
കൊല്ലം: കൊല്ലത്ത് ജനങ്ങൾക്കിടയിൽ ഭീതി പരത്തി രാത്രികാലങ്ങളിൽ വിരാജിച്ചിരുന്ന കരടികളിൽ ഒന്നിനെ വനംവകുപ്പ് കെണിയിലാക്കി. ഇന്ന് രാവിലെ പളളിക്കലിൽ നിന്നാണ് കരടികളിൽ ഒന്നിനെ വനം വകുപ്പ് കെണി വച്ച് പിടിച്ചത്. കൂട്ടിനകത്ത് കിടന്നും അക്രമാസക്തനായ കരടി കമ്പി പൊളിക്കാനുളള ഊർജ്ജിത ശ്രമവും നടത്തി. കരടിയുമായി ഭരതന്നൂരിലേക്ക് തിരിച്ചിരിക്കുകയാണ് വനംവകുപ്പ്. അവിടെ വച്ച് കരടിക്ക് മയക്കുവെടി നൽകും. കാട്ടിലേക്ക് തിരികെ വിടണമോ അതോ മൃഗശാലയിൽ ഏൽപ്പിക്കണമോ എന്ന കാര്യത്തിൽ ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ കൊല്ലത്തെ വിവിധ പ്രദേശങ്ങളിൽ കരടികൾ ജനങ്ങൾക്ക് പേടി സ്വപ്‌നമായി മാറിയിരുന്നു. ചാത്തന്നൂരിലാണ് കരടി ശല്യം കൂടുതലും ഉണ്ടായിരുന്നത്. ശീമാട്ടി ജെ.എസ്.എം ആശുപത്രിക്കടുത്ത് ഉൾപ്പടെ കരടിയിറങ്ങിയിരുന്നു. വനം വകുപ്പിന്റെ ദ്രുതകർമ്മസേന . കൈയ്യിൽ തോക്കും വടവും ചങ്ങലയുമൊക്കെയായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കരടിയെ പിടിക്കാൻ കറങ്ങുകയായിരുന്നു. പലയിടങ്ങളിലും ഡ്രോൺ ഉപയോഗിച്ചുളള നിരീക്ഷണവും നടത്തി. പക്ഷെ കരടിയുടെ പൊടി പോലും കണ്ടില്ല. കാൽപ്പാടുകൾക്കായി പരിശോധന നടത്തിയെങ്കിലും ഫലുമുണ്ടായില്ല. എങ്കിലും ദ്രുതകർമ്മസേന സ്ഥലത്ത് തങ്ങി കരടിയെ പിടികൂടുകയായിരുന്നു.

ഇതുവരെയും മനുഷ്യരെ ആരെയും ഉപദ്രവിക്കാത്ത കരടി തേനും ചക്കയും തേടിയാണ് നാട്ടിലേക്ക് ഇറങ്ങിയതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇപ്പോൾ ചക്ക ഇല്ലാത്തതിനാൽ തേൻ കൂടുകൾ തേടി എത്തിയതാകാമെന്നാണ് നിഗമനം. സമീപത്തെ വലിയ തേനീച്ചക്കൂടുകൾ പരിശോധിച്ചെങ്കിലും ഒന്നിലും കരടി തേൻ കുടിച്ചതിന്റെ ലക്ഷണമില്ല. സാധാരണ ഒരിടത്ത് തങ്ങുന്ന സ്വാഭാക്കാരല്ല കരടികൾ. വേഗത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കുമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.