
ജീവിതം കരയിച്ചെങ്കിലും തങ്കച്ചൻ  ഇപ്പോൾ ചിരിക്കുന്നു,  ചിരിപ്പിക്കുന്നു.സിനിമയിൽ ചെറു വേഷങ്ങൾ ചെയ്ത  തങ്കച്ചൻ  മലയാളത്തിലെ ചാനൽ കോമഡി ഷോകളിൽ  തിളങ്ങുന്ന താരമാണിപ്പോൾ......
മറിയേടെ അമ്മേടെ ആട്ടിൻകുട്ടി മണിയന്റെ അമ്മേടെ സോപ്പുപെട്ടി
യുട്യൂബിൽ വൈറലാണ്  എന്റെ പാട്ട്. ഞാൻ എഴുതിയ കൊറോണ പാട്ടിനെ ചെറുതായി തോൽപ്പിച്ചു മറിയേടെ അമ്മേടെ ആട്ടിൻകുട്ടി.പാട്ടിന്റെ ഡി.ജെയുമുണ്ട്.പാട്ടെഴുത്തുകാരനാകണമെന്നും അതു പാടണമെന്നും കരുതി എഴുതിയതല്ല. കോമഡി പാട്ടുകൾ നേരത്തെ മുതൽ എഴുതുമായിരുന്നു.എന്നാൽ പത്തുപേർ കേൾക്കുകയും പാട്ട് ഹിറ്റാകുകയും ചെയ്യുന്നത് ആദ്യം. ന്യു സ്റ്റാർ എന്ന എന്റെ ട്രൂപ്പിനുവേണ്ടി എഴുതിയ പാട്ട് മൂന്നു വർഷം പേപ്പറിൽതന്നെ ഇരുന്നു. ചാനൽ ഷോയിൽ ജൂനിയർ മാർക്കോസ് എന്ന കഥാപാത്രം വന്നപ്പോൾ ഈ പാട്ട് പാടി. പാട്ടിനു താളം ഉള്ളതിനാൽ ആളുകൾ ഏറ്റെടുക്കുമെന്ന് അറിയാമായിരുന്നു. കൊറോണയുടെ തെലുങ്ക് പാട്ട് ഡിസംബറിൽ പുറത്തിറങ്ങും. മിമിക്രി എത്രകാലം മുൻപോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് അറിയില്ല. ഒരു ജോലിയിൽ മാത്രം നിൽക്കാനുംകഴിയില്ല. ഏതു വിലാസത്തിലാണ് അവസാനം എത്തിച്ചേരുക എന്ന് ഉറപ്പില്ല. അതിനാലാണ് കുഞ്ഞ് പാട്ടെഴുത്ത്. ഇവിടെ നിന്നു കൊണ്ടു ഉറുമ്പ് അരിമണി കൂട്ടിവയ്ക്കുന്നതുപോലെ എന്തെങ്കിലും കരുതണമെന്ന് വിചാരിച്ചപ്പോഴാണ് കോവിഡ് വന്നത്.

പട്ടിയെ എറിയാനുള്ള കല്ലും കെട്ടാനുള്ള പെണ്ണും സമയത്തിന് കിട്ടില്ല
ഈ പറയുന്നതുപോലെ എനിക്ക് കെട്ടാൻ പെണ്ണിനെ ഇതുവരെ കിട്ടിയില്ല. വിവാഹം കഴിക്കാൻ ഒരു സമയമുണ്ടെന്ന് പറയുന്നത് ശരിയാണ്. സൗന്ദര്യവും സാമ്പത്തികവും ഉണ്ടായിട്ടും പെണ്ണ് കിട്ടാത്തവരുണ്ട്.ചാനൽ ഷോയിൽ ഒരുപാട് സുന്ദരിമാരുടെ നടുവിലായിട്ടും പെ ണ്ണ് കിട്ടുന്നില്ലേയെന്ന് ചോദിക്കുന്നവരുണ്ട്. വിവാഹ പ്രായം കഴിഞ്ഞു.ഈ പ്രായ പരിധിയിൽനിന്നു കുറേ പെണ്ണു കണ്ടു.ഇനി സമയമാകുമ്പോൾ നടക്കട്ടെ. സ്കൂൾ പ്രണയമൊന്നുമില്ലാത്ത സുന്ദരനായിരുന്നു ഞാൻ. എന്റെ നിറം ഇപ്പോൾ അനുഗ്രഹമാണ്. ആളുകൾ ഇഷ്ടപ്പെടുന്നു, കോമഡി കേട്ട് ചിരിക്കുന്നു. അതിൽ എന്റെ രൂപവും നിറവും പ്രധാനമാണ്.കലാരംഗത്തേക്ക് ജീവിക്കാൻ ദൈവം ഇറക്കിവിട്ടതു കൊണ്ട് ഇവിടെ തന്നെ നിൽക്കാനാണ് ആഗ്രഹം.

പോ കൊറോണ പോ കൊറോണ ഈ പാവപ്പെട്ട ഞങ്ങളെ വിട്ടു പോ കൊറോണേ
എന്നെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് തങ്കു ആർമി, ഒാൾ കേരള തങ്കച്ചൻ ഫാൻസ് അസോസിയേഷൻ ,തങ്കു പ്രവാസി കൂട്ടം. മിമിക്രി ട്രൂപ്പിൽ എത്തിയപ്പോൾ തങ്കച്ചൻ വിതുര എന്നായി പേര്.ഇപ്പോൾ തങ്കു എന്നു വിളിക്കുന്നു. പേരിനൊപ്പം എന്റെ നാട് കൂടി ഉണ്ടായാൽ സന്തോഷം.നല്ല കാര്യങ്ങൾ ചെയ്യാനാണ് ഫാൻസ് വേണ്ടതെന്ന് പറഞ്ഞാണ് തുടങ്ങിയത്. വൃദ്ധസദനങ്ങളിൽ വിശേഷ ദിവസം ഞങ്ങൾ ഭക്ഷണം കൊടുക്കുന്നു. എന്റെ പരിമിതിയിൽ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. കൊവിഡ് എല്ലാവരെയും ബാധിച്ചു. ഞങ്ങൾ കുഞ്ഞുകലാകാരൻമാരെ കൂടുതൽ തളർത്തി. പത്തുപേർ കൂടുന്നിടത്താണ് ഞങ്ങൾക്ക് എന്തെങ്കിലും കിട്ടിയിരുന്നത്. ഒരു കുഞ്ഞു സമ്പാദ്യം ഡിസംബർ കഴിഞ്ഞു നേടാൻ സാധിക്കുമെന്നാണ് കരുതുന്നത്.
അയ്യോ, എടാ ചെറുക്കാ, എടാ പയലേ എടാ മണ്ടാ, നീ മനസിലാക്കെടാ 
'ഒരു തമാശ പറയടേ". ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്യുമ്പോൾ കൂട്ടുകാർ പറയും. ഞാൻ പറയുന്നതുകേട്ട് അവർ ചിരിച്ചു മറിയും. എനിക്ക് ചിരിപ്പിക്കാൻ കഴിവുണ്ടെന്ന് മനസിലായി. അന്ന് മിമിക്രി ചെയ്യുന്നില്ല.തുടക്കത്തിൽ അവതരിപ്പിച്ചതൊന്നും മിമിക്രിയല്ലായിരുന്നു. ഡാൻസ് ചെയ്തു. അതു ഡാൻസുമല്ലായിരുന്നു.ചേട്ടന്റെ കൂടെ മിമിക്രി ട്രൂപ്പ് തുടങ്ങി. പാട്ട് പഠിച്ചിട്ടില്ല .പിരിവ് നടത്താതെ നോട്ടീസും രസീത്കുറ്റിയും ബോർഡും വച്ചാണ് ഗാനമേള.
മൂന്നു പാട്ട് പാടി . പിന്നീട് പാടേണ്ടി വന്നില്ല. ആ അനുഭവത്തിൽനിന്നാണ് ജീവിതത്തിൽ എന്തെങ്കിലുമാകണമെന്നും പാട്ട് എഴുതണമെന്നും പ്രേരണ നൽകിയത്. പത്തുപേരുടെ കൂടെ നിൽക്കുമ്പോൾ അഞ്ചു പേർ തിരിച്ചറിയുന്നുണ്ട്. അന്നത്തെ സംഭവം ഇപ്പോൾ ഒാർക്കുമ്പോൾ കോമഡിയാണ്. 'ഇറങ്ങിപ്പോടാ", എന്നു നാട്ടുകാർ അന്ന് പറഞ്ഞിരുന്നെങ്കിൽ ഇവിടെവരെ എത്താൻ കഴിയില്ല. അവസരം ചോദിച്ചു മിമിക്രി പ്രോഗ്രാം ചെയ് തപ്പോൾ കിട്ടിയത് അഞ്ചു രൂപ.പിന്നീട് അതു പത്തുരൂപ.തിരുവനന്തപുരത്ത് പ്രൊഫഷണൽ മിമിക്രി ട്രൂപ്പിൽ എത്തിയപ്പോൾ അതു 100 രൂപ. ഒടുവിൽ കോമഡി ജീവിതം തന്നു.

പണ്ടുതൊട്ടേ നിന്നെ ഇഷ്ടമാണ് പെണ്ണേനിൻകൊലുസിന്റെ കൊഞ്ചൽ എൻ രോമാഞ്ചംകണ്ണേ 
സിനിമ തന്നെയാണ് ലക്ഷ്യം. മമ്മുക്കയുമായി നല്ല ബന്ധമാണ്. അത്യാവശ്യം ഉള്ളപ്പോൾ മാത്രം മെസേജ് അയക്കും. മമ്മുക്കയുടെ കൂടെ പരോളിൽ ആദ്യം അഭിനയിച്ചു. ഒരു കുട്ടനാടൻ ബ്ളോഗിലും ലാലേട്ടന്റെ ദൃശ്യത്തിലും കുഞ്ഞുവേഷം. ദിലീപേട്ടന്റെ ലൈഫ് ഒഫ് ജോസൂട്ടി , മെമ്മറീസിൽ വർക്ക്ഷോപ്പുകാരൻ, ചിറകൊടിഞ്ഞ കിനാവുകളിൽ പാട്ടു സീനിൽ വന്നു. ഏഴോ എട്ടോ സിനിമകൾ. 'കാ "എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. സിനിമയിലെ എന്റെ കുറേ കുഞ്ഞു വേഷങ്ങളെ പ്രളയം കൊണ്ടുപോയി. മിമിക്രി പരിപാടികളെ കോവിഡും കൊണ്ടുപോയി. നല്ല സമയത്തെ കോവിഡ് കൊന്നു.സ് നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രേക്ഷകരും നാട്ടുകാരുമാണ് എന്റെ സമ്പാദ്യം. ഫ്ളവേഴ്സ് ടിവിയിലൂടെയാണ്   രണ്ടാംവരവ്.

പല വേഷങ്ങൾ
ജീവിതത്തിൽ തങ്കച്ചൻ അണിയാത്ത വേഷമില്ല. പത്താം ക്ളാസിൽ പഠിപ്പ് നിറുത്തി. ബുദ്ധിമുട്ട് നിറഞ്ഞതാണ് വീട്ടിലെ സാഹചര്യം.ഹോട്ടൽ തൊഴിലാളി, കൂലിപ്പണി, ടാപ്പിംഗ്, ഒാട്ടോ ഡ്രൈവർ അങ്ങനെ പല ജോലികൾ ചെയ്തു.കൂലിപ്പണിക്കാരനായ ജോർജിന്റെയും ജാനമ്മയുടെയും എട്ടു മക്കളിൽ ആറാമൻ.മകന്റെ ചെറിയ വളർച്ച കണ്ടു സന്തോഷിക്കുന്നു ജോർജും ജാനമ്മയും.ചേട്ടൻ ഹോട്ടൽ തൊഴിൽ സ്വീകരിച്ചപ്പോൾ തങ്കച്ചനും ആ വഴി തിരഞ്ഞെടുത്തു.അപ്പോൾ വയസ് 20.