
തലസ്ഥാനത്തെ ജനവികാരം തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനൊപ്പമാണെന്ന് വ്യക്തമാക്കി ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ ജി.വിജയരാഘവൻ. സ്വകാര്യവത്കരണത്തെ രാഷ്ട്രീയ പാർട്ടികൾ എതിർക്കുകയാണെങ്കിൽ കിഴക്കമ്പലത്തെ ട്വന്റി 20 മോഡലിൽ തിരുവനന്തപുരം നഗരം മാറുമെന്ന മുന്നറിയിപ്പാണാണ് അദ്ദേഹം നൽകുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ കോർപ്പറേഷനായ തിരുവനന്തപുരം നഗരസഭയുടെ ഭരണം ആരുടെ കൈയ്യിലാകും എന്നതുൾപ്പടെയുളള കാര്യങ്ങൾ സ്വതന്ത്ര സ്ഥാനാർത്ഥികളാകും തീരുമാനിക്കുകയെന്നും അദ്ദേഹം സൂചന നൽകുന്നു. കൗമുദി ടി.വിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് വിജയരാഘവന്റെ വെളിപ്പെടുത്തൽ.
ജി.വിജയരാഘവന്റെ വാക്കുകൾ-
ഒരുപാട് പേർ പല സ്ഥലങ്ങളിൽ നിന്ന് വിളിക്കുന്നുണ്ട്. 'ഞങ്ങൾ കുറേ പേരുണ്ട്. ഇലക്ഷന് നിൽക്കാൻ പ്ലാൻ ഇടുകയാണ്.നിങ്ങളുടെ അഭിപ്രായം എന്താണ്' എന്നാണ് ചോദിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ ഈ അജണ്ട സ്വീകരിക്കുകയാണെങ്കിൽ നിങ്ങൾ തിരഞ്ഞെടുപ്പിൽ നിൽക്കാതിരിക്കുകയാണ് നല്ലത് എന്നാണ് ഞാൻ അവരോട് പറയുന്നത്. അജണ്ട സ്വീകരിച്ചില്ലെങ്കിൽ നിൽക്കാം. അങ്ങനെ ചില കണക്കുകൂട്ടലുകൾ നോക്കിയപ്പോൾ തിരുവനന്തപുരത്തെ നൂറു വാർഡുകളിൽ ഏകദേശം 25നും 35നും ഇടയിൽ വാർഡുകളിൽ ഇപ്പോഴുളള സ്വതന്ത്രരായിട്ടുളള ആളുകൾ ജയിക്കാൻ ചാൻസുണ്ട്. മുപ്പത് ജയിക്കണ്ട, പത്തോ പതിനഞ്ചോ വാർഡുകളിൽ ജയിച്ചാൽ അവർ തീരുമാനിക്കും അടുത്ത മേയർ ആരാണെന്നുളളത്. അങ്ങനെയൊരു അവസ്ഥയിലേക്ക് രാഷ്ട്രീയ പാർട്ടികൾ തിരുവനന്തപുരത്തിന്റെ വികസനത്തിന് വേണ്ടി നിൽക്കുന്ന ആളുകളെ തളളിവിടരുതെന്നാണ് എന്റെ അഭിപ്രായം.
21 വയസുളള ചെറുപ്പക്കാർ മുതൽ ഈ ഗ്രൂപ്പിലുണ്ട്. ഒരുപാട് രാഷ്ട്രീയമുളളവരും ഉണ്ട്. ലെവി പേയിംഗ് പാർട്ടി മെമ്പർ ഈ അജണ്ടയെ സപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ് എനിക്ക് മെസേജ് അയച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവിനെ കണ്ടപ്പോൾ ഞങ്ങളുടെ ചില ആളുകൾ നിങ്ങളുടെ ഗ്രൂപ്പിലുണ്ട്. അവരത് ശരിയാക്കുമെന്നാണ് പറഞ്ഞത്. അതിനർത്ഥം അവർ അത് അട്ടിമറിക്കും എന്നാണ്. അവർ അതിനകത്ത് ബഹളമുണ്ടാക്കിയാൽ ആരാണെന്ന് മനസിലാക്കാൻ കഴിയും എന്നാൽ നിങ്ങളുടെ പാർട്ടിക്ക് ഇപ്പോഴുളള സിമ്പതി കൂടി ഇല്ലാതാകുമെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.