rahul-gandhi

ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പൊലീസ്‌ അതിക്രമത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം എത്രമാത്രം ജനാധിപത്യവിരുദ്ധമാണെന്നാണ് ഈ സംഭവം കാണിക്കുന്നതെന്നും ഉത്തർപ്രദേശിൽ മേൽ ജാതിമേധാവിത്വം നടത്തുന്ന നായാട്ടിനെ ചോദ്യം ചെയ്യാൻ പോലും ആരെയും അനുവദിക്കില്ല എന്ന നിലപാടാണ് സംഘപരിവാർ ശക്തികൾക്കെന്നും എം.എ ബേബി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. 'രാഹുൽ ഗാന്ധിക്കെതിരെഉണ്ടായ അക്രമത്തെ അപലപിക്കാനെങ്കിലും കേരളത്തിലെ കോൺഗ്രസ് തയ്യാറാവുമോ' എന്ന് താൻ ഉറ്റുനോക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സി.പി.എം നേതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് എം.പിക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'നമ്മുടെ പാർലമെന്റിലെ മുഖ്യപ്രതിപക്ഷ കക്ഷിയുടെ നേതാവും കേരളത്തിൽ നിന്നുള്ള എം പി യു മായ ശ്രീ രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പോലീസ് കയ്യേറ്റം ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഇന്ത്യയിലെ ഫാഷിസ്റ്റിക് ഭരണകൂടം എത്രമാത്രം ജനാധിപത്യവിരുദ്ധമാണെന്നു കാണിക്കുന്നതാണിത്. ഒരു ദളിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഹാഥ്രസ് എന്ന സ്ഥലത്ത്, ആ കുട്ടിയുടെ കുടുംബത്തെ കാണാനും ആശ്വസിപ്പിക്കാനും പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ദില്ലി അതിർത്തിക്കു പുറത്തു തന്നെ യു പി പോലീസ് തടയുകയായിരുന്നു. ഉത്തർപ്രദേശിൽ മേൽ ജാതിമേധാവിത്വം നടത്തുന്ന നായാട്ടിനെ ചോദ്യം ചെയ്യാൻ പോലും ആരെയും അനുവദിക്കില്ല എന്ന നിലപാടാണ് സംഘപരിവാർ ശക്തികൾക്ക്.
എല്ലാ പ്രതിപക്ഷകക്ഷികളും നരന്ദ്ര മോദി – യോഗി സർക്കാരുകളുടെ ഈ ജനാധിപത്യ ധ്വംസനത്തെ ചോദ്യം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, കേരളത്തിലെ കോൺഗ്രസ് നേതൃത്വം മോദി- യോഗി അമിതാധികാര വാഴ്ചയ്ക്കെതിരെ ഒന്നു ശബ്ദം ഉയർത്താൻ പോലും തയ്യാറാവുന്നില്ല. മറിച്ച്, ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്തി അധികാരത്തിലേറാനാവുമോ എന്ന ഏക ഉദ്ദേശത്തോടെ ആർ എസ് എസ് ശക്തികളുമായി ഒത്തുതീർപ്പുണ്ടാക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. കേരളത്തിൻറെ ജനാധിപത്യ- മതേതരത്വ സ്വഭാവം സംരക്ഷിക്കുന്നതിനായി കോൺഗ്രസ് ഈ ഇടുങ്ങിയ മനസ്ഥിതി ഉപേക്ഷിച്ച് സംഘപരിവാർ ശക്തികൾക്കെതിരെ രംഗത്തിറങ്ങണം.
രാഹുൽ ഗാന്ധിക്കെതിരെ യു പിയിൽ ഉണ്ടായ അക്രമത്തെ അപലപിക്കാനെങ്കിലും കേരളത്തിലെ കോൺഗ്രസ് തയ്യാറാവുമോ എന്ന് ഞാൻ ഉറ്റു നോക്കുന്നു. ഇന്ത്യയിലാകെ സംഘപരിപാരം നടത്തി വരുന്ന അമിതാധികാര വാഴ്ചക്കോ അക്രമങ്ങൾക്കോ എതിരെ മിണ്ടാതിരിക്കുക എന്ന നയമാണ് കേരളത്തിലെ കോൺഗ്രസ് ഇന്നേവരെ സ്വീകരിച്ചത്. സ്വന്തം രാഷ്ട്രീയത്തെ കയ്യൊഴിയുന്ന ആത്മവഞ്ചനയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് മതേതരവാദികളായ കോൺഗ്രസുകാർ തിരിച്ചറിയണം.'