up

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ‌ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ല മജിസ്ട്രേറ്റ്. പെൺകുട്ടി മരിച്ചത് കൊവിഡ് വെെറസ് ബാധിച്ചാണെന്ന് പറയണമെന്നും അല്ലാത്ത പക്ഷം ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും മജിസ്ട്രേറ്റ് കുടുംബത്തെ ഭീക്ഷണിപ്പെടുത്തി. കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെയാണ് പുറത്തുവിട്ടത്.

"മാദ്ധ്യമങ്ങൾ ഇന്നുണ്ടാകും നാളെ അവർ പോകും, ഞങ്ങൾ എന്നും ഇവിടെയുണ്ടാകും,തീരുമാനം മാറ്റാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട്.ഇല്ലെങ്കിൽ ഞങ്ങൾ മാറ്റും."വീഡിയോയിൽ മജിസ്റ്റട്രറ്റ് പറയുന്നു. അധികാരികൾ ഞങ്ങൾക്ക് മേൽ സമ്മർദം ചുമത്തുന്നു. അവൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നുവെങ്കിൽ ധനസഹായം കിട്ടുമായിരുന്നു. ഇത് പറഞ്ഞ് കുടുംബത്തെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്നും പെൺകുട്ടിയുടെ സഹോദരന്റെ ഭാര്യ പറഞ്ഞു. അധികാരികൾ തങ്ങളെ അവിടെ താമസിക്കാൻ അനുവദിക്കില്ലെന്നും പ്രസ്താവന തിരുത്താൻ ആവശ്യപ്പെടുന്നുവെന്നും കുടുംബം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഹത്രാസിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്. നാക്ക് മുറിച്ച് മാറ്റിയ നിലയിൽ ഗുതരാവസ്ഥയിലായിരുന്ന പെൺകുട്ടി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയർന്ന് വന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയത് യു.പി പൊലീസ് തടഞ്ഞതും കൂടുതൽ സംഘർഷങ്ങൾക്ക് കാരണമായി.