
ദിനരാത്രങ്ങൾ എന്ന സിനിമയുടെ ഷൂട്ടിംഗ് വയനാട്ടിൽ നടക്കുന്ന സമയം. ജോഷിയാണ് സംവിധായകൻ. ഡെന്നീസ് ജോസഫിന്റേതാണ് തിരക്കഥ. നായകൻ മമ്മൂട്ടി. സുമലതയായിരുന്നു മമ്മൂട്ടിയുടെ നായിക. എന്റെ നായിക പാർവതിയും. വയനാട്ടിലെ കല്പറ്റയായിരുന്നു ദിനരാത്രങ്ങളുടെ പ്രധാന ലൊക്കേഷൻ. അവിടെ അന്ന് പരിമിതമായ താമസ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്നുള്ളൂ. കുറേ മുറികളുള്ള ഒരു ഹോട്ടലിലായിരുന്നു ഞാനും കുഞ്ചനും വിജയരാഘവനും മോഹൻ ജോസുമൊക്കെ താമസിച്ചിരുന്നത്. അടുത്തടുത്തുള്ള മുറികളിലായിരുന്നു ഞങ്ങളുടെയൊക്കെ താമസം.
വയനാട്ടിൽ ഞാൻ ആദ്യമായാണ് ഷൂട്ടിംഗിനായി പോകുന്നത്. മിക്ക ലൊക്കേഷനുകളും കാടിനകത്തു തന്നെയായിരുന്നു. ശരിക്കുള്ള ആദിവാസികളെ കൂടി ചിത്രീകരണത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ജോഷിയേട്ടന്റെ ആഗ്രഹം. സിനിമ കാണുമ്പോൾ ശരിക്കും ഒരു ഘോരവനത്തിൽ വച്ചു തന്നെയാണ് ചിത്രീകരിച്ചതെന്ന് പ്രേക്ഷകർക്ക് തോന്നാൻ വേണ്ടിയായിരുന്നു അത്.
ആദിവാസി മേഖലകളിലൊക്കെ ചിത്രീകരിക്കാനുള്ള അനുവാദം വാങ്ങിയെങ്കിലും ചിത്രീകരണ സംഘമെത്തിയതിന് ശേഷം ഒറ്റ ആദിവാസികളെപ്പോലും ആ പ്രദേശത്തെങ്ങും മഷിയിട്ട് നോക്കിയിട്ടും കാണാൻ കഴിഞ്ഞില്ല.
ഏതെങ്കിലും വാഹനത്തിന്റെ ശബ്ദം കേട്ടാൽ മതി എവിടെയെങ്കിലും മറഞ്ഞ് നില്ക്കുന്ന ആദിവാസികൾ ഉൾക്കാട്ടിലേക്ക് ഓടി മറയും.
ഇവർ നല്ല ആൾക്കാരാണ് ഒരു കുഴപ്പവുമില്ല നിങ്ങളെ ദ്റോഹിക്കാൻ വേണ്ടി വന്നതല്ല നിങ്ങളെയൊക്കെ സിനിമയിൽ കാണിക്കുമെന്നൊക്കെ അവരുടെ ആൾക്കാരെക്കൊണ്ടുതന്നെ അവരെ ബോധവല്ക്കരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒന്നോ രണ്ടോ ആദിവാസികൾ വന്നാൽത്തന്നെ ലൈറ്റ് ഓൺ ചെയ്താലുടൻ അവർ ഓടി മറയും. ഞങ്ങളുമായി ഇടപഴകാൻ അവർക്ക് ഒട്ടും കഴിയുന്നുണ്ടായിരുന്നില്ല.
ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഒറിജിനൽ ആദിവാസികളെക്കൊണ്ട് അഭിനയിപ്പിച്ചെടുക്കാമെന്ന മോഹം ജോഷിയേട്ടൻ ഉപേക്ഷിച്ചു. അങ്ങനെ ജൂനിയർ ആർട്ടിസ്റ്റുകളെ ആദിവാസികളുടെ വേഷമണിയിപ്പിച്ചെടുത്തു.എല്ലാ ദിവസവും എല്ലാവർക്കും ഷൂട്ടിംഗ് കാണില്ല. സ്വന്തം കാറിലൊന്നുമല്ല ഞങ്ങളാരും കല്പറ്റയിലെത്തിയിരിക്കുന്നത്. കോഴിക്കോട് ട്രെയിനിൽ ചെന്നിറങ്ങി അവിടെ നിന്ന് പ്രൊഡക്ഷൻ കാറിലായിരുന്നു തുടർന്നുള്ള യാത്ര.കല്പറ്റയിൽ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ലൊക്കേഷനിലേക്ക് ഒരുപാട് ദൂരമുണ്ടായിരുന്നു. പ്രൊഡക്ഷൻ കാറുകൾ മിക്കപ്പോഴും ലൊക്കേഷനിലായിരിക്കും. എങ്ങോട്ട് തിരിഞ്ഞാലും പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശമാണ് വയനാടും കല്പറ്റയുമൊക്കെ. അവിടത്തെ സ്ഥലങ്ങൾ കാണാൻ ഷൂട്ടിംഗില്ലാത്തപ്പോൾ ഞങ്ങൾ ടാക്സി പിടിച്ചാണ് പോയിരുന്നത്. ഷൂട്ടിംഗ് ഇല്ലെന്നുറപ്പിച്ചശേഷം ഷൂട്ടിംഗ് ഇല്ലാത്തവരെല്ലാം കൂടി അത്തരം ചില ടൂർ പരിപാടികൾ നടത്തിയിരുന്നു. രാവിലെ പോയിട്ട് ഉച്ചയൂണിന്റെ നേരമാകുമ്പോൾ തിരിച്ചെത്തും. കണ്ടിട്ടില്ലാത്ത ഉൾപ്രദേശങ്ങളിലേക്കായിരിക്കും മിക്കവാറും യാത്ര. അതൊക്കെ ടാക്സി ഡ്രൈവറോട് നേരത്തെ പറഞ്ഞുറപ്പിച്ചിരിക്കും.
ദിനരാത്രങ്ങളുടെ ഷൂട്ടിംഗ് കുറേയേറെ ദിവസങ്ങളുണ്ടായിരുന്നു.രാവിലെ ഞങ്ങൾ ലൊക്കേഷനിലേക്ക് പോകുമ്പോഴും വൈകിട്ട് തിരിച്ചെത്തുമ്പോഴുമൊക്കെ ഒരാൾ പതിവായി ഹോട്ടലിന്റെ പരിസരത്ത് ചുറ്റിത്തിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ കല്പറ്റയിലുള്ളതാ.... കുറച്ച് ഉള്ളിലോട്ടാ വീട്. രണ്ടുമൂന്ന് ദിവസമായി ഞാനിവിടെ വരുന്നുണ്ട്. നിങ്ങളിവിടെയുണ്ടെന്നറിഞ്ഞിട്ട് വന്നതാ. എന്റെ വീട്ടിലേക്ക് ഒരുപാട് ദൂരമൊന്നുമില്ല. ഞാൻ ബസ്സിലാ വരുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹമുണ്ട്.""
അയാൾ പാതിവഴിക്ക് നിറുത്തിയപ്പോൾ ഞാൻ ചോദിച്ചു. ''അതെന്താണ് അത്രയും വലിയ ആഗ്രഹം?""
''നിങ്ങളെന്റെ വീട് വരെയൊന്ന് വരണം""അയാളുടെ വീട്ടിൽ പോകുന്നില്ലെന്ന് ഞാൻ മനസ്സിലുറപ്പിച്ചു.
നമ്മുടെ ഷൂട്ടിംഗിന്റെ കാര്യമൊന്നും പറയാൻ പറ്റില്ല. നിങ്ങളുടെ വീട്ടിൽ വരാനൊക്കെ താല്പര്യമാണ്. നിങ്ങൾ ഇത്രയും ആത്മാർത്ഥതയോടെ ആരാധനയോടെ വിളിക്കുമ്പോൾ വരുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ, നിങ്ങളുടെ വീട്ടിലേക്ക് ഞങ്ങൾ വരുന്ന സമയത്തായിരിക്കും ഷൂട്ടിംഗിന് വിളിക്കുന്നത്. അതുകൊണ്ട് മുഴുവൻ സമയവും ഞങ്ങൾ ഇവിടെത്തന്നെ വേണം. ഏത് സമയത്താണ് വിളി വരുന്നതെന്ന് പറയാൻ പറ്റില്ല. ഷൂട്ടിംഗിന് രാവിലെ പോയാൽ രാത്രിയാണ് തിരിച്ചുവരുന്നത്."" അയാളെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ഞാൻ പറഞ്ഞു.
''ഷൂട്ടിംഗ് ഇല്ലെന്ന ഉറപ്പ് കിട്ടുന്ന അങ്ങനെ ഏതെങ്കിലും ദിവസം വന്നാലോ.""അയാൾ വീണ്ടും അപേക്ഷിക്കുംപോലെ അന്വേഷിച്ചു.
''ഞാൻ ചോദിച്ചു നോക്കട്ടെ. അങ്ങനെ ഏതെങ്കിലും ദിവസം വന്നാൽ...."" അവരങ്ങനെ പറയത്തില്ല. എങ്കിലും അങ്ങനെ ഒരു ദിവസം വന്നാൽ ആ ദിവസം വരാം"" ഞാൻ അലസമട്ടിൽ പറഞ്ഞു.
''ശരി... എന്നാൽ ഞാൻ എല്ലാ ദിവസവും രാവിലെ വരാം.""അയാൾ പറഞ്ഞു.
''എല്ലാ ദിവസവും വരണ്ട. ഇനി മിക്ക ദിവസവും ഷൂട്ടിംഗ് ഉണ്ട്. ഇടയ്ക്കും മുറയ്ക്കും നിങ്ങൾ വന്ന് അന്വേഷിച്ചാൽ മതി."" ഞാൻ വീണ്ടും അലസമട്ടിൽ പറഞ്ഞു.
''നിങ്ങൾ മാത്രം പോരാ. വിജയരാഘവനും കുഞ്ചനും മോഹൻ ജോസുമെല്ലാം വേണം"" അയാളുടെ ആവശ്യം കേട്ടപ്പോൾ ഞാൻ ചോദിച്ചു : ''ഞങ്ങളെല്ലാവരും കൂടി എങ്ങനെയാ വരുന്നത് ""
''ഞാൻ എല്ലാ ദിവസവും ടാക്സിയിലാ വരുന്നേ""അയാൾ പറഞ്ഞതു കേട്ട് ഞാൻ ഞെട്ടി. ""ബസിലാ വരുന്നതെന്നല്ലേ നിങ്ങൾ പറഞ്ഞത്.
''അല്ലല്ല... ഞാൻ വീടിനടുത്ത് നിന്ന് ഒരു ടാക്സി പിടിച്ചാ വരുന്നത്. നിങ്ങൾക്ക് എന്റെ വീട്ടിലേക്ക് വരുന്നുവെന്ന് പറഞ്ഞാൽ പിന്നെ ടാക്സി അന്വേഷിച്ച് ഓടണ്ടല്ലോ.
ഹോട്ടലിലെ റിസപ്ഷനിസ്റ്റും എന്നോട് പറഞ്ഞു: '' എല്ലാ ദിവസവും ടാക്സിയിലാ വരുന്നത്. ഞാൻ പറഞ്ഞു സാറേ. ഇവിടുന്ന് അരമണിക്കൂറിൽ കൂടുതൽ നേരത്തെ യാത്രയുണ്ട്. ഇയാളുടെ വീട്ടിലേക്ക്. അവിടെ നിന്ന് ബസ്സുണ്ട് ഇങ്ങോട്ട്. പക്ഷേ, എന്നാലും ഇയാള് ടാക്സിയിലേ വരൂ... എന്ത് ചെയ്യാനാ?""
''എന്തായാലും ടാക്സിക്കാരന് നല്ല കോള്. രാവിലെ ഇവിടെ വന്ന് ടാക്സിയൊതുക്കി വെറുതേ കിടക്കുക. വൈകുന്നേരം തിരിച്ച് പോകുക. ഓട്ടം കിട്ടാത്ത അയാൾക്ക് ഇപ്പോ എല്ലാ ദിവസവും ഓട്ടമായി."" റിസപ്ഷനിസ്റ്റ് വീണ്ടും പറഞ്ഞു.
എനിക്കപ്പോൾ മനസ്സിൽ ചെറിയൊരു വിഷമം തോന്നി. അയാളോട് വരാമെന്ന് പറയേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി. അയാളങ്ങ് പൊയ്ക്കൊള്ളുമെന്നാണ് ഞാൻ വിചാരിച്ചത്.
'' എന്താ പേര് പറഞ്ഞത്?"" അയാളെ മാറ്റി വിളിച്ച് ഞാൻ ചോദിച്ചു.
''രവീന്ദ്രൻ""
''രവീന്ദ്രൻ ഒരു കാര്യം മനസ്സിലാക്ക്. ഒന്നാമത് ഞങ്ങൾ അഞ്ചുപേരെയും കൂടി ഒന്നിച്ച് കിട്ടാൻ പാടാ. രണ്ടാമത് ഞങ്ങൾ അറിയാത്ത ഒരാളുടെ വീട്ടിലൊന്നും പോകാൻ പാടില്ല. ഞങ്ങൾ സിനിമാനടന്മാരാണ്. അരമണിക്കൂറിൽ കൂടുതൽ യാത്ര ചെയ്ത് പരിചയമില്ലാത്ത ഒരു സിനിമാനടനെയും കണ്ടിട്ടില്ലാത്ത കുഗ്രാമത്തിലേക്കൊക്കെ ഞങ്ങൾ വരുന്നത് മണ്ടത്തരമല്ലേ. ആൾക്കാർ ശല്യപ്പെടുത്തിയാൽ അവിടെ നിന്ന് ഉൗരി വരാൻ പാടാ. പിന്നെ നിങ്ങളെന്തിന് പരിചയമില്ലാത്ത ഇയാളുടെ കൂടെ ഇവിടെ വന്നുവെന്ന ചോദ്യം വരും.""
ഞാനെന്തൊക്കെ പറഞ്ഞിട്ടും അയാൾ സമ്മതിച്ച് തരുന്ന മട്ടില്ല.
''നിങ്ങളുടെ വീട്ടിലാരൊക്കെയുണ്ട്?''
''അമ്മയുണ്ട്. സുഖമില്ലാതിരിക്കുകയാ. അച്ഛൻ ജോലിക്ക് പോകും. ഒരനിയനും അനിയത്തിയുമുണ്ട്.""
''നിങ്ങൾ കല്യാണം കഴിച്ചതാണോ?""അല്ല.''വീട്ടുകാരെ ഒരു ടാക്സിയിൽ ഇങ്ങോട്ടു കൊണ്ടുവാ.... പ്രശ്നം തീർന്നില്ലേ... ഇവിടെ വച്ച് കണ്ട് സംസാരിച്ച് ഒരു ചായയൊക്കെ കുടിച്ച് പിരിയാം.""ഞാൻ മുന്നോട്ട് വച്ച ആ ഉപായത്തിലും അയാൾ വീണില്ല.
'' നിങ്ങളൊക്കെ എന്റെ വീട്ടിലേക്ക് വരുന്നതല്ലേ എനിക്കൊരു വെയ്റ്റ് ""
എത്രയോ പേർ നിങ്ങളെയൊക്കെ ലൊക്കേഷനിൽ വന്നു കാണുന്നു. അവർക്കെന്ത് വെയ്റ്റ്. നിങ്ങൾ എന്റെ വീട്ടിൽ വരുന്നുവെന്ന് പറഞ്ഞാൽ ആ വെയിറ്റ് തലമുറകൾ കടന്നു നിലനില്ക്കും. സിനിമാ നടന്മാർ വന്ന വീടാണ് എന്റെ വീടെന്ന് എല്ലാവരും അറിയപ്പെടും.'അതിലെനിക്ക് ഉത്തരം മുട്ടിപ്പോയി. ഞാൻ പറഞ്ഞു: "ഇന്നെന്തായാലും നടക്കില്ല.ഞാൻ പറയാം.
രാത്രി ഞാൻ വിജയരാഘവനോടും കുഞ്ചനോടും മോഹൻജോസിനോടുമൊക്കെ രവീന്ദ്രനെക്കുറിച്ച് പറഞ്ഞു. വീട്ടിലേക്ക് വരണമെന്ന് പറഞ്ഞു. വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ്, അയാൾ വിടാതെ പിടികൂടിയിരിക്കുന്ന കാര്യവും. അയാൾ വലിയ കാശുകാരനൊന്നുമല്ല. ചെറിയ രീതിയിൽ ഏലവും കാപ്പിയുമൊക്കെ കൃഷി ചെയ്യുന്നുണ്ടെന്ന് പറയുന്നു. കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശൊക്കെ ആ ടാക്സിക്കാരൻ അടിച്ചോണ്ടു പോകുന്നു. നമുക്കയാളുടെ ആഗ്രഹം സാധിച്ചുകൊടുത്താൽ പിന്നെ വെറുതെ അയാൾ ടാക്സിക്കാരന് കാശ് കൊടുക്കില്ലല്ലോ!
ഞാൻ ആ പറഞ്ഞത് ശരിയാണെന്ന് എല്ലാവർക്കും തോന്നി.''നാളെ എന്തായാലും നമുക്ക് ഷൂട്ടിംഗ് കാണാൻ സാധ്യത കുറവാ... നമുക്കൊന്ന് അയാളുടെ വീടുവരെ പോയാലോ?""ഞാൻ ചോദിച്ചു. എല്ലാവരും സമ്മതിച്ചു.പിറ്റേന്ന് രാവിലെ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് നോക്കുമ്പോൾ രവീന്ദ്രൻ ടാക്സിയിൽ വരുന്നത് കണ്ടു. ഒരു പ്രതീക്ഷയുമില്ലാതെയായിരുന്നു രവീന്ദ്രന്റെ വരവ്. ഞങ്ങളെല്ലാം റെഡിയാകുന്നത് കണ്ടപ്പോൾ റിസപ്ഷനിസ്റ്റിന് എന്തോ മണത്തു.
''രവീന്ദ്രാ, കോളടിച്ചല്ലോ. അഞ്ച് സിനിമാ നടന്മാരെയല്ലേ ഒന്നിച്ച് അടിച്ചോണ്ട് പോകുന്നത്.""
ഒരിക്കലും ഞങ്ങൾ വീട്ടിലേക്ക് ചെല്ലുമെന്ന് രവീന്ദ്രൻ വിചാരിച്ചിരുന്നില്ല. പെട്ടെന്ന് വരുമെന്നറിയിച്ചപ്പോഴുള്ള പരിഭ്രമം മറച്ച് ടാക്സിഡ്രൈവറോട് രവീന്ദ്രൻ പറഞ്ഞു: 'ഇവരെല്ലാം വീട്ടിലോട്ട് വരികയാ."
'ചുമ്മാ.."
ഒരു സിനിമാനടനും കയറിയിട്ടില്ലാത്ത തന്റെ കാറിലേക്ക് നാലഞ്ച് സിനിമാ നടന്മാർ ഒരുമിച്ച് കയറുന്നതിന്റെ അമ്പരപ്പിലായിരുന്നു ടാക്സിഡ്രൈവർ.
'വലിയ സ്പീഡൊന്നും വേണ്ട. സ്ഥലം കാണാനും കൂടിയാ പോകുന്നേ" ഞാൻ ഡ്രൈവറോട് പറഞ്ഞു.ഹോട്ടലിൽ നിന്ന് പുറപ്പെട്ടപ്പോൾ മുതൽ ടാക്സിക്ക് വല്ലാത്ത ശബ്ദം.
'കാറിനെന്തെങ്കിലും കുഴപ്പമുണ്ടോ?"
'എന്റെ ചോദ്യത്തിന് ടാക്സി ഡ്രൈവറും രവീന്ദ്രനും ഒരുമിച്ചാണ് മറുപടി പറഞ്ഞത്: " ഇല്ല സർ.."
വഴിയ്ക്കിരുവശത്തും ആൾക്കാർ വലിയ ശബ്ദമുണ്ടാക്കി പോകുന്ന കാറിനെ അന്തംവിട്ടു നോക്കുന്നുണ്ട്.
പുത്തരിയിൽ കല്ല് കടിച്ച പോലെ ഞങ്ങൾ തമ്മിൽത്തമ്മിൽ നോക്കി. പെട്ടെന്നാണ് കാറ് നിന്നത്.
'ഇപ്പോ ശരിയാക്കാം." ഡ്രൈവർ പെട്ടെന്ന് ചാടിയിറങ്ങി കാറിന്റെ ബോണറ്റ് തുറന്നു. അങ്ങനെയൊരു കാറിന്റെ എഞ്ചിൻ അതുവരെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. പലതും മഞ്ഞ പ്ളാസ്റ്റിക് കയർ കൊണ്ട് കെട്ടിവച്ചിരിക്കുകയാണ്.
'എന്തായാലും ഇവിടെ വച്ച് ഇത് കണ്ടത് നന്നായി. അവിടെയെത്തിയ ശേഷമാണ് കാർ കേടായിരുന്നതെങ്കിലോ. ഞങ്ങൾ കുടുങ്ങിപ്പോകില്ലായിരുന്നോ? ഒരു ഫോൺ വിളിക്കാൻ പോലും സൗകര്യമില്ല." ഞാൻ പറഞ്ഞത് കേട്ട് രവീന്ദ്രൻ ടാക്സി ഡ്രൈവറോട് ചൂടായി: ' നിനക്ക് കാറൊന്ന് നന്നാക്കി വച്ചൂടായിരുന്നോ?"
'അരമണിക്കൂർ കിട്ടിയാൽ എല്ലാം കൂട്ടിക്കെട്ടി റെഡിയാക്കാം" ഡ്രൈവർ നിസാരമട്ടിൽ പറഞ്ഞു.
'ഞാനില്ല. ഞങ്ങളാരുമില്ല." ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
'സാറേ.. നിങ്ങളില്ലാതെ ഇനിയെനിക്ക് നാട്ടിലോട്ട് ചെല്ലാൻ പറ്റില്ല. നാട്ടിലെ പഞ്ചായത്ത് ഒാഫീസിൽ വരെ ഞാൻ വിളിച്ച് പറഞ്ഞുകഴിഞ്ഞു." രവീന്ദ്രൻ നിറയാൻ തുടങ്ങിയ കണ്ണുകളോടെ അപേക്ഷാസ്വരത്തിൽ എന്നോട് പറഞ്ഞു.'ഇവിടെ നിന്ന് വേറൊരു കാറ് പിടിക്കാം." രവീന്ദ്രൻ പുതിയ ഒരു ഐഡിയ പറഞ്ഞു.
'രവീന്ദ്രന്റെ കൈയിൽ അതിനുള്ള കാശൊക്കെയുണ്ടോ?" ഞാൻ ചോദിച്ചു.
'ഉണ്ട് സാറേ."
പുതിയ കാർ വന്നു. ശബ്ദം കുറവാണെന്നേയുള്ളൂ. മൊട്ട ടയറൊക്കെയായി ഏത് സമയത്തും പണി കിട്ടാനിടയുള്ള ഒരു വാഹനം.'വലിയ ശല്യമായല്ലോ." ഞാൻ മനസിൽ പറഞ്ഞു.കാർ മുന്നോട്ട് നീങ്ങുകയാണ്. പുതിയ കാറിന്റെ ഡ്രൈവർക്ക് രവീന്ദ്രനെ അത്ര പരിചയമില്ല.പ്രധാന ജംഗ്ഷനിൽ നിന്ന് കാർ ഒരു കുടുസ് വഴിയിലേക്ക് കയറി. ചെങ്കുത്തായ ഒരു കയറ്റം. കാറിന് ബ്രേക്കബ് കിട്ടുമോയെന്ന ടെൻഷനായി എനിക്ക്.
രവീന്ദ്രൻ പെട്ടെന്ന് മൗനത്തിലായി. അനന്തതയിലേക്ക് നോക്കി എന്തോ ചിന്തിക്കുന്ന അയാളോട് ഞാൻ ചോദിച്ചു:'എത്താറായോ?"ഉറക്കത്തിൽ നിന്നുണർന്ന പോലെ രവീന്ദ്രൻ പറഞ്ഞു:
'എത്താറായി."
പെട്ടെന്ന് കടുംപച്ച നിറത്തിലുള്ള പെയിന്റടിച്ച ഒരു രണ്ടുനില വീട് കണ്ടു രവീന്ദ്രൻ പറഞ്ഞു: 'നിറുത്ത്. വീടെത്തി,."
വീടിന്റെ മുന്നിലെത്തിയപ്പോഴാണ് രവീന്ദ്രൻ വീടെത്തിയെന്ന് പറഞ്ഞത്.
കാറിൽ നിന്നിറങ്ങി രവീന്ദ്രൻ ഞങ്ങളെ വീാിലേക്ക് ക്ഷണിച്ചു. അപ്പോഴും അയാളുടെ മുഖത്തെ പരിഭ്രമം മാഞ്ഞിരുന്നില്ല.
ഗേറ്റ് തുറന്ന് രവീന്ദ്രൻ വീടിനുള്ളിലേക്ക് കയറി. രവീന്ദ്രൻ പറഞ്ഞ അമ്മയെയും അനിയനെയും അനിയത്തിയെയുമൊന്നും കാണുന്നില്ല.കയറുമ്പോൾത്തന്നെ വീടിന്റെ അടുക്കള കാണാം. തട്ടമിട്ട ഒരു സ്ത്രീ അവിടെ പുറംതിരിഞ്ഞിരുന്ന് എന്തോ കൊത്തിയരിയുന്നുണ്ട്.
'രണ്ടാമത്തെ നിലയിലോട്ട് പോകാം." രവീന്ദ്രൻ ഞങ്ങളെ ക്ഷണിച്ചു.
'അമ്മ ആശുപത്രിയിൽ പോയി."
രണ്ടാം നിലയിലേക്ക് കയറുന്നതിനിടയിൽ രവീന്ദ്രൻ പറഞ്ഞു.
'ഒരുപാട് താമസിക്കില്ലല്ലോ,,"
'ഏയ്.. ഇപ്പോ വരും."
താഴത്തെ നിലയിൽ നിന്ന് രവീന്ദ്രൻ കസേരയെടുത്തുകൊണ്ട് വന്നു.
'ഇവിടത്തെ ആൾക്കാരൊക്കെ എവിടെപ്പോയി?" രവീന്ദ്രൻ അടുക്കളയിലിരുന്ന സ്ത്രീയോട് ചോദിക്കുന്നത് കേട്ടു.
'ഏതാൾക്കാര്?" അവരുടെ മറു ചോദ്യം.
'ഇൗ വീട്ടിലുള്ള ആൾക്കാര്?"
'അവർ പുറത്തോട്ടുപോയി."
'വന്നിരിക്കുന്നതാരാന്ന് കണ്ടാ?"
'ഞാൻ കണ്ടില്ല."
'മോളിൽ വന്നിരിക്കുന്നത് ആരാന്ന് കണ്ടാ?"'ഇല്ല",
'സിനിമാ നടന്മാരാ. മുകേഷ്, വിജയരാഘവൻ, കുഞ്ചൻ.."'അവരെന്തിനാ മോളിലോട്ട് പോയേ."'നാരങ്ങാ വെള്ളമെട്",നാരങ്ങയില്ല."എന്നാ ചായയെട്.
അവർ ചായയിടാൻ പോയപ്പോൾ താഴേക്കിറങ്ങിച്ചെന്ന ഞാൻ ചോദിച്ചു:
അതാരാ?
' ജോലിക്കാരിയാ... " രവീന്ദ്രൻ പറഞ്ഞു.
ചായയിടാൻപോയ അവർ കുറേനേരം കഴിഞ്ഞാണ് വന്നത്.
' ഇവിടെ പാലും ഒന്നുമിരുപ്പില്ല. " അടുത്തവീട്ടിലെന്തോ വാങ്ങാൻ പോയി വന്ന അവർ എന്നെക്കണ്ട് ഒന്നമ്പരന്നു.
രവീന്ദ്രന്റെെ കാര്യം പറഞ്ഞപ്പോൾ അവരുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നുമുണ്ടായില്ല.'ചായയിട്ടില്ലേ"യെന്ന രവീന്ദ്രന്റെ ചോദ്യം കേട്ട് അവർ ചൂടായി.
'നിങ്ങളാരാ?"ഞാൻ രവീന്ദ്രന്റെ കൈയിൽ കയറിപിടിച്ചു: ഇതാരാ?"
'ഇവിടെ ജോലിക്ക് നിൽക്കുന്നയാളാ!"
'ജോലിക്ക് നിൽക്കുന്നവർക്ക് നിങ്ങളെയറിഞ്ഞൂടേ?"'പുതിയയാളാ."
ഇതാരുടെ വീടാ." 'എന്റെ വീട്." 'രവീന്ദ്രന്റെ വീട്ടിൽ മക്കപള്ളിയുടെ പടമോ?"
'അത് എന്റെ ഫ്രണ്ട്..."
'ടേയ്.. ഇൗ വക കാര്യങ്ങളൊക്കെ ഞാൻ സിനിമയിൽ ചെയ്യുന്നുണ്ട്. എനിക്കറിയാം. സത്യം പറ ഇത് ആരുടെ വീടാ?"
'വീട്ടുകാര് വരുമ്പോ പറഞ്ഞേരെ ഇവിടെയടുത്ത് ഷൂട്ടിംഗുണ്ട്. ഞങ്ങൾ ഇത്തിരി നേരം കയറിയിരിക്കാൻ വന്നതാ. ഒാ.കെ" അടുത്ത വീട്ടിലേക്ക് പാൽ വാങ്ങാനോ മറ്റോ ഒാടിയ ആ സ്ത്രീയോട് വിളിച്ചുപറഞ്ഞിട്ട് ഞങ്ങൾ രവീന്ദ്രനെയുംകൂട്ടി അവിടെനിന്നും സ്ഥലംവിട്ടു.
കാർ കല്പറ്റയിലേക്ക് തിരിച്ചു.
'എന്താ രവീന്ദ്രാ. എന്തൊക്കെയാ നടക്കുന്നത്?" ദേഷ്യം കടിച്ചമർത്തി ഞാൻ രവീന്ദ്രനോട് ചോദിച്ചു.
'സാറേ... എന്റെ വീട് ചെറുതാ."
'ചെറുതാണേലും വലുതാണേലും ഞങ്ങൾ ഇയാളുടെ വീട് കാണാനല്ലേ വരുന്നത്?"
'അല്ല സാറേ..
ഞാൻ കുറെ ആലോചിച്ചു.
പോകുന്നവഴിക്ക് നല്ലൊരു വീട്ടിൽ കയറ്റാമെന്ന് വിചാരിച്ചു. നിങ്ങൾ ചായയും കുടിച്ച് പോകുമെന്നാ ഞാൻ വിചാരിച്ചേ. ആ സ്ത്രീ ഇങ്ങനെയൊക്കെ പെരുമാറുമെന്ന് വിചാരിച്ചില്ല."ഞാൻ ഒന്നും മിണ്ടിയില്ല.
'ഞാനാ വീട് ആദ്യമായിട്ട് കാണുകാ. ഇത് എന്നുവച്ച വീടാ സാറേ?"
രവീന്ദ്രന്റെ ചോദ്യംകേട്ട് വിജയരാഘവനും കൂട്ടരും എന്റെ നേർക്ക് പകയോടെ ഒരു നോട്ടമെറിഞ്ഞു.
'ഒരു മുറിയുള്ള ഒരു വീട്ടിലേക്ക് വിളിച്ചിട്ട് ഒരു കട്ടൻചായ തന്നിരുന്നെങ്കിലും നിങ്ങൾ എന്നും എന്റെ മനസിലുണ്ടാകുമായിരുന്നു." ഞാൻ ദേഷ്യം കടിച്ചമർന്ന് രവീന്ദ്രനോട് പറഞ്ഞു.ആ വീടിനകത്തോട് കയറിയപ്പോൾത്തന്നെ രവീന്ദ്രനോടുള്ള എല്ലാ ബഹുമാനവും പോയിരുന്നു. ഒരുവീട് ഇങ്ങനെയാണോ പെയിന്റടിക്കുന്നത്. പച്ച്, മഞ്ഞ, ചുവപ്പ്..
കൈയിൽ കിട്ടുന്ന കളറൊക്കെ വാരിയടിക്കുന്നതിനെപ്പറ്റി.തിരിച്ചുപോവുമ്പോൾ ഞാൻ രവീന്ദ്രനോട് പറയാനിരിക്കുന്നതാണ്.ഹോട്ടലിലെത്തിയപ്പോൾ വിജയരാഘവനുംകൂട്ടരും എന്നോട് പറഞ്ഞു: 'രവീന്ദ്രന്റെ ബെസ്റ്റ് ഫ്രണ്ട് ഒന്ന് റൂമിലോട്ടുവാ..."
'ടാക്സിക്കാരന് പൈസ ഞാൻ കൊടുക്കണോ" എന്റെ ചോദ്യത്തിന്'വേണ്ട സാർ..
ഞാൻ കൊടുത്തോളാ"മെന്ന് രവീന്ദ്രൻ മറുപടി പറഞ്ഞു.ഞാൻ അകത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ എന്റെ കൈയിൽ പിടിച്ച് രവീന്ദ്രൻ ചോദിച്ചു: 'കാർ ശരിയാക്കിയിട്ട് ഞാൻ നാളെ വരട്ടെ സാർ?"
ആ ചോദ്യത്തിന് മറുപടിയായി ഒരു ചിരി ചിരിക്കാൻ മാത്രമെ എനിക്ക് കഴിഞ്ഞുള്ളൂ.