
പ്രധാനമന്ത്രിക്ക് പറക്കാൻ
രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് പരിപൂർണ സുരക്ഷയും യാത്രാവേളയിൽ ഒൗദ്യോഗിക ചുമതലകൾ നിർവഹിക്കാൻ ഓഫീസ് സംവിധാനവും അടക്കം സജ്ജമാക്കിയ പ്രത്യേക വിമാനം എയർ ഇന്ത്യാ -വൺ
ഇന്ത്യയിലെത്തി. യു.എസിലെ ടെക്‌സാസിൽ നിന്ന് 13,000 കിലോമീറ്റർ പിന്നിട്ടാണ് കഴിഞ്ഞയാഴ്ച വിമാനം ന്യൂഡൽഹിയിലെത്തിയത്. അമേരിക്കൻ പ്രസിഡന്റിന്റെ എയർ ഫോഴ്സ് വൺ വിമാനത്തിന് സമാനമാണിത്. രണ്ടു വിമാനങ്ങളിൽ ആദ്യത്തേതാണിത്. രണ്ടിനും കൂടി വില 8458 കോടിരൂപ.
ബോയിംഗ് 777-300 എക്‌സ്‌റ്റൻഡഡ് റേഞ്ച് (ഇ. ആർ) വിമാനമാണ് പരിഷ്കരിച്ചത്. വ്യോമസേനാ പൈലറ്റുമാരായിരിക്കും വിമാനം പറത്തുക. നിലവിൽ എയർ ഇന്ത്യ പൈലറ്റുമാർക്കാണ് ഈ ചുമതല. മിസൈലുകൾ വഴിതെറ്റിച്ചു വിടുന്ന സുരക്ഷാ കവചമാണ് വിമാനത്തിലുള്ളത്.
ഒടുവിൽ ട്രംപിനും
ഭാര്യയ്ക്കും കൊവിഡ്
മാസ്‌ക് വയ്‌ക്കുന്നതു കൊണ്ട് കൊവിഡിനെ തടയാനാവില്ലെന്നു അവകാശപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് ബാധിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ട്രംപിന്റെ ഉപദേശക ഹോപ് ഹിക്‌സിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ട്രംപും ഭാര്യയും ക്വാറന്റീനിലായിരുന്നു. എയർഫോഴ്സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഉപദേഷ്ടാക്കളിൽ ഒരാളാണ് ഹോപ് ഹിക്‌സ്. ആഗോള സാമ്പത്തിക, വ്യവസായ മേഖലകളിലും ട്രംപിന്റെ രോഗവാർത്ത ചർച്ചയായിരിക്കുകയാണ്. ഇതോടെ നവംബർ മൂന്നിന് നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്.
ബാബറി മസ്ജിദ് കേസ് വിധി
ഉത്തർപ്രദേശിലെ ബാബറി മസ്ജിദ് തകർത്തതു സംബന്ധിച്ച ക്രിമിനൽ കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി അടക്കമുള്ള 32 പ്രതികളെയും വ്യക്തമായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടു. പ്രതികളുടെ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും തെളിവായി അംഗീകരിക്കാൻ ജഡ്‌ജി എസ്.കെ. യാദവ് തയാറായില്ല.
പള്ളി തകർത്തത് സാമൂഹ്യ വിരുദ്ധരാണെന്നും അവരെ തടയാനാണു നേതാക്കൾ ശ്രമിച്ചതെന്നും 2300 പേജുള്ള വിധിന്യായത്തിൽ പറയുന്നു. പള്ളിക്കകത്ത് വിഗ്രഹങ്ങൾ ഉണ്ടായിരുന്നതിനാലാണു തകർക്കുന്നതു തടയാൻ വിശ്വഹിന്ദു പരിഷത്ത് നേതാവായ അന്തരിച്ച അശോക് സിംഗാൾ ശ്രമിച്ചതെന്നുമായിരുന്നു കോടതിയുടെ വിശദീകരണം. വിധിന്യായം രാജ്യത്താകെ വൻ പ്രതിഷേധത്തിനും ഇടയാക്കി.
കുവൈത്ത് അമീറിനു വിട
മാനവികതയുടെ നേതാവ് എന്നു വിശേഷിപ്പിക്കപ്പെട്ട കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (91) വിടവാങ്ങി. കിരീടാവകാശിയാകാതെയാണ് ഷെയ്ഖ് സബാഹ് ഭരണാധികാരിയായത്. 2006ൽ അമീർ ഷെയ്ഖ് ജാബറിന്റെ മരണത്തിനു പിന്നാലെ ഷെയ്ഖ് സഅദ് കിരീടാവകാശി ആയി. എന്നാൽ, അനാരോഗ്യം കാരണം അദ്ദേഹത്തെ ഒൻപത് ദിവസത്തിനു ശേഷം പാർലമെന്റ് നീക്കി. പിന്നീട്, ജാബറിന്റെ അർദ്ധസഹോദരനും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സബാഹ് അമീറായി. 40 കൊല്ലം വിദേശകാര്യമന്ത്രിയായിരുന്നു സബാഹ്. 1962ൽ ഇൻഫർമേഷൻ മന്ത്രി. 1963 മുതൽ 2003 വരെ വിദേശകാര്യമന്ത്രിയും തുടർന്ന് ഉപപ്രധാനമന്ത്രിയുമായിരുന്നു.
ജീവകാരുണ്യപ്രവർത്തനങ്ങളെ മാനിച്ച് യുഎൻ അദ്ദേഹത്തിന് 'ഹ്യുമാനിറ്റേറിയൻ ലീഡർ' പുരസ്‌കാരം നല്‌കി.
കരുത്തു കൂട്ടി ബ്രഹ്മോസ്
400 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യത്തിലേക്ക് തൊടുക്കാനാവുന്ന ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബാലസോർ ഇന്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ വച്ച് കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.45 ഓടെയാണ് പരീക്ഷണം നടന്നത്. ഡി.ആർ.ഡി.ഒയുടെ പി.ജെ-10 പദ്ധതിക്ക് കീഴിലായിരുന്നു പരീക്ഷണം.
വിമാനവാഹിനികൾ പോലുള്ള സുപ്രധാന യുദ്ധക്കപ്പലുകൾ തകർക്കാനും ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പ്രഹരിക്കാനും ഇവയ്‌ക്ക് സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എയർഫ്രെയിമും ബൂസ്റ്ററുമുള്ള മിസൈലിന്റെ പുതിയ പതിപ്പിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമാണിത്. അതിവേഗത്തിൽ സഞ്ചരിക്കുന്നതിനാൽ റഡാറുകളുടെ കണ്ണിൽപ്പെടില്ല.
ജസ്വന്ത് സിംഗ് അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാപക നേതാക്കളിൽ ഒരാളുമായ ജസ്വന്ത് സിംഗ് (82) അന്തരിച്ചത് കഴിഞ്ഞയാഴ്ചയാണ്. 2014ൽ കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റ ശേഷം ശരീരം തളർന്ന അവസ്ഥയിലായിരുന്നു. 
സൈന്യത്തിലെ ഓഫീസർ പദവി രാജിവച്ച് 1965ൽ ജനസംഘത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ജസ്വന്ത് ബി.ജെ.പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. അടൽ ബിഹാരി വാജ്പേയിയും എൽ.കെ. അദ്വാനിയും ബി.ജെ.പിയെ നിയന്ത്രിച്ചിരുന്ന സമയത്ത് നിർണായക പദവികൾ വഹിച്ചെങ്കിലും നരേന്ദ്രമോദി - അമിത് ഷാ യുഗത്തിൽ നിറം മങ്ങി. ജിന്നയെ പ്രകീർത്തിച്ച് പുസ്തകം (ജിന്ന- ഇന്ത്യാ വിഭജനവും സ്വാതന്ത്ര്യവും) എഴുതിയതിന് 2009ൽ ബി.ജെ.പിയിൽ നിന്ന് പുറത്താക്കി. 2010ൽ തിരിച്ചെത്തി. 2012ൽ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായെങ്കിലും ഹമീദ് അൻസാരിയോട് തോറ്റു. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വദേശമായ ബാർമീറിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നേതൃത്വത്തെ ധിക്കരിച്ച് സ്വതന്ത്രനായി മത്സരിച്ചപ്പോഴും തോറ്റു. 2014 ആഗസ്റ്റിൽ കുളിമുറിയിൽ വീണ് പരിക്കേറ്റതോടെ രാഷ്ട്രീയം വിട്ടു.