
സുരാജ്  വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി  സുനിൽ  ഇബ്രാഹിം  രചനയും സംവിധാനവും  നിർവഹിക്കുന്ന റോയ്  കൊച്ചിയിൽ പുരോഗമിക്കുന്നു....
കൊച്ചിയിലെ വല്ലാർപ്പാടത്ത് ഒരു ഫ്ളാറ്റാണ് ലൊക്കേഷൻ.സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി സുനിൽ ഇബ്രാഹിം രചനയും സംവിധാനവും നിർവഹിക്കുന്ന റോയ് എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. സുരാജ്,സിജ റോസ് ജോർജ്, ഷൈൻ ടോം ചാക്കോ എന്നിവർ കാമറയുടെ മുന്നിൽ . റോയ് എന്ന കഥാത്രമായി സുരാജ് ,അയാളുടെ ഭാര്യ ടീനയുടെ വേഷമാണ് സിജ റോസിന്. ''ഫ്ളാറ്റിലെ ചിത്രീകരണം ഇന്നു തീരുകയാണ്. നാളെ മുതൽ പൊലീസ് സ്റ്റേഷൻ സീനുകളാണ്. "" പ്രൊഡക്ഷൻ  കൺട്രോളർ ജാവേദ് ചെമ്പ് പറഞ്ഞു.

ഏറെ പ്രത്യേകതയുള്ള മനുഷ്യനാണ് റോയ്. സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റാത്ത ചില കാര്യങ്ങൾ ഇയാളിൽ  പ്രകടമാണ്. ഒരു ഗ്രാമത്തിൽ തനി നാട്ടിൻപ്പുറത്തുകാരനായി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന റോയിയ്ക്ക് ഇപ്പോൾ ജോലിയില്ല. കുടുംബ സ്വത്താണ് പിൻബലം. തന്റെ നാടിനെയും ചെടികളെയുംവീട്ടിൽ വളർത്തുന്ന മുയലുകളെയും  സ്നേഹിച്ചു കഴിയുന്ന റോയിക്ക് ഭാര്യ ടീനയാണ് എല്ലാം. ടീന നഗരത്തിൽ ഒരു  പബ്ളിക്കേഷനിൽ ജോലി ചെയ്യുന്നു.റോയിയും ടീനയും തമ്മിൽ പതിനഞ്ചു വയസിന്റെ വ്യത്യാസമുണ്ട്.കുട്ടികളില്ല.

ഇപ്പോഴും പ്രണയത്തിന്റെ നിറമാണ് അവരുടെ ജീവിതത്തിന്. മറ്റുളളവരിൽനിന്ന് ഏറെ വ്യത്യസ്തമായ  ദാമ്പത്യ ജീവിതം.ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് റോയ്. 'എന്റെ കഴിഞ്ഞ മൂന്നു ത്രില്ലർചിത്രങ്ങളും വ്യത്യസ്തങ്ങളാണ്.ആദ്യമാണ് ഇമോഷണലിനു പ്രധാന്യം നല്കി ചിത്രമൊരുക്കുന്നത്.റോയ്  ഒരു ഫാമിലി-ത്രില്ലർ -മിസ്റ്റിരിയസ്,ഇൻവെസ്റ്റീഗേഷൻ സിനിമയാണ്."സുനിൽ ഇബ്രാഹിം പറഞ്ഞു. ഷൈൻ ടോം ചാക്കോ ഇൻവെസ്റ്റിഗേഷൻ ഓഫീസർ അജിത്തായി എത്തുന്നു. റോണി ഡേവിഡ്,ജിൻസ് ഭാസ്കർ,വി .കെ ശ്രീരാമൻ,വിജീഷ് വിജയൻ,ബോബൻ സാമുവൽ,ജിബിൻ. ജി നായർ,ദിൽജിത്ത്,രാജഗോപാലൻ,യാഹിയ ഖാദർ,ആനന്ദ് മന്മഥൻ,ഫ്രാങ്കോ ഡേവിസ് മഞ്ഞില,റിയ െെസറ,ഗ്രേസി ജോൺ, ജെനി പള്ളത്ത്,രേഷ്മ ഷേണായി, അഞ്ജു ജോസഫ് എന്നിവരാണ് മറ്റു താരങ്ങൾ.നെട്ടൂരാൻ ഫിലിംസ്, ഹിപ്പോ െെപ്രം മോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ സജീഷ് മഞ്ചേരി,സനൂബ് കെ. യൂസഫ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ നിർവഹിക്കുന്നു.വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് മുന്ന പി എം സംഗീതം പകരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ ഡിസെെനർ-എം ബാവ,മേക്കപ്പ്-അമൽ ചന്ദ്രൻ,വസ്ത്രാലങ്കാരം-രമ്യ സുരേഷ്,എഡിറ്റർ-വി സാജൻ അസോസിയേറ്റ് ഡയറക്ടർ-എം ആർ.വിബിൻ,സുഹെെയിൽ ഇബ്രാഹിം,ഷമീർ എസ്,പ്രൊഡക്ഷൻ മാനേജർ-സുഹെെയിൽ വി.പി.എം, ജാഫർ പരസ്യകല-ഫണൽ മീഡിയ.

ടീന മികച്ച കഥാപാത്രം
''നാലുവർഷത്തിനുശേഷമാണ് മലയാളത്തിൽ അഭിനയിക്കുന്നത്. തമിഴിൽ വെങ്കിട് പ്രഭുവിന്റെയും ജ്യോതിക മാമിന്റെയും സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.മികച്ച കഥാപാത്രമാണ് ടീന. സുരാജേട്ടന്റെ നായിക. അതിന്റെ സന്തോഷമുണ്ട്. ചെറിയ ഇടവേളക്കുശേഷം അഭിനയിക്കാൻ വന്നപ്പോൾ കഥാപാത്രത്തോട് നീതി പുലർത്താൻ കഴിയുമോയെന്ന് ചെറിയ ആശങ്കയുണ്ടായിരുന്നു.എന്നാൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പൂർണമായി ഉൾക്കൊള്ളുന്ന ടീമാണിത്."" സിജ റോസ് പറഞ്ഞു.