
കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച മാന്ദ്യത്തിൽ നിന്ന് നേട്ടത്തിന്റെ ട്രാക്കിലേക്ക് ആഭ്യന്തര വാഹന വിപണിയുടെ കുതിച്ചുകയറ്റം. സെപ്‌തംബറിൽ ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്കുള്ള വില്പന 10 ശതമാനത്തിലേറെ ഉയർന്നുവെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞമാസം ഒട്ടുമിക്ക കമ്പനികളും 2019 സെപ്‌തംബറിനെ അപേക്ഷിച്ച് മികച്ച വില്പനനേട്ടം കൊയ്‌തുവെന്ന് ഇന്നലെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കി. ഉത്സവകാലം പടിവാതിൽക്കൽ എത്തിനിൽക്കേ, വില്പന മെച്ചപ്പെട്ടത് വാഹന നിർമ്മാതാക്കൾക്ക് വൻ ആശ്വാസമാണ്.
ഏറ്റവും വലിയ കമ്പനിയായ മാരുതി സുസുക്കിയുടെ വില്പന വർദ്ധന 32 ശതമാനമാണ്. 2019 സെപ്‌തംബറിലെ 1.15 ലക്ഷം യൂണിറ്റുകളിൽ നിന്ന് 1.52 ലക്ഷത്തിലേക്കാണ് വില്പന മെച്ചപ്പെട്ടത്. കയറ്റുമതി വളർച്ച 9 ശതമാനം. ഏറ്റവും വലിയ വളർച്ച നേടിയത് ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയയാണ്; 147 ശതമാനം.
7,554 യൂണിറ്റുകളിൽ നിന്ന് 18,676 യൂണിറ്റുകളിലേക്ക് കിയ വില്പന ഉയർത്തി. ഇതിൽ 9,266 യൂണിറ്റുകളും 12 ദിവസം മുമ്പുമാത്രം വിപണിയിലെത്തിയ സോണറ്റ് ആണ്. 3.8 ശതമാനമാണ് ഹ്യുണ്ടായിയുടെ വില്പന വളർച്ച. 59,913 യൂണിറ്റുകൾ ഹ്യുണ്ടായ് വിറ്റഴിച്ചു.
മഹീന്ദ്ര 4 ശതമാനം വളർച്ചയുമായി 14,857 കാറുകൾ വിറ്റഴിച്ചു. വാണിജ്യ വാഹനങ്ങളുടെ വില്പന 18,907 യൂണിറ്റുകൾ. സ്‌കോഡ 7 ശതമാനം നേട്ടത്തോടെ 1,328 യൂണിറ്റുകൾ വിറ്റഴിച്ചു. എം.ജി. മോട്ടോഴ്‌സ് മൂന്നു ശതമാനവും ടൊയോട്ട 20 ശതമാനവും നഷ്‌ടം നേരിട്ടു. എന്നാൽ, ആഗസ്‌റ്റിനേക്കാൾ 46 ശതമാനം അധിക വില്പന കഴിഞ്ഞമാസം ടൊയോട്ട നേടി.
ടൂവീലർ വിപണിയിൽ ബജാജ് ഓട്ടോ 24 ശതമാനവും ടി.വി.എസ് നാലു ശതമാനവും നേട്ടം കുറിച്ചു. വാണിജ്യ വാഹനശ്രേണിയിൽ അശോക് ലെയ്‌ലാൻഡ് ട്രക്കുകളുടെ നേട്ടം രണ്ടു ശതമാനമാണ്. ചെറു വാണിജ്യ വാഹനങ്ങളിൽ 20 ശതമാനവും കമ്പനിക്ക് വളർച്ചയുണ്ട്.
നേട്ടം കൊയ്‌തവർ
 മാരുതി സുസുക്കി : 32%
 കിയ : 147%
 മഹീന്ദ്ര : 4%
 ഹ്യുണ്ടായ് : 3.8%
 സ്‌കോഡ : 7%
 ടി.വി.എസ് : 4%
 ബജാജ് ഓട്ടോ : 24%
 അശോക് ലെയ്ലാൻഡ് : 2%