
ന്യൂഡൽഹി : ഹത്രാസ് പെൺകുട്ടിയുടേതെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോ രണ്ടു വർഷം മുമ്പ് മരിച്ച ചണ്ഡീഗഡ് സ്വദേശിയായ യുവതിയുടേതെന്ന് റിപ്പോർട്ട്.
ചണ്ഡീഗഡ് സ്വദേശിനിയായ മനീഷ യാദവ് രണ്ടു വർഷം മുമ്പാണ് അസുഖബാധിതയായി മരിക്കുന്നത്. എന്നാൽ, ഹത്രാസ് സംഭവത്തിന് പിന്നാലെ കൊല്ലപ്പെട്ട പെൺകുട്ടി എന്ന തരത്തിൽ മനീഷയുടെ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഉന്നതരായ വ്യക്തികൾ വരെ ഈ ചിത്രം പങ്കുവെച്ചിരുന്നു.
രണ്ടു വർഷം മുമ്പ് മരിച്ച തന്റെ മകളെ വീണ്ടും പൊതുമദ്ധ്യത്തിലേക്ക് വലിച്ചിഴച്ചതിലും, ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതിലും അതിയായ ദുഃഖമുണ്ടെന്ന് മനീഷയുടെ പിതാവ് മോഹൻലാൽ യാദവ് പറഞ്ഞു. മകളുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം ചണ്ഡീഗഡ് എസ്.എസ്.പിയ്ക്ക് പരാതി നൽകി.
മകളുടെ ചിത്രം പ്രചരിപ്പിക്കുന്നത് തടയണമെന്നും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. അസുഖബാധിതയായ മനീഷ 2018 ജൂലൈ 22 നാണ് മരിച്ചതെന്ന് പിതാവ് പറയുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരണപ്പെട്ട ഈ പെൺകുട്ടിയ്ക്ക് വേണ്ടി വലിയ പ്രതിഷേധ കാമ്പയിനുകൾ നടന്നിരുന്നുവെന്ന് വിപിൻ യാദവ് എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചു. പെൺകുട്ടി തന്റെ സുഹൃത്തായ അജയ്യുടെ സഹോദരിയാണെന്നും കുറിച്ചിട്ടുണ്ട്. അജയ്യുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പെൺകുട്ടിയുമായുള്ള ചിത്രങ്ങളും സംസ്കാര ചടങ്ങിന്റെ ചിത്രവുമുണ്ട്.