
ന്യൂഡൽഹി: ഹത്രാസിൽ ക്രൂരപീഡനത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ മാദ്ധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും അനുവദിക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് മുതിർന്ന ബി.ജെ.പി നേതാവായ ഉമാ ഭാരതി. ദേശീയ മാദ്ധ്യമമായ എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിപക്ഷത്തെ പാർട്ടികളിൽ നിന്നുമുള്ള നേതാക്കളെ ഉൾപ്പെടെ ഇതിനു അനുവദിക്കണമെന്നാണ് ഉമാ ഭാരതി യോഗിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.സംഘം ചേർന്നുള്ള പീഡനത്തിലെ ഇരയായ 20കാരിയുടെ വീടിന് മുന്നിലായി കൂടിനിൽക്കുന്ന പൊലീസിനെ പിൻവലിക്കണമെന്നും ഉമാ ഭാരതി പറഞ്ഞിട്ടുണ്ട്.
സർക്കാരിന് മേൽ പഴി വരാതിരിക്കാൻ ഇരയായ പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ് തിടുക്കപ്പെട്ട് ദഹിപ്പിച്ച സംഭവത്തെയും മുതിർന്ന പാർട്ടി നേതാവ് വിമർശിച്ചു. കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഹത്രാസിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്. നാക്ക് മുറിച്ച് മാറ്റിയ നിലയിൽ ഗുതരാവസ്ഥയിലായിരുന്ന പെൺകുട്ടി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയർന്ന് വന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയത് യു.പി പൊലീസ് തടഞ്ഞതും കൂടുതൽ സംഘർഷങ്ങൾക്ക് കാരണമായി.