
ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഒരു ലക്ഷം കടന്നതായി റിപ്പോർട്ട്. 99,773 ആയിരുന്നു വെള്ളിയാഴ്ച രാവിലെ വരെയുള്ള രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം. എന്നാൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിദിന കൊവിഡ് കണക്ക് പുറത്തുവന്നതോടെയാണ് രാജ്യത്തെ രോഗം മൂലമുള്ള ആകെ മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞത്. എന്നാൽ കൊവിഡ് മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കടക്കുമ്പോഴും രോഗമുക്തി നിരക്കിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 78,877 പേർക്കാണ് രോഗം ഭേദമായത്. രാജ്യത്ത് ഇതുവരെ രോഗമുക്തി ഉണ്ടായവരുടെ എണ്ണം 53,52,078 ആണ്. 83.70 ആണ് രോഗമുക്തി നേടിയവരുടെ നിലവിലെ ശതമാനക്കണക്ക്. ഒടുവിലത്തെ കണക്ക് പ്രകാരം രാജ്യത്ത് ഇപ്പോൾ 9,42,217 പേരാണ് രോഗം മൂലം ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ രോഗം വന്നവരുടെ 14.74 ശതമാനമാണ് ഇത്.
ദേശീയ മാദ്ധ്യമമായ 'ഇന്ത്യ ടുഡേ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ആദ്യമായി കൊവിഡ് മരണം സ്ഥിരീകരിച്ച് ഏഴു മാസങ്ങൾ കഴിയുമ്പോഴാണ് രോഗം മൂലമുള്ള മരണങ്ങളുടെ എണ്ണം ഒരു ലക്ഷത്തിലധികമാകുന്നത്. മാർച്ചിലാണ് രാജ്യത്ത് ആദ്യമായി കൊവിഡ് മരണം സ്ഥിരീകരിച്ചത്. മാർച്ച് 12നാണ് കർണാടകയിലെ കാലാബുർഗിയിൽ മരണമടഞ്ഞ 76 വയസുകാരന് രോഗബാധ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം വന്നത്.
സൗദി അറേബ്യയിൽ നിന്നും നാട്ടിലിലേക്കെത്തിയ ആളായിരുന്നു മരിച്ചത്. 2020 ജനുവരി മുപ്പതിനാണ് ഇന്ത്യയിൽ ആദ്യമായി, കേരളത്തിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിലവിൽ മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം.ഇന്ന് മാത്രം സംസ്ഥാനത്ത് 15,591 പേർക്കാണ് രോഗബാധയുണ്ടായത്. 424 പേർ ഇന്ന് രോഗം മൂലം മരണമടഞ്ഞിട്ടുമുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 14,16,513 ആയി ഉയർന്നു.