
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരികരിച്ചതിന് പിന്നാലെ അദ്ദേഹത്തിന് സൗഖ്യം ആശംസിച്ച് ലോക നേതാക്കൾ. 'സുഹൃത്ത് ട്രംപ്' എന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപിനെ ആശംസയുമായെത്തി. 'സുഹൃത്ത് ട്രംപ്' പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നായിരുന്നു മോദിയുടെ ട്വീറ്റ്.
കൊവിഡ് ബാധയെ കുറിച്ചുളള യഥാർത്ഥ വിവരങ്ങൾ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടയിലായിരുന്നു ഈ ആരോപണം. അതിന് തൊട്ടുപിന്നാലെയാണ് ട്രംപിന് ആശംസയറിയിച്ച് മോദിയെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
Wishing my friend @POTUS @realDonaldTrump and @FLOTUS a quick recovery and good health. https://t.co/f3AOOHLpaQ— Narendra Modi (@narendramodi) October 2, 2020
 
തനിക്കും മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരും നിരീക്ഷണത്തിലാണെന്നും പെട്ടെന്ന് സുഖംപ്രാപിക്കുെമന്നും ട്രംപ് അറിയിച്ചു. പ്രസിഡന്റിന്റെ ഉപദേശക ഹോപ് ഹിക്ക്സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും ഭാര്യയും നിരീക്ഷണത്തിലാവുകയായിരുന്നു.
Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER!— Donald J. Trump (@realDonaldTrump) October 2, 2020
 
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ട്രംപിനൊപ്പം സജീവമായിരുന്നു ഹോപ് ഹിക്ക്‌സ്. ബുധനാഴ്ച മിനസോട്ടയിൽ നടന്ന റാലിയിലും ചൊവ്വാഴ്ച നടന്ന സംവാദത്തിലും ഹോപ് ഹിക്ക്‌സ് പങ്കെടുത്തിരുന്നു. ഇതിനു മുമ്പും വൈറ്റ് ഹൗസിൽ സുപ്രധാന ചുമതലകൾ വഹിക്കുന്ന പലർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.