ipl-

ദുബായ്: ഐ.പി.എല്ലിൽ വീണ്ടും തോറ്റ് ചെന്നൈ സൂപ്പർകിംഗ്സ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 165 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ധോണിയുടെ ചെന്നൈ സൂപ്പർകിംഗ്സിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

രവീന്ദ്ര ജഡേജയും എം.എസ് ധോണിയും പൊരുതി നോക്കിയെങ്കിലും സൂപ്പര്‍ കിംഗ്‌സിന് വിജയവഴിയിലെത്തിക്കാൻ ആയില്ല. 35 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 50 റണ്‍സെടുത്ത രവീന്ദ്ര ജഡേജ 18-ാം ഓവറില്‍ പുറത്തായത് ചെന്നൈയ്ക്ക് തിരിച്ചടിയായി. ധോണിക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ജഡേജ പുറത്തായത്.

36 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ധോനി അവസാനം വരെ പൊരുതി നോക്കിയെങ്കിലും വിജയം മാറി നിന്നു. സാം കറന്‍ അഞ്ചു പന്തില്‍ നിന്ന് 15 റണ്‍സെടുത്തു.

165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ നാലില്‍ നില്‍ക്കെ ഷെയ്ന്‍ വാട്ട്‌സണെ (1) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. പിന്നാലെ അമ്പാട്ടി റായുഡു എട്ടു റണ്‍സുമായി മടങ്ങി. 22 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയും (22) കൂടി മൂന്നു റണ്‍സുമായി കേദാര്‍ ജാദവും മടങ്ങി. തുടര്‍ന്നായിരുന്നു ധോനി - ജഡേജ കൂട്ടുകെട്ട്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു.

പ്രിയം ഗാർഗ് അഭിഷേക് ശർമ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലെത്തിച്ചത്.

പ്രിയം ഗാർഗ് 26 പന്തുകൾ നേരിട്ട് ഒരു സിക്‌സും ആറു ഫോറുമടക്കം 51 റൺസോടെ പുറത്താകാതെ നിന്നു. തന്റെ ആദ്യ ഐ.പി.എൽ അർദ്ധ സെഞ്ചുറിയും ഗാർഗ് സ്വന്തമാക്കി.. . 24 പന്തുകൾ നേരിട്ട അഭിഷേക് ശർമ ഒരു സിക്‌സും നാലു ഫോറുമടക്കം 31 റൺസെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ജോണി ബെയർസ്‌റ്റോയുടെ വിക്കറ്റ് നഷ്ടമായി.. ദീപക് ചാഹറിനായിരുന്നു വിക്കറ്റ്.. എട്ടാം ഓവറിൽ ഷാർദുൽ താക്കൂർ പാണ്ഡെയെ മടക്കി. 21 പന്തിൽ അഞ്ചു ഫോറുകൾ സഹിതം 29 റൺസെടുത്താണ് പാണ്ഡെ മടങ്ങിയത്. വാർണർ ഫാഫ് ഡുപ്ലെസിയുടെ മികച്ച ബൗണ്ടറി ലൈൻ ക്യാച്ചിൽ പുറത്താകുകയായിരുന്നു. വാർണർ 29 പന്തിൽ നിന്ന് 28 റൺസെടുത്തു.

നേരത്തെ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്ടൻ ഡേവിഡ് വാർണർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.