police

ലക്നൗ: ഹത്രാസ് ബലാത്സംഗക്കൊലയിൽ ഉത്തർപ്രദേശ് പൊലീസിനെതിരെ പെൺകുട്ടിയുടെ അച്ഛൻ രംഗത്തെത്തി. പൊലീസിൽ വിശ്വാസമില്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നുമാണ് പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെടുന്നത്. വീടിന് പുറത്തുപോകാനോ മറ്റുളളവരുമായി സംസാരിക്കാനോ പൊലീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

കേസിന്റെ തുടക്കത്തിൽത്തന്നെ ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. പ്രതികൾ ഉയർന്ന ജാതിയിൽപ്പെട്ടവരായതിനാൽ കേസെടുക്കാൻ പോലും ആദ്യം തയ്യാറായില്ല. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് ബലംപ്രയോഗിച്ച് സംസ്കരിച്ചു എന്നും കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.

അതിനിടെ പെൺകുട്ടിയുടെ പിതാവിനെ ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സ്കർ ഭീഷണിപ്പെടുത്തിയത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 'പകുതി മാദ്ധ്യമപ്രവർത്തകർ ഇവിടെനിന്ന് പോയി. ബാക്കിയുളളവർ നാളെ ഇവിടം വിടും. പിന്നെ ഞങ്ങൾമാത്രമേ എപ്പാേഴും നിങ്ങളുടെ കൂടെ ഉണ്ടാവൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്കത് മാറ്റാൻ കഴിയും' എന്നായിരുന്നു മജിസ്ട്രേറ്റിന്റെ ഭീഷണി.ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പെൺകുട്ടിയുടെ സംസ്കാരം നടത്തിയത് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു.പെൺകുട്ടി കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് പറയാനാണ് വീട്ടുകാരെ നിർബന്ധിക്കുന്നത്. അങ്ങനെ ചെയ്താൽ നഷ്ടപരിഹാരം ലഭിക്കുമെന്നു പറയുന്നുണ്ട്.

അതിനിടെ ഉത്തർപ്രദേശിൽ രാഷ്ട്രപതിഭരണം വേണമെന്നാവശ്യപ്പെട്ട് ബി എസ് പി നേതാവ് മായാവതി രംഗത്തെത്തി.