
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു. മുപ്പത്തിമൂന്നുകാരിയായ യുവതിയെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാത്തതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
നാല് ദിവസം മുമ്പാണ് പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാത്തതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. കേസെടുക്കാത്തതിൽ യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കേസെടുക്കുന്നതിന് പകരം പരാതി നൽകാനെത്തിയ യുവതിയുടെ ഭർത്താവിനേയും ബന്ധുക്കളേയും പൊലീസ് തടഞ്ഞുവച്ചുവെന്നും അടുത്ത ദിവസമാണ് ഇവരെ വിട്ടയച്ചതെന്നും ആരോപണമുണ്ട്.
സംഭവം വിവാദമായതോടെ പൊലീസ് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇന്നലെ വീടിന് സമീപം വെളളമെടുക്കാനായി പോയ യുവതിയെ അയൽക്കാരിയായ ഒരു സ്ത്രീ പീഡനത്തിന് ഇരയായ കാര്യം പറഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു. ഇവർക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കേസിലെ പ്രതികളിൽ ഒരാളുടെ പിതാവിന്റെ പേരിലും ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തു.
പരാതി നൽകിയിട്ടും കേസെടുക്കുന്നതിൽ വീഴ്‌ച വരുത്തിയ എ.എസ്.ഐ മിശ്രിലാലിനെ സസ്‌പെൻഡ് ചെയ്തുവെന്നും ഡ്യൂട്ടിയിൽ വീഴ്‌ച വരുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തുവെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു. വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംഭവത്തിൽ ഉത്തവാദികളായ അഡീഷണൽ എസ്.പി രാജേഷ് ചൗധരി, എസ്.ഡി.ഒ.പി സീതാറാം യാദവ് എന്നിവരെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു.