modi-yogi

ലക്‌നൗ: ക്രൂരപീഡനത്തിന് ഇരയാക്കപ്പെട്ട് ഹത്രാസിലെ 19 വയസുകാരി മരിച്ച സംഭവത്തിലും തിടുക്കപ്പെട്ട് യു.പി പൊലീസ് മൃതദേഹം ദഹിപ്പിച്ചതിലും പ്രതികരിച്ച് ബി.ജെ.പിയിലെ ദളിത് വിഭാഗങ്ങളിൽ നിന്നുള്ള എം.പിമാർ. സംസ്ഥാനത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും പേര് ഈ സംഭവത്തിലൂടെ കളങ്കപ്പെട്ടുവെന്നും ഇത് ബി.ജെ.പിയ്ക്ക് രാഷ്ട്രീയ ആഘാതമേൽപ്പിക്കുന്ന സംഭവമാണെന്നും കൗശാമ്പി എം.പി വിനോദ് കുമാർ സോങ്കാർ പറഞ്ഞു. ദേശീയ മാദ്ധ്യമായ 'ഇന്ത്യൻ എക്സ്പ്രസി'നോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അഴിമതിയിലും ജാതിവെറിയിലും മുങ്ങി നിൽക്കുന്ന പൊലീസും ഉദ്യോഗസ്ഥ വൃന്ദവുമാണ് ഇങ്ങനെയൊരു സംഭവം നടക്കാൻ കാരണമെന്നും അദ്ദേഹം പറയുന്നു. ബി.ജെ.പി സർക്കാർ അധികാരത്തിലേറും മുൻപുതന്നെ സംസ്ഥാനത്തെ സ്ഥിതി ഇങ്ങനെയാണെന്നും ഉത്തർപ്രദേശ് ഭരിച്ച എസ്.പി, ബി.എസ്.പി പാർട്ടികൾ ജാതി അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും ജോലി നൽകിയതാണ് ഇതിനെല്ലാം കാരണമായതെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ളതെല്ലാം ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു.

ഈ സംഭവം ഒക്ടോബർ 28ന് നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു എം.പിയും പറയുന്നു. അതേസമയം യു.പി പൊലീസ് ദളിതരെയും പാവങ്ങളെയും അന്യായമായി പീഡിപ്പിക്കുകയാണെന്ന് മോഹൻലാൽഗഞ്ച എം.പി കൗശൽ കിഷോർ പ്രതികരിച്ചു. ഇത്തരം വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ക്രൂരതകൾ മറച്ചുവയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാർക്കെതിരെ യു.പി സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും സർക്കാർ അത് ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും കൗശൽ കിഷോർ പറഞ്ഞു.

സംഭവം ദളിതരെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ബാരാബങ്കി എം.പി ഉപേന്ദ്ര സിംഗ് റാവത്ത് അഭിപ്രായപ്പെട്ടു. സംഭവത്തെ താൻ ശക്തമായി അപലപിക്കുന്നുവെന്നും അത് മരിച്ച പെൺകുട്ടി ദളിത് വിഭാഗത്തിൽ നിന്നും വരുന്നതായതുകൊണ്ട് മാത്രമല്ലെന്നും ഉപേന്ദ്ര സിംഗ് പറയുന്നു. ഇരകൾ ദളിത് വിഭാഗങ്ങളിൽ നിന്നോ പിന്നാക്ക വിഭാഗങ്ങളിൽ നിന്നോ ഉള്ളവരാകുമ്പോൾ നീതിയും നടപടികളും പലപ്പോഴും വൈകുകയാണ് ഉണ്ടാകുകയെന്നും അത് അവർ സാമൂഹികമായി ദുർബലരായതുകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ യു.പി സർക്കാരിന് വലിയ നഷ്ടമാകും സംഭവിക്കുക എന്നും അദ്ദേഹം പറയുന്നു.