kerala

തിരുവനന്തപുരം: ആൾക്കാർ കൂട്ടം കൂടുന്നത് സംസ്ഥാനവ്യാപകമായി നിരോധിച്ച് സർക്കാർ. ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ ഒരു മാസത്തേക്കാണ് നിരോധനം. ഒരു സമയം ഒരു സ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ ആൾക്കാർ കൂട്ടം കൂടുന്നത് വിളക്കികൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം വിവാഹ, മരണ ചടങ്ങുകൾക്ക് നിലവിലെ നിയന്ത്രണങ്ങൾ തുടരും.

സംസ്ഥാനത്ത് കൊവിഡ് രോഗങ്ങൾ വർദ്ധിച്ചുവരുന്നതും സൂപ്പർസ്പ്രെഡ് ഭീഷണി നിലനിൽക്കുകയും ചെയ്യുന്നതായ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് 144ആം വകുപ്പ്(സി.ആർ.പി.സി, 1973) പ്രകാരം ആൾക്കൂട്ടങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങൾക്ക് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കർശന നിർദേശം നൽകിയിട്ടുണ്ട്. സാമൂഹിക അകലപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കൺടെയിന്മെന്റ് സോണുകളിലും രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന നിശ്ചിത പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.