
ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകൾക്കും വിവാദങ്ങൾക്കും വേദിയായിരിക്കുകയാണ്ബോളിവുഡ് സിനിമാ വേദി .കങ്കണ റനൗട്ട് എന്ന നടി ഉയർത്തിയ ആരോപണങ്ങൾ ഹിന്ദി ചലച്ചിത്ര ലോകത്തെ മാത്രമല്ല,ഇതാദ്യമായി മുംബൈ അടക്കിവാഴുന്ന ശിവസേനാ നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നു....
ഒരു ആക്ഷൻ പാക്ഡ് ത്രില്ലർ കാണുന്നതിലും ആകാംക്ഷയോടെയാണ് ബോളീവുഡിൽ അനുദിനം നടക്കുന്ന സംഭവവികാസങ്ങളെ ഇന്ത്യൻ ചലച്ചിത്ര ലോകം നോക്കിക്കാണുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണമാണ് എല്ലാത്തിനും അടിസ്ഥാനമെങ്കിലും ,അതിനെ മറ്റൊരു മാനത്തിൽ ആളിക്കത്തിച്ചത് കങ്കണ റനൗട്ട് എന്ന സൂപ്പർ നായികയാണ്. താരകുടുംബങ്ങളുടെ പുത്തൻ തലമുറകൾ അടക്കിവാഴുന്ന ബോളിവുഡിൽ അവർക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് കങ്കണ ആദ്യം രംഗത്തു വന്നത്.കരൺജോഹർ എന്ന സംവിധായകനും നിർമ്മാതാവുമായ ചോക്ളേറ്റ് സിനിമാക്കുട്ടിയെ കോഫി വിത്ത് കരൺ എന്ന കരണിന്റെ ഷോയിൽ വച്ചുതന്നെ വായടിപ്പിച്ച കങ്കണ ഷാരൂഖ്,സാൽമൻ,അമീർ എന്നീ ഖാൻ ത്രയങ്ങളുടെ വാലായി അഭിനയിക്കാൻ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. തന്റേതായ രീതിയിൽ ചലച്ചിത്രലോകത്ത് പുതിയൊരു സിംഹാസനം തന്നെ കങ്കണ തീർത്തു.

 ശിവസേനയുമായി ഏറ്റുമുട്ടൽ
സുശാന്ത് സിംഗ് രാജ്പുത്ത് ബോളിവുഡിലെ സ്വജന പക്ഷപാതത്തിന്റെയും മയക്കുമരുന്ന് മാഫിയയുടെ കുതന്ത്രങ്ങളുടെയും ഇരയാണെന്ന് കങ്കണ വെട്ടിത്തുറന്ന് പറഞ്ഞതോടെ വിവാദങ്ങളുടെ തീ ആളിക്കത്തുകയായിരുന്നു.ആ വിവാദം ഒടുവിൽ ശിവസേനയും കങ്കണയും തമ്മിലായി. ഇതാദ്യമായി ശിവസേനാ തലവനെ അങ്ങ് എന്ന് വിശേഷിപ്പിക്കുന്നതിനു പകരം താൻ എന്ന് അഭിസംബോധന ചെയ്യാൻ കങ്കണ ധൈര്യം കാട്ടി. സേനാ നേതൃത്വം പോലും ആ പരാമർശത്തിൽ ആടിയുലഞ്ഞു പോയി.മുംബൈ നഗരത്തിലെ ഏറ്റവും പ്രധാന സ്ഥലങ്ങളിലൊന്നായ പാളി ഹിൽസിലെ കങ്കണയുടെ ആധുനിക ഓഫീസ് അനുമതിയില്ലാത്ത നവീകരണത്തിന്റെ പേരിൽ സേന ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ ഇടിച്ചു പൊളിച്ചു.കോടതിയുടെ സ്റ്റേ വാങ്ങി കങ്കണ വരും മുമ്പേ അവർ പൊളിക്കൽ നടത്തി. ശിവസേനയുടെ ഭീഷണിയുണ്ടെന്ന കങ്കണയുടെ പരാതിയിൽ കേന്ദ്രം ഇന്ത്യൻ ചീഫ് ജസ്റ്റിസിനടക്കം നൽകി വരുന്ന വൈ പ്ളസ് കാറ്റഗറിയിലുള്ള സുരക്ഷ ഏർപ്പെടുത്തി.കേന്ദ്രമന്ത്രിമാരടക്കം പതിനഞ്ച് പേർക്കു മാത്രമാണ് ഈ സുരക്ഷ ലഭിച്ചുവരുന്നത്.

ഹിമാചലിന്റെ  മുത്ത്
ഹിമാചൽ പ്രദേശിലെ മാണ്ഡി എന്ന ചെറിയ ഗ്രാമത്തിലാണ് കങ്കണയുടെ ജനനം. ബിസിനസുകാരനായ അമർദീപ് റനൗട്ടിന്റെയും സ്കൂൾ അദ്ധ്യാപികയായ ആശ റനൗട്ടിന്റെയും മകളായാണ് രജപുത്ര സമുദായാംഗമായ കങ്കണയുടെ ജനനം. രംഗോലിയെന്നൊരു ചേച്ചിയും അക്ഷത് എന്നൊരു അനുജനുമു ണ്ട്. വീട്ടിൽ വലിയ നിർബന്ധക്കാരിയായിരുന്നു. അനുജന് തോക്കും കങ്കണയ്ക്ക് പാവയും വാങ്ങിയാൽ വഴക്കുണ്ടാകുമായിരുന്നു. വിവേചനം പാടില്ലന്ന് പറയും. ചെറുപ്പം മുതൽ വീട്ടിലെ വിവേചനകൾക്കെതിരെ ഉറക്കെ ശബ്ദം ഉയർത്തിയിരുന്നു. തന്റെ മുന്നിൽ കാണുന്ന അനീതിക്കെതിരെ ശക്തമായി പോരാടും . ചോദ്യം ചോദിക്കേണ്ടിടത്ത് കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ ചോദിച്ചു തന്നെയാണ് കങ്കണ തന്റെ ഇപ്പോഴത്തെ ജീവിതത്തിലേക്ക് നടന്നു കയറിയത്.ബാല്യത്തിൽ തന്നെ വഴക്കു പറഞ്ഞവരോട് താൻ ഒരിക്കൽ പ്രശസ്തയാകുമെന്ന് കുഞ്ഞ് കങ്കണ പറഞ്ഞിരുന്നു.

 മികച്ച നടി
വിവാദങ്ങളുടെ പേരിൽ വിമർശിക്കുന്നവർ പോലും കങ്കണ റനൗട്ട് എന്ന നടിയുടെ അഭിനയ മികവിനെയും പ്രൊഫഷണലിസത്തേയും തള്ളിപ്പറയില്ല. മികച്ച നടിക്കുള്ള ദേശീയ അവാർഡ് മൂന്ന് തവണയാണ് കങ്കണയെ തേടിയെത്തിയത്. ഫാഷനിലെ അഭിനയത്തിന് ആദ്യം മികച്ച സഹനടിക്കുള അവാർഡും ക്യൂൻ ,തനു വെഡ്സ് മനു റിട്ടേൺസ് എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയ കങ്കണയ്ക്ക് രാജ്യം പദ്മശ്രീയും നൽകിയിട്ടുണ്ട്.സെറ്റുകളിൽ കൃത്യസമയത്തെത്തുന്ന കങ്കണ ആർക്കും ഒരു പരാതിയും ഉന്നയിക്കാൻ അവസരം നൽകില്ല.സേനയോടും  ബോളിവുഡിലെ താരപ്രഭുക്കളോടും ഏറ്റുമുട്ടിയ കങ്കണയ്ക് ഇനി ചാൻസ് കിട്ടുമോയെന്ന് ചോദിക്കുന്നവരോട് തന്റെ വഴി തനിക്കറിയാമെന്ന ചുട്ട മറുപടിയാണ് കങ്കണ നൽകുന്നത്.

 തലൈവിയായി കങ്കണ
ഝാൻസി റാണിയുടെ കഥ പറഞ്ഞ മണികർണിക യുടെ സംവിധായകരിൽ ഒരാൾ കങ്കണയായിരുന്നു.തന്റെ അടുത്ത ചിത്രമായ അപരാജിത അയോദ്ധ്യയുടെ സംവിധാനം നിർവഹിക്കുന്നതും കങ്കണ തന്നെ. കാശ ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രവും കങ്കണ പ്രഖ്യാപിച്ചിട്ടുണ്ട്.ധക്കാഡ്,തേജസ് ,തലൈവി എന്നീ ചിത്രങ്ങളാണ് ഇനി പുറത്തു വരാനുളളത്.
പ്രമുഖ നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രത്തിൽ ജയലളിതയുടെ വേഷം അവതരിപ്പിക്കുകയാണ് കങ്കണ.തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കങ്കണയുടെ പ്രതിഫലം 24 കോടി രൂപയെന്നാണ് സിനിമാ വൃത്തങ്ങൾ നൽകുന്ന സൂചന.അരവിന്ദ് സ്വാമി എം.ജി.ആറായും പ്രകാശ് രാജ് കരുണാനിധിയായും തലൈവിയിൽ അഭിനയിക്കുന്നു.

രാഷ്ട്രീയത്തിൽ ഇറങ്ങുമോ?
കങ്കണ റനൗട്ട് ബി.ജെ.പിയിൽ ചേരുമോ എന്ന ചോദ്യമാണ് ബോളിവുഡിനെ ഉറ്റുനോക്കുന്നത്.കങ്കണയ്ക്ക് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ട്. കങ്കണ ബോളിവുഡിലെ മയക്കുമരുന്ന് മാഫിയക്കെതിരെ വിരൽ ചൂണ്ടിയതിന് പിന്നാലെ ദീപിക പദുക്കോണടക്കം പ്രമുഖ നടിമാരെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു.രാഷ്ട്രീയത്തിലും മയക്കുമരുന്നിന്റെ ലഹരിയിലും കങ്കണ കൊളുത്തിയ വിവാദങ്ങൾ ബോളിവുഡിനെ ഉലയ്ക്കുകയാണ്. കങ്കണ രാഷ്ട്രീയത്തിലും ഒരു കൈനോക്കുമോയെന്നേ ഇനി അറിയാനുള്ളു. എന്തായാലും ഇന്ത്യയിലെ ഏറ്റവും പവർഫുൾ നായികയായി മാറിയിരിക്കുകയാണ് കങ്കണ റനൗട്ട്.