
സ്പെയിനിലെ മാഡ്രിഡ് ഇമാജിൻ  ഫിലിം ഫെസ്റ്റിവലിൽ  മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കനി കുസൃതിയുടെ വിശേഷങ്ങൾ....
സ് പെയിനിലെ മാഡ്രിഡ് ഇമാജിൻ ഫിലിംഫെസ്റ്റിവലിൽ മികച്ച നടിയെ പ്രഖ്യാപിക്കുകയാണ്. ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള ചലച്ചിത്രങ്ങൾ, തിലോത്തമ ഷോമിനെ പോലുള്ള കഴിവുറ്റ അഭിനേതാക്കാൾ, അവരോടെല്ലാം ഏറ്റുമുട്ടി പുരസ്കാരം ഏറ്റുവാങ്ങിയത് മലയാള സിനിമയുടെ സ്വന്തം കനി കുസൃതി.അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും ശ്രദ്ധേയയായ കനി ബിരിയാണിയിൽ അവതരിപ്പിച്ച കഥാപാത്രമായ ഖദീജയെക്കുറിച്ചും തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും  സംസാരിക്കുന്നു.
അവാർഡ് പ്രചോദനമാണ്
ഏതൊരു ആർട്ടിസ്റ്റിനായാലും ഏത് മേഖലയിൽ ജോലിചെയ്യുന്നവർക്കായാലും അവാർഡ് പ്രചോദനവും പ്രോത്സാഹനവുമാണ് ആ അവാർഡാണ് അവരുടെ ജോലിയെ അവരുടെ മികവിനെ പരിപൂർണമായി നിർണയിക്കുന്നതെന്നൊന്നും വിശ്വസിക്കുന്നില്ല.ഒരുപക്ഷേ നമ്മൾ കാണുന്ന മികവായിരിക്കില്ല ജൂറി കാണുന്നത്.ജൂറിക്ക് മുന്നിൽ എത്തുന്ന സിനിമകളും ചില കഥാപാത്രങ്ങളും ആ സമയവും.ഇതെല്ലാമാണ് ഒരു അവാർഡ് നിർണയം. വ്യക്തിപരമായി സന്തോഷം തരുന്നതും ഊർജം തരുന്നതുമാണ് ഓരോ അവാർഡും.

തിലോത്തമ ഷോമിനൊപ്പവുംരൺവീർ ഷോരെക്കൊപ്പവും
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന തിലോത്തമ ഷോമിനൊപ്പവും രൺവീർ ഷോരെയ്ക്കൊപ്പവും മത്സരിക്കാൻ സാധിച്ചുവെന്നത് ഈ അവാർഡിനെ സ്പെഷ്യലായി കാണുന്നതിന് കാരണമാണ്.ലോകത്തുള്ള ഒട്ടുമിക്ക നടിമാരുടെ കൂടെയും മത്സരിക്കാൻ സാധിച്ചു. അതിൽ നിന്നു അവാർഡിന് അർഹമായത് ഞാനെന്നത് കൂടുതൽ സന്തോഷം തരുന്നുണ്ട്
കനിയും ഖദിജയും തമ്മിൽ വലിയ ദൂരമുണ്ട്
ഖദീജയെ ആദ്യം കേട്ടപ്പോൾ എനിക്ക് കണക്ട് ചെയ്യാൻ സാധിച്ചില്ല. എന്റെ ലോകവും ഖദീജയുടെ ലോകവും ഒരുപാട് ദൂരമുണ്ട്. എനിക്ക് ഒട്ടും പരിചയമില്ലാത്ത വഴികളിലൂടെയാണ് ഖദീജ കടന്നുപോകുന്നത്.ഖദീജ പ്രതിസന്ധികളെ നേരിടുന്നത് പോലെയല്ല കനി നേരിടുക. കടൽ തീരത്ത് താമസിക്കുന്ന ഖദീജയുടെയും ഉമ്മയുടെ ജീവിതത്തിൽ അപ്രതീഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ബിരിയാണി പറയുന്നത്.
 
 
അഭിപ്രായ വ്യത്യാസങ്ങളോടെ ഖദീജയിലെത്തി
എനിക്ക് പരിചയമില്ലാത്ത പല കഥാപാത്രങ്ങൾ ഞാൻ മുൻപും ചെയ്തിട്ടുണ്ട്. ഖദീജയെ കേൾക്കുന്ന സമയത്ത് ഞാൻ മാനസികമായി തളർന്നിരിക്കുന്ന ഒരു അവസ്ഥയിലായിരുന്നു.അതുകൊണ്ട് തന്നെ ഒരു ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ ആത്മവിശ്വാസം ഇല്ലായിരുന്നു. സജിൻ (സംവിധായകൻ സജിൻ ബാബു ) ആദ്യം ബിരിയാണിയെ കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ റെഡിയായിരുന്നില്ല. അതങ്ങനെ തുറന്നു പറയുകയും ചെയ്തു.എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം അതേ പ്രോജക്ട് എന്റെ മുന്നിലേക്ക് വീണ്ടും വരികയായിരുന്നു. എന്റെ എല്ലാ മാനസികാവസ്ഥയും മനസിലാക്കി ഞങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യസങ്ങളെല്ലാം ഉൾകൊണ്ടുകൊണ്ടാണ് ബിരിയാണി ചെയ്യാമെന്ന തിരുമാനത്തിലെത്തുന്നത്.
കനിയെ സ്വതന്ത്ര സിനിമകളിലാണ് കൂടുതലും കണ്ടിട്ടുള്ളത്.. മുഖ്യധാര ചിത്രങ്ങൾ തിരഞ്ഞെടുക്കാത്തതാണോ?
അയ്യോ...ഒരിക്കലും മുഖ്യധാരാ ചിത്രങ്ങൾ തിരഞ്ഞെടുക്കാത്തതല്ല. തുടക്കത്തിൽ ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ടായിരുന്നു. നാടകത്തിന്റെ തിരക്കുള്ള സമയങ്ങളിലെല്ലാം ഇതേപോലെ വരുന്ന അവസരങ്ങൾക്ക് നോ പറയേണ്ടിവന്നിട്ടുണ്ട്. വിനീതേട്ടന്റെ ഹൃദയത്തിലും മഹേഷേട്ടന്റെ മാലിക്കിലുമെല്ലാം എന്നെ കാസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു പക്ഷേ ചില കാരണങ്ങൾ കൊണ്ട് എനിക്ക് അതൊന്നും ചെയ്യാൻ സാധിച്ചില്ല. മുഖ്യധാരാ ചിത്രങ്ങളിലൂടെയാണ് എന്റെ സിനിമ ജീവിതം തുടങ്ങുന്നത്.കേരള കഫേ,ശിക്കാർ,കോക്ക്ടെയ്ൽ തുടങ്ങിയ മുഖ്യധാര ചിത്രങ്ങളിൽ കഥാപാത്രം ഞാൻ ചെയ്തിട്ടുണ്ട്. ഓഡിഷനു വിളിക്കുമ്പോൾ ഞാൻ ഇപ്പോഴും അയക്കാറുണ്ട്.എന്നാൽ എന്നെ അറിയാം ,വിളിക്കാമെന്നൊക്കെ പറയും. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അറിയപ്പെടുന്ന നടിമാരാണേലും ഓഡിഷനിൽ വിളിച്ച് കഥാപാത്രത്തിന് ചേരുന്നതാണോയെന്ന് നോക്കണമെന്ന്. അല്ലാതെ മുൻ വിധികളോടെ ഒന്നിനെയും കാണരുത്.

 നടിയെന്ന പ്രിവിലേജ്  ആസ്വദിക്കാറുണ്ടോ ?
എല്ലാ പ്രിവിലേജുകളും ആളുകൾ അറിഞ്ഞോ അറിയാതെയോ ആസ്വദിക്കാറുണ്ട്. എന്റെ കാര്യത്തിൽ പറയുകയാണേൽ ഞാൻ കേരളത്തിൽ അധികം ഇല്ലാത്തത് കൊണ്ട് അത് പറയാൻ കഴിയില്ല. അഭിനയിക്കുക എന്ന കാര്യം വ്യക്തിപരമായ ജീവിതത്തെ പ്രതിഫലിപ്പിക്കാറുണ്ട്. അത് ഞാൻ ആസ്വദിക്കാറുമുണ്ട്.പൊതുവെ പ്രിവിലേജ് ആസ്വദിക്കുന്നത് അത്ര നല്ല പ്രവണതയായി തോന്നാറില്ല. അപ്പോൾ ആരും അറിഞ്ഞുകൊണ്ട് അത് ആസ്വദിക്കില്ലലോ.
സിനിമ എളുപ്പമാണ്,ഇഷ്ടം നാടകത്തോട്
അഭിനയിക്കാൻ എനിക്ക് നടി എന്ന നിലയിൽ സിനിമയാണ് എളുപ്പമായി തോന്നിട്ടുള്ളത്. കാരണം നമുക്ക് ശരിയാവുന്ന ഒരു ടേക്ക് അത് റെക്കോർഡ് ചെയ്യപ്പെടും. പിന്നെ എന്നെന്നേക്കുമായി ആ പെർഫോമൻസ് അവിടെ പതിഞ്ഞു.പിന്നിട് അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല.പക്ഷേ നാടകത്തിനെ സംബന്ധിച്ച് അങ്ങനെയല്ല.ഓരോ തവണ പെർഫോം ചെയ്യുമ്പോഴും നമ്മൾ ശ്രദ്ധിക്കണം. കൂടുതൽ കഠിനാധ്വാനവും അർപ്പണവും വേണ്ടത് നാടകത്തിനാണ്.നാടകത്തിന്റെ പ്രോസസാണ് ഇഷ്ടം. ആ ഒരു കാര്യത്തിൽ നാടകത്തിന്റെ ഏഴയലത്ത് സിനിമ വരില്ലയെന്ന് തോന്നിയിട്ടുണ്ട്.

 മലയാള സിനിമ ഉപേക്ഷിക്കുമെന്ന്എപ്പോഴോ പറഞ്ഞിട്ടുണ്ടെന്ന് കേട്ടു?
അങ്ങനെയൊരു കാര്യം ഞാൻ പറഞ്ഞിട്ടില്ല. പതിനഞ്ചു പതിനാറു വയസിൽ എനിക്ക് വന്ന സിനിമ ഓഫറുകളിൽ നല്ലതല്ലാത്ത ചില ഓർമ്മകൾ ഉണ്ടായത് കൊണ്ട് 2002 മുതൽ 2010 വരെ ഞാൻ സിനിമ ചെയ്യാതിരുന്നിട്ടുണ്ട്. പിന്നീട് കേരളം കഫേയാണ് ചെയ്തത്. ആ ഗ്യാപ്പിനെക്കുറിച്ച് ഞാൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണ്.
ഡബ്യു.സി.സി മാറ്റങ്ങൾ സ്വാഗതംചെയ്യുന്ന സംഘടനയാണ്
ഡബ്യു.സി.സി എന്നൊരു സംഘടന എന്തുകൊണ്ടും നല്ലതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പ്രിവിലേജുകൾ ഉള്ള നടിമാർ തന്നെയാണ് ഡബ്യു.സി.സിയിലുള്ളത്. അങ്ങനെയാണെങ്കിലും അതിനെല്ലാം മാറ്റം വരാൻ സാധ്യതയുണ്ട്. മാറാൻ ആഗ്രഹിക്കുന്ന ഒരു സംഘടനയും കൂടിയാണ് ഡബ്യു സി സിയെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അങ്ങനെയൊരു സംഘടന ഇല്ലാതിരിക്കുന്നതിനേക്കാൾ നല്ലത് തന്നെയാണ് അങ്ങനെയൊരു സംഘടനയുള്ളത്.
ഒ .ടി .ടി സ്വതന്ത്ര സിനിമകൾക്ക് സഹായകമാകും
സ്റ്റാർ കാസ്റ്റുകളില്ലാത്ത സ്വതന്ത്ര സിനിമകൾ വിതരണം ചെയ്യാൻ ഒ .ടി .ടി പ്ലാറ്റുഫോമുകളുള്ളത് കൂടുതൽ സഹായകമാകും.സെൻസറിംഗിന്റെ കടന്നുകയറ്റം ഇല്ലാത്തത്കൊണ്ട് തന്നെ പല വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്ലാറ്റഫോമായി ഒ .ടി .ടിയെ കാണുന്നത്. ഒ ടി ടിയിലെ കണ്ടന്റുകളുടെ ക്വാളിറ്റി നിലനിറുത്തി പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

 ദളിത് കലാകാരന്മാർക്ക്അവസരങ്ങൾ കൊടുക്കുന്നില്ല
ദളിത് നടിമാരെയോ നടന്മാരെയോ മലയാള സിനിമയിൽ കാണാൻ സാധികുന്നില്ലായെന്നത് സത്യമായ കാര്യമാണ്. എന്റെ ദളിത് കലാകാരന്മാരായ സുഹൃത്തുക്കൾ പറയുന്നത് കേട്ടിട്ടുണ്ട്.അവർ ഓഡിഷന് അയക്കുമ്പോൾ അവരെയൊന്നും പരിഗണിക്കാറു പോലുമില്ലായെന്ന്. ദളിത് വിഭാഗത്തിൽ നിന്ന് വന്ന് സിനിമയിൽ നിലകൊള്ളുന്നത് വളരെ ചുരുക്കംപേരാണ്. എണ്ണത്തിൽ കുറവ് മാത്രമല്ല അവർക്ക് അതിനുള്ള അവസരങ്ങൾ നിഷേധിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്.
സ്ത്രീവിരുദ്ധ പരാമർശങ്ങൾ മലയാള സിനിമ ഇപ്പോഴും ആഘോഷമാക്കാറുണ്ട്
ഇപ്പോഴും ഒരു മാറ്റവുമില്ലാതെയാണ് മലയാള സിനിമയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആഘോഷമാക്കാറുള്ളത്. അതിനെ കുറിച്ച് സംസാരിക്കുന്നതും അത് തെറ്റാണെന്ന് ചുണ്ടിക്കാണിക്കുന്നവരുടെയും എണ്ണം കൂടിയതിൽ സന്തോഷമുണ്ട്.അതുപോലെ മലയാള സിനിമയിലെ ആൺകോയ്മകൾ മുഴുവനായും പോയതായി തോന്നിയിട്ടില്ല. അതെല്ലാം ആഘോഷമാക്കുന്ന സിനിമകൾക്ക് ഇപ്പോഴും ഇവിടെ ആരാധകരുണ്ട്.
തുറന്നു സംസാരിക്കുന്ന പെൺകുട്ടികളോട് മമതയില്ല
തുറന്നു സംസാരിക്കുന്ന പെൺകുട്ടികൾക്ക് എപ്പോഴും നേരിടേണ്ടിവരുന്ന ചില കാര്യങ്ങളുണ്ട്. സിനിമയിലാണെങ്കിൽ സംസാരിക്കുന്ന പെൺകുട്ടികൾ വേണ്ടായെന്നും അത് പണിയാകുമെന്നും പറയുന്നവരാണ് കൂടുതലും. ഞാൻ മാത്രമല്ല എന്റെ കൂടെ ഉള്ള പെൺകുട്ടികളായാലും തുറന്നു സംസാരിക്കുന്നതിന്റെ പേരിൽ മറ്റുള്ളവർ മമതയില്ലാത്ത മനോഭാവം കാണിക്കുന്നതായി തോന്നിയിട്ടുണ്ട്. അതുപോലെ ഫേസ്ബുക്ക് ആങ്ങളമാർ ഒരുപാട് വളർന്നു.അവരെയിനി തിരുത്തുക എന്നത് എളുപ്പമല്ല. ഇനിയുള്ള തലമുറയെങ്കിലും ബഹുമാന പുരസരം അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന വ്യക്തികളായി മാറ്റിയെടുക്കേണ്ട ഉത്തരവാദിത്തം നമുക്ക് കൂടിയുള്ളതാണ്.

കനിയുടെ  ഇപ്പോഴുള്ള  ജീവിതത്തിൽമൈത്രേയന്റെയും ജയശ്രീയുടെയും  പങ്ക്
മൈത്രയന്റെയും ജയശ്രീ ചേച്ചിയുടെ ജീവിതം എന്ന് പറഞ്ഞാൽ അതെന്റെ ജീവിതം കൂടിയാണ്.ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ പോസിറ്റീവായി മാത്രമാണ് അവർ ഉണ്ടായിട്ടുള്ളത്.എന്റെ ചിന്ത വളർത്താനും ഞാൻ ചിന്തിക്കുന്നതിലെ ശരിയും തെറ്റും മനസിലാക്കാനും, വേറെരാൾ ഒരു കാര്യം ചെയ്യുന്നതിൽ അവരുടെ വശം മനസിലാക്കാനുമുള്ള തരത്തിൽ എന്റെ മനസ്സ് വികസിപ്പിക്കാൻ സഹായിച്ചത് മൈത്രേയനും ജയശ്രീ ചേച്ചിയും തന്നെയാണ്. അവരുടെ അടുത്തുപോലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ ബഹുമാനത്തോടുകൂടി സംസാരിക്കാനുള്ള ഭാഷ എന്നിൽ വളർത്തിയെടുത്തത് അവരാണ്. ഒരു പെൺകുട്ടിയായി ഇവിടെ ജനിച്ചതുകൊണ്ടും പലതരത്തിലുള്ള പീഡനങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതുകൊണ്ടും എവിടെ നോ പറയണമെന്ന് പഠിപ്പിച്ചതും അവരാണ്. അവർ വളർത്തിയ പോലെ വേണ്ടവിധത്തിൽ എനിക്ക് ശോഭിക്കാൻ കഴിഞ്ഞില്ലെന്നാണ് തോന്നിയിട്ടുള്ളത്. മൈത്രേയൻ പലപ്പോഴും പറയാറുണ്ട് ആരെയും വിഷമിപ്പിക്കരുതെന്ന് പക്ഷേ ഞാൻ പലപ്പോഴും കൂടെയുള്ളവരെ വിഷമിപ്പിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ അവർ പഠിപ്പിച്ചുതന്നത് പോലെ പൂർണമായി എനിക്ക് വളരാൻ സാധിച്ചിട്ടില്ല. എന്റെ ഉള്ളിലുള്ള നന്മയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് അവരാണ് .