samuel-koodal

പത്തനംതിട്ട: കന്യാസ്ത്രീകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ സാമുവൽ കൂടലിനെതിരെ വനിത കമ്മിഷൻ കേസെടുത്തു. ഭാഗ്യലക്ഷ്‌മി അടക്കമുളളവരുടെ പരസ്യ പ്രതിഷേധം നേരിടേണ്ടി വന്ന വിജയ് പി നായർക്കെതിരെ ഉയർന്ന സമാന ആരോപണമാണ് സാമുവൽ കൂടലിനെതിരെയും കന്യാസ്‌ത്രീകൾ ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട കലത്തൂർ സ്വദേശിയായ സാമുവൽ യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാന്ന് പരാതി.

സാമുവലിനെതിരെ 139 പരാതികളാണ് വനിത കമ്മിഷന് ലഭിച്ചിരിക്കുന്നത്. ആദ്യം നൽകിയ പരാതി വനിത കമ്മിഷൻ ഗൗരവമായി എടുക്കാതെ വന്നതോടെ പരാതികൾ കൂട്ടത്തോടെയെത്തുകയായിരുന്നു. വിവിധ ജില്ലകളിൽ നിന്നായാണ് ഇത്രയും പരാതികൾ എത്തിയത്. ഇതോടെ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ വനിത കമ്മിഷൻ കേസെടുക്കുകയായിരുന്നു.

സാമുവലിനെതിരായ പരാതികൾ സൈബർ നിയമത്തിന്റെ പരിധിയിൽ വരുമോയെന്നറിയാൻ നിയമോപദേശം തേടിയിരിക്കുകയാണ്. വിജയ് പി നായർക്കെതിരെ ഉണ്ടായ അതേ നടപടി ഈ കേസിലും വേണമെന്നാണ് പരാതിക്കാർ പറയുന്നത്.