
'മണിച്ചിത്രത്താഴ് ഇറങ്ങിയ സമയത്ത് കണ്ണാടിയ്ക്ക് മുന്നിൽ നാഗവല്ലിയെ പോലെ അഭിനയിക്കും. സഹോദരങ്ങളെ പേടിപ്പിക്കും.പേടിച്ചു നിൽക്കുന്ന അവരുടെ മുഖം കാണുമ്പോൾ ചിരി വരും. ആ സമയത്തായിരുന്നു എന്നിലെ അഭിനേതാവിനെ ഞാൻ സ്വയം തിരിച്ചറിഞ്ഞത്."കലയെ ജീവനായി കാണുന്ന ഷൈലജ പി. അമ്പു തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് രണ്ടാണ്ട് പിന്നിടുന്നു.നാടകം ഷൈലജയ്ക്ക് ആത്മാവാണെങ്കിൽ സിനിമ പുതിയ പരീക്ഷണ വഴികളാണ്. പത്ത് സിനിമകളിൽ അഭിനയിച്ചു. ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ സിനിമയായി തിരഞ്ഞെടുക്കപ്പെട്ട കാന്തിയിലെ നീലമ്മ എന്ന കഥാപാത്രം ഷൈലജയുടെ അഭിനയ ജീവിതത്തിലെ ശക്തമായ അടയാളപ്പെടുത്തലാണ്.
കാന്തിയിലെ നീലമ്മ
കാന്തിയിലെ നീലമ്മ എന്റെ ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്നതാണ്.പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിഫലനമായാണ് നീലമ്മ നിലകൊളുന്നത്.കേരളത്തിന്റെ തെക്കേയറ്റത്ത് അഗസ്ത്യാർ വനഭൂമിയിൽ അഗസ്ത്യന്റെ പിൻമുറക്കാരാണ് കാണിക്കാർ സമൂഹം. അവരുടെ ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്ക്കാരമാണ് കാന്തി.ലൈംഗിക പീഡനത്തിന് ഇരയായ നീലമ്മയ്ക്ക് ജനിക്കുന്ന അന്ധയായ കുട്ടിയാണ് കാന്തി.ആ കുട്ടിയെ സാധാരണയുള്ള ജീവിതത്തിലേക്ക് പ്രാപ്തയാക്കുന്നതാണ് ചിത്രം പറയുന്നത്. മുഖ്യധാരയിലേക്ക് എത്തിപ്പെടാത്ത ആദിവാസി ജനതകൾ നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും സംവിധായകൻ അശോക് ആർ നാഥ് കാന്തിയിലൂടെ തുറന്നു കാണിക്കുന്നുണ്ട്.

നീലമ്മ എന്റെ ഉത്തവാദിത്തമായിരുന്നു
നീലമ്മ പോലെയൊരു കഥാപാത്രം ചെയ്യുന്നത് ഒരു കലാകാരി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണെന്ന് തിരക്കഥ കേട്ടപ്പോൾ തോന്നി.ഇത്തരത്തിലുള്ള കഥാപാത്രം എന്നിലേക്ക് എത്തിപ്പെട്ടത് ഭാഗ്യമായാണ് കണ്ടിട്ടുള്ളത്.എന്റെ നാടക സൗഹൃദം വഴിയാണ് കാന്തിയിലേക്ക് എത്തിപ്പെടുന്നത്.കലാമൂല്യമുള്ള സിനിമകളുടെ ഭാഗമാവാൻ സാധിക്കുക എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന കാൻ ഫെസ്റ്റിവലിൽ മാർക്കറ്റിംഗ് സെക്ഷനിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട വ്യവസ്ഥിതികൾക്കെതിരായ ചോദ്യം കൂടിയാണ് കാന്തി. കാന്തിയായി കൃഷ്ണശ്രീയാണ് എത്തിയത്. 
ഇരുപതു വർഷമായി നാടകത്തിനൊപ്പം
 ഇരുപതു വർഷമായി ഞാൻ നാടക മേഖലയിലുണ്ട്. ഓരോ വേദികളും എനിക്ക് ഓരോ അനുഭവങ്ങളായിരുന്നു. തട്ടിൽ കേറുമ്പോൾ എന്തോ ഒരു മാജിക്ക് എന്നിൽ ഉള്ളതായി തോന്നിയിട്ടുണ്ട്. റിഹേഴ്സലുകളിൽ പോലും എനിക്ക് കിട്ടാത്ത എന്തോ തട്ടിൽ കയറുമ്പോൾ കിട്ടും. മാസങ്ങളോളം നീണ്ടു നിൽക്കുന്ന റിഹേഴ്സലുകളിൽ ആ കഥാപാത്രമായി ജീവിക്കുകയാണ് പതിവ്. ഓരോ കഥാപാത്രങ്ങളും എന്റെ ആത്മാവിൽ നിന്ന് വിട്ടുപോകാൻ സമയമെടുക്കാറുണ്ട്. അഭിനയം പ്രഫഷണലായി പഠിക്കണം. നാടകമാണ് എന്റെ മേഖല.അഭിനയം പഠിക്കണമെന്ന മോഹവുമായാണ് അഭിനയയിലേക്ക് ഞാൻ എത്തുന്നത്. ബിരുദം സംഗീതത്തിലായിരുന്നു . നാടൻ പാട്ടിന്റെ താളം ചെറുപ്പം മുതലേ മനസിന്റെ താളം കൂടിയായിരുന്നു.ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ ശക്തിയുള്ളതാണ് നാടൻപാട്ട്.പഠനകാലം മുതൽ പുരോഗമന സാഹിത്യ സംഘടനയുടെ തെരുവു നാടകങ്ങൾ ചെയ്യുമായിരുന്നു.

സിനിമ തിളങ്ങാൻ സാധിക്കും
നാടക സൗഹൃദങ്ങൾ വഴിയാണ് സിനിമയിലേക്കുള്ള വഴിയും തെളിഞ്ഞത്. എങ്ങനെ കാമറയെ അഭിമുഖീകരിക്കണമെന്നൊക്കെ പഠിച്ചു. സിനിമ അഭിനയത്തിന്റെ മറ്റൊരു പാഠമാണ്.സാങ്കേതികമായ കാര്യങ്ങളെ കുറച്ചുകൂടി അടുത്തറിയാൻ സാധിച്ചു. സിനിമയിൽ വന്നതിനുശേഷം വ്യക്തിപരമായ ചില മാറ്റങ്ങൾ ജീവിതത്തിൽ വന്നു.മറ്റുള്ളവർ തിരിച്ചറിയാൻ തുടങ്ങി എന്നതാണ് ഏറ്റവും വലിയ മാറ്റം.ആഭാസം,രമേശൻ ഒരു പേരല്ല തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി.
മനസിൽ മായാത്ത സ്ത്രീ കഥാപാത്രങ്ങൾ
ഞാൻ ചെയ്ത എല്ലാ കഥാപാത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണെങ്കിലും ചില സ്ത്രീ കഥാപാത്രങ്ങൾ മനസിനെ വല്ലാതെ സ്പർശിച്ചിട്ടുണ്ട്. 'സുപ്രഭാതം " നാടകത്തിലെ പ്രഭ.മദ്യപാനിയായ ഭർത്താവിന്റെ കൂടെ ജീവിച്ച് എല്ലാം സഹിച്ച് അവസാനം അയാളോട് എല്ലാം തുറന്നു പറഞ്ഞു ഒറ്റയ്ക്ക് ജീവിക്കാൻ തയ്യാറെടുക്കുന്ന പ്രഭ,സജിത മഠത്തിലിന്റെ 'മത്്സ്യഗന്ധി" എന്ന  നാടകത്തിൽ  മുക്കുവ സ്ത്രീ. മത്സ്യ ഗന്ധിയിൽ പ്രകടനത്തിന് ഒരുപാട് അവാർഡുകൾ തേടിയെത്തിയിരുന്നു. ഏതോ ചിറകടിയൊച്ചയിലെ കുന്തിയുടെ കഥാപാത്രം അങ്ങനെ തുടങ്ങി ഞാൻ ചെയ്ത ചില സ്ത്രീ കഥാപാത്രങ്ങൾ ഇപ്പോഴും എന്റെ കൂടെയുണ്ട്.