ipl-punjab

അബുദാബി: മുംബയ് ഇന്ത്യൻസിനെതിരായ ഐ.പി.എൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഇലവന് 48 റൺ​സി​ന്റെ തോൽവി​. ജയി​ക്കാൻ 192 റൺസ് വേണ്ടിയി​രുന്ന പഞ്ചാബി​ന് നിശ്ചിത 20 ഓവറിൽ 143/8 എന്ന സ്കോറി​ലേ എത്താനായുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് നാലുവിക്കറ്റ് നഷ്ടത്തിലാണ് 191 റൺസെടുത്തത്. നായകൻ രോഹിത് ശർമ്മ(45 പന്തുകളിൽ 70 റൺസ്, എട്ടു ഫോറും മൂന്ന് സിക്സും),ഇഷാൻ കിഷൻ (32പന്തുകളിൽ 28 റൺസ്), പൊള്ളാഡ് (20 പന്തുകളിൽ പുറത്താകാതെ 47 റൺസ്,മൂന്ന് ഫോറും നാല് സിക്സും),ഹാർദിക് പാണ്ഡ്യ (11പന്തുകളിൽ പുറത്താകാതെ 30 റൺസ്) എന്നിവരാണ് മുംബയ്‌യെ മാന്യമായ നിലയിലെത്തിച്ചത്.

മറുപടി​ക്കി​റങ്ങി​യ പഞ്ചാബി​നെ രണ്ട് വി​ക്കറ്റ് വീതം വീഴ്ത്തി​യ പാറ്റി​ൻസണും ബുംറയും രാഹുൽ ചഹറും ഒരോ വി​ക്കറ്റ് വീഴ്ത്തി​യ ക്രുനാൽ പാണ്ഡ്യയും ബൗൾട്ടും ചേർന്നാണ് കശക്കി​യത്. നി​ക്കോളാസ് പുരാൻ(44),മായാങ്ക് അഗർവാൾ (25), കൃഷ്ണപ്പ ഗൗതം(22*)കെ.എൽ രാഹുൽ (17) എന്നിവർമാത്രമാണ് പഞ്ചാബ് നിരയിൽ അൽപ്പമെങ്കിലും പൊരുതിയത്.

ആരും കൊതിക്കുന്ന തുടക്കമാണ് കരീബിയൻ പേസർ കോട്ടെറൽ പഞ്ചാബിന് നൽകിയത്. റൺസെടുക്കാൻ അനുവദിക്കാതിരുന്ന ആദ്യ ഓവറിലെ ആദ്യ നാലു പന്തുകൾക്ക് ശേഷം അഞ്ചാം പന്തിൽ കോട്ടെറെൽ ക്വിന്റൺ ഡി കോക്കിനെ ക്ളീൻ ബൗൾഡാക്കി. ഒറ്റ റണ്ണാണ് ആദ്യ ഓവറിൽ മുംബയ് നേടിയത്. പകരമിറങ്ങിയ സൂര്യകുമാർ യാദവിനെ നാലാം ഒാവറിലെ അഞ്ചാം പന്തിൽ ഷമി ഡയറക്ട് ത്രോയിലൂടെ റൺഔട്ടാക്കി.ഇതോടെ മുംബയ് 21/2 എന്ന നിലയിലായിരുന്നു.

തുടർന്ന് ക്രീസിലൊരുമിച്ച നായകൻ രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് സാഹചര്യം മനസിലാക്കി സൂക്ഷ്മതയോടെ ബാറ്റുവീശാൻ തുടങ്ങി. എട്ടാം ഒാവറിൽ മുംബയ് 50 കടന്നു. രോഹിത് റൺറേറ്റ് താഴാതെ നോക്കിയപ്പോൾ ഇഷാൻ നങ്കൂരമിട്ട് നിന്നു. മൂന്നാം വിക്കറ്റിൽ 62 റൺസ് കൂട്ടിച്ചേർത്തശേഷം ടീം സ്കോർ 83-ൽ വച്ചാണ് ഇഷാൻ മടങ്ങിയത്. 32 പന്തുകൾ നേരിട്ട ഇഷാൻ ഒാരോ ഫോറും സിക്സുമടിച്ചു.

തുടർന്ന് പൊള്ളാഡ് കളത്തിലേക്ക് ഇറങ്ങിയതോടെ സ്കോർ ബോർഡിന് വേഗം കൂടി.മുംബയ് 100 കടന്നതിന് പിന്നാലെ രോഹിത് അർദ്ധസെഞ്ച്വറിയിലെത്തുകയും ചെയ്തു. 40 പന്തുകളാണ് രോഹിതിന് ഈ സീസണിലെ തന്റെ രണ്ടാം അർദ്ധസെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്. പൊള്ളാഡിനൊപ്പം മൂന്നോവറിൽ 41 റൺസടിച്ചുകൂട്ടിയ രോഹിത് 17-ാം ഒാവറിലാണ് പുറത്തായത്. സിക്സിന് ശ്രമിച്ച രോഹിതിനെ ബൗണ്ടറി ലൈനിനരികിൽ നിന്ന മാക്സ്‌വെൽ തട്ടി നീഷമിന്റെ കയ്യിലിട്ടുകൊടുക്കുകയായിരുന്നു. തുടർന്ന് പൊള്ളാഡും ഹാർദിക്ക് പാണ്ഡ്യയും ആഞ്ഞടിച്ച് 191ലെത്തിച്ചു. 23 പന്തുകളിൽ 67 റൺസാണ് ഇവർ അടിച്ചുകൂട്ടിയത്.

ഇന്നത്തെ മത്സരം

ചെന്നൈ സൂപ്പർകിംഗ്സ്

Vs

സൺറൈസേഴ്സ് ഹൈദരാബാദ്

രാത്രി 7.30 മുതൽ

നാളത്തെ മത്സരങ്ങൾ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ

Vs

രാജസ്ഥാൻ റോയൽസ്

വൈകിട്ട് 3.30 മുതൽ

ഡൽഹി ക്യാപിറ്റൽസ്

Vs

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

രാത്രി 7.30 മുതൽ