
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് യാത്ര. ആഹാ..എത്ര നല്ല നടക്കാനാവാത്ത സ്വപ്നമെന്ന് പറയാൻ വരട്ടെ, ചിലപ്പോൾ നടന്നേക്കും. ഗുസ്‌തിയിൽ സ്വർണമെഡൽ ജേതാവായ ലഭാൻശു ശർമയാണ് ഈ സ്വപ്നയാത്ര ഒരുക്കുന്നത്. ആദ്യത്തെ ബസ് ഋഷികേശിൽ നിന്നും അടുത്തവർഷം ജൂണിൽ പുറപ്പെടും. ആദ്യയാത്രയിൽ ഇരുപതുപേർക്ക് യാത്ര ചെയ്യാം.
ആകെ 21,000 കിലോമീറ്റർ ദൂരമാണുള്ളത്. 75 ദിവസം നീളുന്ന യാത്രയിൽ 20 രാജ്യങ്ങളിലൂടെ കടന്നുപോകും. ലഭാൻശുവിനൊപ്പം സഹോദരൻ വിശാലും ഈ ഉദ്യമത്തിൽ പങ്കാളിയായുണ്ട്. ലോകസമാധാനം എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് 2019ൽ ഡെറാഡൂണിൽ നിന്ന് ലണ്ടൻ വരെ ഇരുവരും റോഡിലൂടെ യാത്ര ചെയ്തിരുന്നു.
ഒരു സീറ്റിന് 13.99 ലക്ഷം രൂപയാണ് നിരക്ക്. ആഡംബര ബസിലെ യാത്രക്ക് പുറമേ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ്, വിസ ഫീസ്, ഒരു ദിവസം രണ്ട് നേരത്തെ ഭക്ഷണം, ഹോട്ടൽ താമസം, പ്രാദേശിക ടൂറുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. മദ്യം, ജി.എസ്.ടി, ഓരോ ഇടങ്ങളിലും സ്വന്തമായി പ്ലാൻ ചെയ്യുന്ന ടൂറുകൾ എന്നിവ ഈ പാക്കേജിലില്ല. യാത്രക്കാരുടെ കയ്യിൽ ശൂന്യമായ 10 പേജുകളുള്ളതും യാത്രാ തീയതി മുതൽ 10 മാസത്തേക്ക് സാധുതയുള്ളതുമായ പാസ്‌പോർട്ട് ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്.
ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് കൂടിയായ ലഭാൻശു ഏഷ്യൻ ഇന്റർനാഷണൽ ഗെയിംസിലും ഇൻഡോ നേപ്പാൾ ഇന്റർനാഷണൽ റെസ്ലിംഗ് ടൂർണമെന്റിലും ഓരോ സ്വർണമെഡലുകൾ നേടിയ വ്യക്തിയാണ്
 യാത്ര ഇങ്ങനെ
ആഴ്ച 1: ഋഷികേശ് മുതൽ ഇംഫാൽ വരെ
ആഴ്ച 2: മ്യാൻമറിലേക്ക്
ആഴ്ച 3: മ്യാൻമർ - തായ്‌ലൻഡിൽ നിന്ന് ലാവോസ്
ആഴ്ച 4: ചൈനയിലെ ചെംഗ്ഡു
ആഴ്ച 5: ചൈനയിലെ ഡൻഹുവാങ്
ആഴ്ച 6: ചൈനയിലെ കാഷ്ഗറിലേക്ക്
ആഴ്ച 7: കിർഗിസ്ഥാനിലെ ബിഷ്കെക്ക്, ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റ്
ആഴ്ച 8: കസാക്കിസ്ഥാനിലെ ബെയ്‌നു, റഷ്യയിലെ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്
ആഴ്ച 9: പോളണ്ടിലെ ലാത്വിയ, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്, ആസ്ട്രിയ
ആഴ്ച 10: സ്വിറ്റ്സർലൻഡിലെ സൂറിച്ച്, ഫ്രാൻസിലെ പാരീസ്, ബ്രിട്ടനിലെ ലണ്ടൻ
ആഴ്ച 11: വെയിൽസ്, സ്കോട്ട്ലൻഡ്