
ലക്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവർക്ക് ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകുമെന്നും അത് ഇത്തരക്കാർക്കുള്ള ഒരു പാഠമായി പിൽക്കാലത്ത് മാറുമെന്നും സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്റർ വഴിയാണ് യോഗി ഇക്കാര്യം പറഞ്ഞത്.
ഹത്രാസ് പെൺകുട്ടിക്കും കുടുംബത്തിനും അധികൃതരിൽ നിന്നും യു.പി പൊലീസിൽ നിന്നും നീതി നിഷേധം നേരിടേണ്ടി വന്നതും അതിനെതിരെ രാജ്യമാകമാനം വിമർശനം ഉയർന്നതുമായ സാഹചര്യത്തിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തുന്നത്.
ഉത്തർപ്രദേശിലെ 'അമ്മമാരുടെയും സഹോദരിമാരുടെയും' മാതാപിതാക്കളുടെയും സുരക്ഷയുടെ കാര്യത്തിൽ യു.പി സർക്കാരിന് അങ്ങേയറ്റം പ്രതിജ്ഞാബദ്ധതയുണ്ടെന്നും യോഗി പറയുന്നുണ്ട്. ഇത് തങ്ങളുടെ ദൃഢനിശ്ചയമാണെന്നും ശപഥമാണെന്നും പറഞ്ഞുകൊണ്ടാണ് യോഗി തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഹത്രാസിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്. നാക്ക് മുറിച്ച് മാറ്റിയ നിലയിൽ ഗുതരാവസ്ഥയിലായിരുന്ന പെൺകുട്ടി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയർന്ന് വന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയത് യു.പി പൊലീസ് തടഞ്ഞതും കൂടുതൽ സംഘർഷങ്ങൾക്ക് കാരണമായി.