
ലക്‌നൗ: ഹത്രാസ് പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്‌സ്‌കർ. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു.
'പകുതി മാദ്ധ്യമപ്രവർത്തകർ ഇന്നിവിടെ നിന്ന് പോയി, ബാക്കിയുള്ളവർ നാളെ ഇവിടം വിടും. പിന്നെ ഞങ്ങൾ മാത്രമേ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്കത് മാറ്റാൻ കഴിയും.' - പെൺകുട്ടിയുടെ പിതാവിനോട് പ്രവീൺ പറഞ്ഞു.
പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് ഇത് വീഡിയോയിൽ പകർത്തിയത്. 'അവർ ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. കൊവിഡ് ബാധിച്ച് മരിച്ചതാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അവർ പറയുന്നത്. അച്ഛനേയും അവർ ഭീഷണിപ്പെടുത്തുന്നു.'- പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പെൺകുട്ടിയുടെ സംസ്‌കാരം നടത്തിയത് പ്രവീണിന്റെ സാന്നിദ്ധ്യത്തിലായിരുന്നു. എന്നാൽ, വീട്ടുകാരുടെ സമ്മതത്തോടെയാണ് സംസ്‌കരിച്ചതെന്നും ബന്ധുക്കളുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നുമാണ് പ്രവീൺ പറയുന്നത്.
ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്
ഹത്രാസിലെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് പൊലീസ്.
ഫൊറൻസിക് റിപ്പോർട്ടിൽ ഇത് സംബന്ധിച്ച തെളിവുകൾ ഒന്നുമില്ലെന്നും ആന്തരിക അവയവങ്ങൾ പരിശോധിച്ചതിൽ ബീജം കണ്ടെത്താനായിട്ടില്ലെന്നും എ.ഡി.ജി.പി പ്രശാന്ത് കുമാർ പറഞ്ഞു. പ്രദേശത്ത് ആസൂത്രിതമായി ജാതിസംഘർഷം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്നാണ് പൊലീസ് ആരോപിക്കുന്നു. പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ആദ്യം മുതലേ ശ്രമിക്കുന്നതെന്നും പല തവണ പരാതി നൽകിയിട്ടാണ് കേസെടുത്തതെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കഴുത്തൊടിഞ്ഞ്, നട്ടെല്ലിനും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. യുവതി സ്വയം നാക്ക് കടിച്ചപ്പോഴാണ് നാവിന് മുറിഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം