
കൊച്ചി: ലൈഫ് മിഷൻ ഫ്ളാറ്റുകളുടെ നിർമാണക്കരാർ ലഭിച്ചതിന് സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോൺ സമ്മാനിച്ചതായും സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി. സി ബി ഐ അന്വേഷണം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നിർണായക വെളിപ്പെടുത്തലുകൾ.
പണത്തിനു പുറമെ അഞ്ച് ഐ ഫോണുകളും സ്വപ്ന ആവശ്യപ്പെട്ടു. യു എ ഇ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികൾക്ക് നൽകാനായിരുന്നു ഇതെന്നാണ് പറഞ്ഞത്. ഇതനുസരിച്ച് വാങ്ങി നൽകിയ ഫോണുകളിൽ ഒന്ന് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സ്വപ്ന സുരേഷ് സമ്മാനിച്ചു എന്നും സന്തോഷ് ഈപ്പന്റെ ഹർജിയിൽ പറയുന്നു. ഫോൺ വാങ്ങിയതിന്റെ ബില്ലും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് ഫോൺ നൽകിയെന്ന സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്. ഫോൺ കൈപ്പറ്റിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ പ്രതികരണം
ഫ്ളാറ്റുകളുടെ നിർമ്മാണക്കരാർ ലഭിച്ചതിന് സ്വപ്ന സുരേഷിന് മൂന്നുകോടി 80 ലക്ഷം രൂപയും സന്ദീപ് നായർക്ക് 68 ലക്ഷം രൂപയും നൽകിയെന്നാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. കോൺസുലേറ്റ് ജനറലിന്റെ നിർദേശമനുസരിച്ച് സ്വപ്നയാണ് പണം ആവശ്യപ്പെട്ടതെന്നും ഹർജിയിൽ പറയുന്നു.