
വയനാട്: സമൂഹ മാദ്ധ്യമങ്ങളിലൂടെ വയനാട് കളക്‌ടർ ഡോക്‌ടർ അദീല അബ്‌ദുളളയുടെ പേരിൽ വ്യാജ സന്ദേശം പരക്കുന്നു. കൊവിഡ് വന്നുപോയവരിൽ ശ്വാസകോശരോഗം വരുമെന്നും ആയുസ് കുറയുമെന്നുമാണ് വയനാട് കളക്‌ടറുടെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം. കൊവിഡ് മാറിയവരിൽ പിന്നീട് ശ്വാസകോശത്തിന് വലിയ മാറ്റമുണ്ടാകുമെന്നും ആയുസ് കുറയുമെന്നുമാണ് ശാസ്ത്രീയ അടിത്തറയൊന്നുമില്ലാത്ത വ്യാജ സന്ദേശത്തിന്റെ ഉളളടക്കം.
വയനാട് കളക്‌ടറുടെ സുപ്രധാന സന്ദേശം എന്ന പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. തന്റേതല്ലാത്ത സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിെര കർശന നടപടിയുണ്ടാകുമെന്ന് കളക്‌ടർ ഡോക്‌ടർ അദീല അബ്‌ദുളള മുന്നറിയിപ്പ് നൽകി. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വസ്തുതാവിരുദ്ധമായ സന്ദേശം പ്രചരിപ്പിച്ചത് ഗുരുതരകുറ്റമാണ്. ശക്തമായ നിയമനടപടി സ്വീകരിക്കാതിരിക്കാനാകില്ലെന്നും അദീല അബ്‌ദുളള പറഞ്ഞു.
ഓഡിയോ ക്ലിപ്പിൽ പ്രചരിക്കുന്ന ശബ്ദം കളക്ടറുടേതാണെന്ന് പറയുന്നില്ല. അതിന് താഴെയാണ് ഇത് കളക്ടറുടേതാണെന്ന അറിയിപ്പുള്ളത്. സന്ദേശം വ്യാജമായി ചമച്ചതാണെന്നും സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുളള അന്വേഷണം ആരംഭിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.