
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പകർച്ചവ്യാധി നിയമപ്രകരം യു.പി പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയതിനാണ് ഇരുവർക്കുമെതിരെ യു.പി പൊലീസ് കേസെടുത്തത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ രാഹുൽ ഗാന്ധി ഉൾപ്പെടെയുളള കോൺഗ്രസ് നേതാക്കളെ യു.പി പാെലീസ് തടഞ്ഞിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കണ്ടെയ്ൻമെന്റ് സോണായതിനാൽ കുടുംബത്തിനെ കാണാൻ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് കോൺഗ്രസ് നേതാക്കളും പൊലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിൽ രാഹുൽ ഗാന്ധി നിലത്തു വീഴുകയും ചെയ്തു.
പൊലീസ് തന്നെ മർദിച്ചുവെന്നും നിലത്തേക്ക് തള്ളിയിട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു ‘ഈ രാജ്യത്ത് നടക്കാൻ മോദിക്കു മാത്രമേ സാധിക്കുകയുള്ളോ? സാധാരണക്കാരനായ വ്യക്തിക്ക് നടക്കാൻ സാധിക്കില്ലെ? എന്നും രാഹുൽ ചോദിച്ചു.തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കെ.സി.വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല തുടങ്ങിയ നേതാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
ഈ കഴിഞ്ഞ സെപ്റ്റംബർ 14നാണ് പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപെട്ടത്. സ്ഥിതി അതീവഗുരുതരമായതിനെ തുടർന്ന് ഡൽഹി എയിംസിലേക്ക് മാറ്റിയിരുന്നു. 29ന് മരണം സംഭവിക്കുകയായിരുന്നു.