hathras-girl

ല‌ക്നൗ: ഉത്ത‌ർപ്രദേശിലെ ഹത്രാസിൽ കൂട്ടമാനംഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മരണമൊഴി പുറത്ത്. നേരത്തെയും തന്നെ പീഡിപ്പിക്കാൻ ശ്രമം നടന്നു, അന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു രണ്ടുപേരാണ് തന്നെ പീഡിപ്പിച്ചതെന്നും അമ്മയെ കണ്ടതോടെ ഇവരുടെ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടുവെന്നും പെൺകുട്ടിയുടെ അവസാന വീഡിയോയിൽ പറയുന്നു. സെപ്തംബർ 22ന് പുറത്ത് വന്ന പെൺകുട്ടിയുടെ വീഡിയോയിൽ പീഡനം നടന്നതായി പറഞ്ഞിട്ടും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

എന്നാൽ പെൺകുട്ടിയുടേതെന്ന് പറയുന്ന ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്ന് എ.ഡി.ജി പ്രശാന്ത് കുമാർ പറഞ്ഞു. ബലാത്സംഗം നടന്നിട്ടില്ല എന്ന് അറിയിച്ചത് ഫൊറൻസിക് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണെന്നും എ.ഡി.ജി.പി പറഞ്ഞു.

അതേസമയം തങ്ങൾ പൊലീസ് തടങ്കലിലാണെന്ന് കുട്ടിയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. മാദ്ധ്യമങ്ങൾ അടക്കമുള്ളവരെ കുടുംബാംഗങ്ങളെ കാണുന്നതിൽ നിന്ന് പൊലീസ് വിലക്കിയിരിക്കുകയാണ്. ഹത്രാസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച യു.പി പൊലീസ് കൊല്ലപ്പെട്ട പെൺക്കുട്ടിയുടെ വീട് വളഞ്ഞിരിക്കുകയാണ്. ഹത്രാസ് സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത അലഹബാദ് ഹൈക്കോടതി 12ന് മുമ്പായി മറുപടി നൽകാനാനശ്യപ്പെട്ട് സംസ്ഥാന സർക്കാർ, അഡീഷണൽ ചീഫ് സെക്രെട്ടറി, ഡി.ജി.പി, ജില്ല മജിസ്‌ട്രേറ്റ് എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.