chennithala-

തിരുവനന്തപുരം: പ്രോട്ടോക്കോൾ ലം​​ഘിച്ചെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺസുലേറ്റിൻ്റെ ചടങ്ങിൽ താൻ പങ്കെടുത്താൽ അതെങ്ങനെ പ്രോട്ടോക്കോൾ ലംഘനമാവും. എനിക്കൊപ്പം ബിജെപി നേതാവ് ഒ.രാജ​ഗോപാലും സി.പി.എം നേതാവ് എം.വിജയകുമാറും ഉണ്ടായിരുന്നു. അവരൊക്കെ പ്രോട്ടോക്കോൾ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്. താൻ എന്തായാലും കാരാട്ട് റസാഖിൻ്റെ മിനി കൂപ്പറിൽ കേറി സഞ്ചരിച്ചിട്ടില്ല. കൂപ്പറിൽ കേറിയവരൊക്കെെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുവാൻ പോകുന്നതിൻ്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്നും അദ്ദേഹം പരിഹസിച്ചു.

ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ച് തനിക്ക് നൽകിയെന്ന് പറയുന്ന വിവാദ ഐഫോൺ ആരാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് താൻ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ കോപ്പി ഞാൻ മാധ്യമങ്ങൾക്ക് നൽകും. യുഎഇ ദേശീയദിനത്തിൻ്റെ ഭാ​ഗമായി യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഞാൻ പങ്കെടുത്തത്. തുട‍ർന്ന് കോൺസുലേറ്റ് സംഘടിപ്പിച്ച ഒരു മത്സരപരിപാടിയുടെ നറുക്കെടുപ്പിലും താൻ നടത്തി.

ഇതല്ലാതെ താൻ ഒരു ഉപഹാരവും താൻ ആരുടെ കൈയിൽ നിന്നും വാങ്ങിയിട്ടില്ല ഉപയോ​ഗിച്ചിട്ടുമില്ല. നട്ടാൽ മുളയ്ക്കാത്ത നുണകൾ പ്രചരിപ്പിക്കുകയാണ്. ഈ സർക്കാരിനെതിരെ ഞാൻ പോരാടുന്നത് രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ്. ഇവരുടെ കൈയിൽ നിന്നും ഐഫോൺ വാങ്ങേണ്ട ​ഗതികേടൊന്നും എനിക്കില്ല.

ഇതുകൊണ്ടൊന്നും എന്നെ തളർത്താം എന്നു കരുതേണ്ട സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. കൊടുത്താൽ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബെംഗളൂരുവിലോ കിട്ടും അതു അടുത്ത ദിവസമറിയാം. ഇങ്ങനെയൊരാൾ സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നതാണ് ഞങ്ങൾക്കും നല്ലത്. കള്ളക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും കൂപ്പർ കേസിലും സ്വർണക്കടത്ത് കേസിലും ഉൾപ്പെടുന്ന ഒരു പാർട്ടി സെക്രട്ടറി പി.കൃഷ്ണപ്പിള്ളയുടേയും ഇഎംഎസിൻ്റേയും കസേരയിൽ ഇരിക്കുന്നതിന് നല്ല നമസ്കാരം - ചെന്നിത്തല പറഞ്ഞു.