
ദൂരങ്ങൾ താണ്ടിചവിട്ടി കയറിയ സൈക്കിളിംഗ് വിശേഷത്തിൽ ആര്യ....പുലർച്ചെ മൂന്നുമണി. ചെന്നൈ അണ്ണാനഗറിലെ ആര്യയുടെ വീട്.'ടീം ജാമി" സൈക്കിളിംഗ് ടീമിലെ പത്തൊൻപത് അംഗങ്ങളിൽ പന്ത്രണ്ടുപേർ പുറത്തുകാത്തുനിൽപ്പുണ്ട്.റോഡ് ബൈക്കിൽകയറി ആര്യ വന്നു. ടീം ജാമിയുടെ സൈക്കിളിംഗ് ആരംഭിക്കുകയാണ്.വിനോദവും വ്യായാമവും ഒരേസമയം ഇവിടെ കൈകോർക്കുന്നു.അപ്പോൾ ചെന്നൈ നഗരം നല്ല ഉറക്കത്തിൽ.ലണ്ടനിലെയും പാരീസിലെയും മത്സരവീഥിയിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട് ആര്യയുടെ ടീം ജാമി.സ്വീഡൻ, ലണ്ടൻ, പാരീസ് എന്നിവിടങ്ങളിൽ നടന്ന ലോക സൈക്കിളിംഗ് മത്സരങ്ങളിൽ പങ്കെടുത്ത ടീം ജാമി അടുത്ത വേദിയിലേക്കുള്ള പ്രകടനം കൂടി ലക്ഷ്യമിടുന്നുണ്ട്. ശനി, ഞായർ ദിവസം മുടക്കമില്ല ഇവരുടെ യാത്രയ്ക്ക് .പുതിയ റോഡ് ബൈക്കിലാണ് ആര്യയുടെ യാത്ര.അണ്ണാനഗറിൽനിന്ന് മഹാബലിപുരം വരെയാണ് ഇന്നത്തെ യാത്ര. 120 കിലോമീറ്റർ ദൂരം. താമ്പരം ബൈപ്പാസ് വഴി പായുകയാണ്.നൂറു കിലോമീറ്റർ കുറയാത്ത യാത്ര നടത്താതെ ടീം ജാമി മടങ്ങാറില്ല.

മെല്ലേ ചവിട്ടി തുടങ്ങിയ ആദ്യ സൈക്കിളുംഅതിന്റെ ഒാർമകളും എവിടെ നിൽക്കുന്നു?
ചെന്നൈ എസ്. ബി. ഒ. എ മെട്രിക്കുലേഷൻ സ്കൂളിൽ അഞ്ചാം ക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സൈക്കിൾ സ്വന്തമാക്കുന്നത്. ആസമയത്ത് ഏതൊരു കുട്ടിയുടെയും ആഗ്രഹമാണ് സൈക്കിൾ. ആ സൈക്കിൾ സ്വന്തമാക്കിയപ്പോൾ ലഭിച്ച സന്തോഷം ഇപ്പോഴും ഉള്ളിലുണ്ട്. അന്നു മുതൽ സൈക്കിൾ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഒരേസമയം വിനോദവും വ്യായാമവുമാണ് സൈക്കിൾ യാത്ര. വീട്ടിൽനിന്ന് സ്കൂളിലേക്കുള്ള ചെറുയാത്രയിൽനിന്ന് തുടങ്ങിയ സൈക്കിൾ സവാരി എന്നെ ലോക സൈക്കിൾ റെസിങ് മത്സരങ്ങളിൽ എത്തിച്ചു. ഒരു ചെറിയ സൈക്കിളിൽനിന്ന് ചവിട്ടി തുടങ്ങിയ ഇഷ്ടം. തിരിഞ്ഞുനോക്കുമ്പോൾ മനസ് നിറയുന്നു. എത്രയോ ദൂരങ്ങൾ താണ്ടി. ചെറുതും വലുതുമായ എത്രയോ മത്സരങ്ങളുടെ ഭാഗമായി. എല്ലാം ഒരുപാട് സന്തോഷം തരുന്നു.ഒരു സൈക്കിളിസ്റ്റ് എന്ന നിലയിൽ അഭിമാനമുണ്ട്.

 ഒാരോ ദിവസവും സൈക്കിളിൽനിന്നാണല്ലേ തുടങ്ങുന്നത്?
മത്സരപരിശീലനം ഉള്ളപ്പോൾ എല്ലാ ദിവസവും സൈക്കിളിൽനിന്നാണ് ആരംഭിക്കുക. ഇപ്പോൾ പുലർച്ചെ മൂന്നിനു യാത്ര  തുടങ്ങും. നൂറിലധികം  കിലോമീറ്റർ ദൂരം സഞ്ചരിക്കും. മടങ്ങി വരുമ്പോൾ ഏഴുമണിയാവും. വാഹനത്തിരക്ക് അനുഭവപ്പെടാത്തതിനാൽ മികച്ച രീതിയിൽ സവാരി നടത്താൻ കഴിയുന്നതിനാലാണ് പുലർച്ചെ യാത്ര ആരംഭിക്കുന്നത്. ലോക് ഡൗൺസമയത്ത് ജിം അടച്ചപ്പോൾ സൈക്കിളിംഗ് തുടർന്നു. അതു തുടരുകയാണ്. ഈ യാത്ര നൽകുന്ന സന്തോഷം വളരെ വലുതാണ്.
കയറ്ററിക്കമില്ലാതെ സിനിമായാത്രതുടങ്ങിയിട്ട് 15വർഷം പിന്നിടുന്നു?
സൈക്കിൾ സവാരി പോലെ രസമാണ് സിനിമ ജീവിതവും. ഒാരോ വർഷവും പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഒാരോ സംവിധായകർക്കൊപ്പം ജോലി ചെയ്യുമ്പോൾ ഒരോ അനുഭവങ്ങളാണ്. എല്ലാ താരങ്ങൾക്കും ഇതേ കാഴ്ചപ്പാടു തന്നെയായിരിക്കും. സിനിമ ഒരിക്കലും പഠിച്ചു പൂർത്തിയാക്കാൻ കഴിയില്ല. അതു ഒരു പ്രക്രിയയാണ്. സിനിമ മാത്രമല്ല, സൈക്കിളിംഗും.ഒാരോദിവസവും പുതിയ പാഠങ്ങൾ, പുതിയ അറിവുകൾ ലഭിക്കുന്നു. എല്ലാം ആസ്വദിക്കാൻ കഴിയണം.

 സൈക്കിൾ സവാരിയിൽനിന്ന് എങ്ങനെയാണ്സൈക്കിളിസ്റ്റായി മാറിയത്?
ഫിറ്റ് നെസിനുവേണ്ടിയാണ് സൈക്കിളിംഗ് തുടങ്ങിയത്.ചെന്നൈയുടെ  സമീപ പ്രദേശത്താണ് ഷൂട്ടിംഗെങ്കിൽ സൈക്കിളിൽ പോവും. വാഹനത്തിൽ ട്രാഫിക് തിരക്കിൽ കുടുങ്ങി വീട്ടിൽ എത്തുമ്പോഴേക്കും സമയം വൈകും. ജിമ്മിൽ പോവാൻ മനസുണ്ടെങ്കിലും ക്ഷീണിതനായിരിക്കും. ചിലപ്പോൾ ജിമ്മിൽ പോവുന്നത് ഉപേക്ഷിക്കും. കാരണം, അടുത്ത ദിവസവും ഷൂട്ടിംഗ് ഉണ്ടാവും. ജിമ്മിലെ വർക്കൗട്ടിന്റെ ഫലം സൈക്കിളിംഗിലൂടെ നേടാനും കഴിയുന്നുണ്ട്. സമയലാഭവും. സൈക്കിളിംഗ് വർക്കൗട്ട് തന്നെയാണ്. ചെന്നൈയിൽ ഷൂട്ടുണ്ടെങ്കിൽ മാത്രമേ ഇതു സാദ്ധ്യമാവൂ.ഒരു നടൻ തന്റെ ആരോഗ്യം സംരക്ഷിക്കുകയും നിലനിറുത്തുകയും വേണം. ആക് ഷൻ, നൃത്ത രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇത് സഹായിക്കും. അപ്പോൾ ഊർജ്ജസ്വലത ലഭിക്കാൻ ഫിറ്റ്നെസ് വേണം. അതിനു ഇത്തരം മാർഗം തേടാം.
ദൂരങ്ങൾ താണ്ടിയ സവാരിയിൽ മനസിൽചേർന്നു നിൽക്കുന്ന യാത്ര ഏതാണ്?
ലണ്ടൻ- സ്കോട്ട് ലൻഡ് യാത്ര. 1400 കിലോമീറ്റർ യാത്ര. ജീവിതത്തിൽ മറക്കാനാവാത്ത യാത്രയാണിത്. ലോക സൈക്കിളിംഗ് മത്സരമായതിനാൽ ടീം അംഗങ്ങൾ എല്ലാവരുമുണ്ടായിരുന്നു. നിശ്ചിത സമയം കൊണ്ട് യാത്ര പൂർത്തീകരിക്കുകയും വേണം.ആ സമയ പരിധിക്കുള്ളിൽ മടങ്ങി എത്തി. വലിയ ഒരു കൂട്ടായ്മയും ആത്മാർത്ഥയുമുണ്ട് അതിനു പിന്നിൽ.എല്ലാവർക്കും ഒരേ ലക്ഷ്യവും ഒരേ മനസും.പോയവർഷം പാരീസിലായിരുന്നു മത്സരം. 1200 കിലോമീറ്റർ ദൂരം. അടുത്ത മത്സരം 2021 ആഗസ്റ്റിൽ . മറ്റു ലോക കപ്പ് മത്സരങ്ങൾ നാലുവർഷത്തിലൊരിക്കലാണ്. എന്നാൽ സൈക്കിളിംഗ് മത്സരങ്ങൾ എല്ലാ വർഷവുമുണ്ട്.

 സൈക്കിളിസ്റ്റായ ആര്യയെ മലയാളികൾക്ക് അധികം അറിയില്ല?
സിനിമാ താരം എന്ന നിലയിൽ മലയാളികൾ എന്നെ അറിയുന്നുണ്ട്. കാസർകോട് തൃക്കരിപ്പൂരുകാരൻ ജംഷാദ് എന്ന ചെറുപ്പക്കാരനാണ് സിനിമയിൽ അഭിനയിക്കുന്ന ആര്യ എന്ന് മിക്ക മലയാളികൾക്കും അറിയാം. അതിലാണ് ഞാൻ ഏറെ സന്തോഷിക്കുന്നത്. സൈക്കിളിംഗ് ചെയ്യുന്നത് പ്രശസ്തിക്കുവേണ്ടിയല്ല. ഈ കായിക ഇനം കൂടുതൽ ആളുകളിൽ എത്തിക്കാനും ആകർഷിക്കാനും താരം എന്ന ഇമേജ് സഹായിക്കുന്നുണ്ട്. കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് വരുന്നത് നല്ല കാര്യമെന്ന് കരുതുന്നു. ലണ്ടൻ മത്സരത്തിൽ 75 വയസുള്ള വിദേശികൾ പങ്കെടുക്കുന്നതു കണ്ട് അത്ഭുതപ്പെട്ടു. എന്നാൽ 75 വയസിൽ നമുക്ക് നടക്കാൻ പറ്റുമോയെന്ന് അറിയില്ല. 1400 കിലോമീറ്റർ മത്സരത്തിലാണ് അവർ പങ്കെടുത്തത്. ഈ പ്രായത്തിനും അവരുടെ ഊർജ്ജസ്വലത,മത്സരത്തോടുള്ള ആവേശം അതിനു മുന്നിൽ ഞാൻ തോറ്റു പോയി. സൈക്കിളിംഗിന് പ്രായപരിധിയില്ല. മനസും താത്പര്യവുമാണ് പ്രധാനം.എന്നിൽ പോലും പലരുടെയും സ്വാധീനമുണ്ട്.മത്സരത്തിനുവേണ്ടി മാത്രമല്ല സൈക്കിളിംഗ്.
സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ സൈക്കിളിംഗ് മുടങ്ങാറുണ്ടല്ലേ?
മാസങ്ങളോളം മുടങ്ങും. എത്രയോ പ്രാവശ്യം അങ്ങനെ സംഭവിച്ചിട്ടുണ്ട്. മടങ്ങിവന്നശേഷമേ സൈക്കിളിംഗ് ആരംഭിക്കൂ. സമയ പരിധി നിശ്ചയി ച്ചാണ് എപ്പോഴും യാത്ര. ചെറിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത് വലിയ വേദിയിലേക്കുള്ള നല്ല തയാറെടുപ്പ് കൂടിയാണ്.എല്ലാ യാത്രയും പരിശീലനം കൂടിയാണ്.

ആര്യയ്ക്കു പിന്നാലെ സൈക്കിളിൽകയറി വിശാലും സന്താനവും?
സൈക്കിളിംഗ് രംഗത്തേക്ക് വരാൻ എല്ലാവർക്കും താത്പര്യമുണ്ട്. ചിട്ടയായി ചെയ്താൽ മാത്രമേ യാത്ര ഏറെ ദൂരം പോവാൻ കഴിയൂ. അധികം പേർക്കും ഇതിനു കഴിയുന്നില്ല. തുടർച്ചയായി സൈക്കിളിംഗ് നടത്താൻ കഴിയണം. രാവിലെ ഉണരാൻ വൈകിയാൽ അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കും. ജീവിതത്തിലെ മറ്റു കാര്യങ്ങളും കൃത്യമായി ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ മുടക്കമില്ലാതെ സൈക്കിളിംഗിന് പോവാൻ സാധിക്കൂ.സിനിമയിൽ അഭിനയിക്കുമ്പോൾ പ്രത്യേകിച്ച് ഡേറ്റ് , ഷൂട്ടിംഗ് എന്നിവ നോക്കണം. ഞാൻ എല്ലാം ഒരേപോലെ കൊണ്ടു പോവാൻ ശ്രദ്ധിക്കുന്നു, സൈക്കിളിംഗ് ഏറെ നേരം നടത്തിയാൽ മാത്രമേ പ്രയോജനം ചെയ്യൂ. കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂർ . എന്നാൽ നടത്തം, നീന്തൽ എന്നിവയ്ക്ക് കുറച്ചു സമയം മതി. സൈക്കിളിംഗ് കാലിലെ പേശികൾക്ക് കൂടുതൽ ബലം തരുന്നു.

സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ പ്രശസ്തനായ കായിയതാരമാകുമായിരുന്നല്ലേ?സ്കൂളിൽ അത് ലറ്റിക് താരമായിരുന്നു. ഒാട്ട മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ആസമയത്ത് അത് ലറ്റിക് മത്സരങ്ങൾക്ക് വലിയ പ്രാധാന്യമില്ല, ക്രിക്കറ്റിനും ബാഡ് മിന്റണും ഫുട്ബാളിനും പ്രശസ്തി ലഭിക്കുന്നത്. അപ്പോൾ തിരിച്ചറിഞ്ഞു എന്റെ വഴി ശരിയല്ലെന്ന്.കോളേജ് പഠനത്തോടെ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് അവസാനിപ്പിച്ചു.എന്നാൽ എന്റെ ഉള്ളിൽ ഒരു കായിക താരം ഇപ്പോഴുമുണ്ട്.
സിനിമാനടൻ, സൈക്കിളിംഗ് താരം, ശരീര സംരക്ഷകൻ.ആരോടാണ് കൂടുതൽ പ്രിയം?
ഒന്നിനും അമിത പ്രാധാന്യം നൽകില്ല. എല്ലാം ഉത്തരവാദിത്വങ്ങളാണ്. അതു ഭംഗിയായി നിറവേറ്റാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു. എല്ലാം ഒരേപോലെ കൊണ്ടുപോവാനാണ് ആഗ്രഹം. എന്താണോ അപ്പോൾ ആവശ്യം അതിനു പരിഗണന നൽക്കുന്നു.

ഭക്ഷണത്തെ സ് നേഹിക്കുന്നതു കൊണ്ടാണോ റെസ്റ്റോറന്റ് സംരംഭം ആരംഭിച്ചത്?
ഞാൻ ഒരു നല്ല ഭക്ഷണപ്രിയനാണ്. ഭക്ഷണം ആസ്വദിച്ച് കഴിക്കും. ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിക്കുന്നതാണ് രീതി.
ഇഷ്ടപ്പെട്ട ഭക്ഷണം ദിവസവും കഴിക്കാറില്ല. ഭക്ഷണ നിയന്ത്രണമുണ്ട്. മലബാർ ബിരിയാണിയാണ് പ്രിയ ഭക്ഷണം. ലോക് ഡൗൺ എനിക്ക് മാത്രമല്ല, എല്ലാവർക്കും ഇഷ്ടം പോലെ സമയം നൽകി.സമയമില്ലെന്ന് ആളുകൾ ഇപ്പോൾ പറയുന്നില്ല. മാറ്റിവച്ച കുറെ കാര്യങ്ങളുണ്ട്. ലോക് ഡൗണിനുശേഷം അതു ചെയ്യണം. ലോകത്തു ഉള്ള എല്ലാ ആളുകളും ഏഴുമാസമായി കാത്തിരിക്കുകയാണ്.
ഞാനും സയേഷയും 
ടിഡി എന്ന ചിത്രത്തിലൂടെ ഞാനും സയേഷയും വീണ്ടും ഒന്നിക്കുന്നു.വിവാഹശേഷം ഞങ്ങൾ ഒന്നിച്ച് അഭിനയിക്കുന്ന സിനിമ. ഗജിനികാന്തിലാണ് ഞങ്ങൾ ആദ്യം ഒന്നിച്ചത്. ലോക് ഡൗൺ കഴിഞ്ഞു ടിഡിയുടെ റിലീസ് ഉണ്ടാവും.വലിയ പ്രതീക്ഷയിലാണ്.സയേഷ ഏറെ സന്തോഷത്തിലും.
ആര്യയുടെ 
പ്രധാന ചിത്രങ്ങൾ
നാൻ കടവുൾ
അവൻ ഇവൻ
മദ്രാസി പട്ടണം
ബോസ് എങ്കറ ഭാസ്കരൻ
രാജാറാണി
ആരംഭം
ഇറണ്ടം ഉലകം
കാപ്പാൻ
മലയാളം
ഉറുമി
ഡബിൾ ബാരൽ
ദ ഗ്രേറ്റ് ഫാദർ
പതിനെട്ടാം പടി