
തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പ് അന്വേഷിക്കുന്ന സി.ബി.ഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സി.പി.എം തീരുമാനം. ഇതിനായി ഓർഡിനൻസ് കൊണ്ടുവന്നാൽ അത് ഇപ്പോൾ തെറ്റിദ്ധരിക്കപ്പെടുമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ലൈഫിലെ അന്വേഷണത്തെ തടയാനാണ് ഓർഡിനൻസ് എന്ന് വ്യാഖ്യാനിക്കപ്പെടുമെന്നാണ് നേതാക്കൾ യോഗത്തിൽ പറഞ്ഞത്.
ലൈഫ് മിഷൻ, കൊവിഡ് പ്രതിരോധം എന്നിവയും പാർട്ടി ചർച്ച ചെയ്‌തു. സ്വപ്‌ന സുരേഷ് പ്രതിപക്ഷനേതാവിന് ഐഫോൺ നൽകിയെന്ന യൂണിടാക്ക് മേധാവിയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയമായി ഏറ്റെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. നേതാക്കൾക്ക് ഇതേപ്പറ്റി നിർദേശം നൽകും. വ്യക്തിപരമായ ആക്രമണത്തിന് കോൺഗ്രസിനെപോലെ സി.പി.എം മുതിരില്ലെന്ന സന്ദേശം നൽകുകയാണ് പാർട്ടി ലക്ഷ്യം. അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് അണികൾ തുറന്നുകാട്ടുന്നതിനെ പാർട്ടി തടയില്ല.
സി.ബി.ഐ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികളെ ബാബറി മസ്ജിദ് വിധി ഉദാഹരിച്ചുകൊണ്ട് തുറന്നുകാട്ടി പ്രചാരണം നടത്താനും തീരുമാനമായി. ബാബറി മസ്ജിദ് കേസിൽ സി.ബി.ഐ കോടതിക്ക് പോലും സി.ബി.ഐയുടെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന കാര്യമാണ് കേന്ദ്ര ഏജൻസികൾക്കെതിരെ പ്രചാരണ ആയുധമാക്കാൻ സി.പി.എം ഉപയോഗിക്കുക. ബാബറി മസ്‌ജിദ് കേസ് വർഷങ്ങൾ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനാവാത്ത സി.ബി.ഐ ഉൾപ്പടെയുളള കേന്ദ്രഏജൻസികൾ എതിരാളികളെ ഒതുക്കാനുള്ള രാഷ്ട്രീയചട്ടുകമാണെന്ന് സി.പി.എം പ്രചാരണം നടത്തും.