covid-

ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് ലോകം. കൊവിഡിനെ ചെറുക്കാന്‍ വാക്സിന്‍ കണ്ടെത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുമ്പോള്‍ അതിനായുള്ള പോരാട്ടത്തിലാണ് രാജ്യങ്ങള്‍. ഇന്ത്യയടക്കമുള്ള രാാജ്യങ്ങള്‍ വാക്സിന്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഈ വര്‍ഷം വാക്സിന്‍ പുറത്തിറക്കുമെന്ന പ്രഖ്യാപനങ്ങള്‍ പല രാജ്യങ്ങള്‍ നടത്തിയെങ്കിലും അതുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. 2021 തുടക്കത്തോടെ മാത്രമേ കൊവിഡ് വാക്സിന്‍ ലഭ്യമാകൂ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.


വൈറസ് വായുവിലൂടെ വ്യാപിക്കുമെന്ന് ഗവേഷകര്‍

അടച്ചിട്ട മുറിയിലോ സ്ഥാപനങ്ങളിലോ കൊവിഡിന് കാരണമാകുന്ന വൈറസ് അതിവേഗം വ്യാപിക്കുമെന്നാണ് അമേരിക്കയിലെ ജോര്‍ജിയ സര്‍വകലാശാല വ്യക്തമാക്കുന്നത്. വൈറസുകള്‍ വായുവിലൂടെ വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. സാമൂഹിക അകലം പാലിക്കാനും കൈകള്‍ ശുചിയാക്കാനുള്ള നിര്‍ദേശങ്ങള്‍ ശക്തമായിരുന്നുവെങ്കിലും കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. രോഗബാധ വര്‍ധിക്കുക മാത്രമാണ് ചെയുന്നത്.


കൊവിഡ് പരീക്ഷണങ്ങള്‍ ബസുകളില്‍?

വൈറസ് അടച്ചിട്ട മുറികളിലോ സമാനമായ അവസ്ഥയിലോ വ്യാപിക്കുമോ എന്ന് കാര്യത്തില്‍ പഠനം നടത്താന്‍ ഗവേഷകര്‍ തെരഞ്ഞെടുത്തത് ബസുകളാണ്. ചൈനയിലെ സെജിയാംഗ് പ്രവിശ്യയില്‍ ഗവേഷണ സംഘം ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്നാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരെ വിന്‍ഡോകള്‍ അടച്ച രണ്ട് ബസുകളിലാക്കി. എയര്‍ കണ്ടീഷനിംഗ് സംവിധാനവും പ്രവര്‍ത്തിച്ചു. ഒരു ബസില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഒരു രോഗിയുണ്ടായിരുന്നു. രണ്ടാമത്തെ ബസില്‍ രോഗമില്ലാത്തവരുമായിരുന്നു. കൊവിഡ് രോഗി സഞ്ചരിച്ച ബസില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. വായു സഞ്ചാരം കുറവുള്ള അടച്ചിട്ട മുറികളിലും വീടുകളിലും കൊവിഡ് വ്യാപനം ഉണ്ടാകാം എന്നതിന്റെ തെളിവാണ് ഇതിലൂടെ ലഭ്യമായതെന്ന് ഗവേഷകര്‍ പറഞ്ഞു.


ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാനും അവയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരത്തിലുള്ള തിരിച്ചറിവുകള്‍ ആവശ്യമാണ്. വായു സഞ്ചാരമില്ലാത്ത സാഹചര്യങ്ങളില്‍ കഴിയുമ്പോള്‍ മാസ്‌ക് പോലെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ആവശ്യമാണ്. പ്രോസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും സമാനമായ കണ്ടെത്തുലുകളുണ്ട്.


ലോകത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും ലോകത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും മരണനിരക്ക് പിടിച്ച് നിര്‍ത്താന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്. ലോകത്ത് ഏറ്റവുമാധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അമേരിക്കയിലാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണുള്ളത്. ബ്രസീല്‍, റഷ്യ, കൊളമ്പിയ എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്.