
കൊച്ചി: കേരളത്തിലെ സിനിമാ തിയേറ്ററുകൾ തുറക്കണോ വേണ്ടയോ എന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് കൊച്ചിയിൽചേരും. അൺലോക്കിന്റെ ഭാഗമായി ഈ മാസം 15 മുതൽ പകുതി ആളുകളുമായി തിയേറ്ററുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാതെ തിയേറ്ററുകൾ തുറക്കാനാവില്ലെന്ന നിലപാടിലാണ് ഉടമകൾ. വിനോദ നികുതി ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഇന്നത്തെയോഗത്തിൽ ഇക്കാര്യങ്ങൾചർച്ചയ്ക്കുവരും.
കേരളത്തിൽ തിയേറ്ററുകൾ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബറും. ലോക്ക്ഡൗൺ കാലത്ത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായം കിട്ടാത്തതാണ് ഈ നിലപാടിന് കാരണമെന്നാണ് അറിയുന്നത്. എന്നാൽ തീയേറ്ററുകൾ തുറക്കാനുളള കേന്ദ്രത്തിന്റെ തീരുമാനത്തെ രാജ്യത്തെ മൾട്ടിപ്ലെക്സുകളുടെ സംഘടനയായ മൾട്ടിപ്ലെക്സ് അസോസിയേഷൻ ഒഫ് ഇന്ത്യ സ്വാഗതം ചെയ്തു.