hatras-

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട 20കാരിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ വൻതിഷേധം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്, ,സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ നിരവധിപ്പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.. . സ്ത്രീകൾക്ക് നേരെയുളള അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധം.

ഹത്രാസ് സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു. കുറ്റം ചെയ്തവരെ തൂക്കി കൊല്ലണം. പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ചിലർ സംശയിക്കുന്നു. ഈ സമയത്ത് പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കണം. ഈ സംഭവത്തിൽ ഒരു രാഷ്ട്രീയവും ഇല്ല. എന്തുകൊണ്ട് യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു?. രാജ്യത്ത് ഇനി ഒരു ബലാത്സംഗവും സംഭവിക്കരുതെന്നും അരവിന്ദ് കെജരിവാൾ പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. നീതി നടപ്പാക്കണം. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്നും ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു. ഫ ത്തർപ്രദേശ് സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പ്രതിഷേധം കണക്കിലെടുത്ത് ഇന്ത്യ ഗേറ്റിൽ ഡൽഹി പൊലീസ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. തുടർന്നാണ് ജന്തർമന്തറിലേക്ക് സമരം മാറ്റിയത്.