലിന്യ കൂമ്പാരം തകരുകയും കുട്ടികൾ അതിനുള്ളിലേക്ക് വീഴുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന ചിലർ അനിലിനെ രക്ഷപ്പെടുത്തിയെങ്കിലും നേഹയെ കണ്ടെത്താനായില്ല. മണിക്കൂറുകൾ പിന്നിട്ടതിനാൽ മാലിന്യ കൂമ്പാരത്തിനിടെയിൽ നിന്നും കുട്ടിയെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ പറഞ്ഞു. മാലിന്യ കൂമ്പാരത്തിനിടെയിൽ നിന്നും വഹിക്കുന്ന വിഷവായു മണിക്കൂറുകൾക്കുള്ളിൽ തന്നെ ശ്വാസം മുട്ടി മരിക്കാൻ കാരണമാകും.
അനിലിന്റെ തല മാലിന്യ കൂമ്പാരത്തിന് പുറത്തും ശരീരം മാലിന്യങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലുമായിരുന്നു. രക്ഷപ്പെടുത്തുമ്പോൾ കുട്ടിയ്ക്ക് ശ്വാസതടസം നേരിട്ടിരുന്നു. ഞായറാഴ്ച മുതൽ അഞ്ച് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ മാലിന്യ കൂമ്പാരത്തിനിടെയിൽ നിന്നും നേഹയെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ടൺ കണക്കിന് മാലിന്യം നീക്കം ചെയ്തെങ്കിലും കുട്ടിയെ കണ്ടെത്തിയിട്ടില്ല.
തെരുവുനായകളുടെ വിഹാര കേന്ദ്രം കൂടിയാണ് 80 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന പിരാന മാലിന്യ കൂമ്പാരം. ഏകദേശം 3,500 ടൺ മാലിന്യമാണ് ദിവസവും ഇവിടെ തള്ളുന്നത്. നേഹയെ കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. കുറഞ്ഞത് 80 അടിയോളം താഴ്ചയിലാകാം നേഹ കുടുങ്ങിയതെന്നാണ് നിഗമനം. കുട്ടി ചവറുകൂനയ്ക്ക് ഇടയിൽ വീണ് മണിക്കൂറുകൾക്കുള്ളിൽ മഴ പെയ്തിരുന്നു. ഇതോടെ തെരച്ചിൽ കൂടുതൽ ദുഷ്കരമായി.