
തിരുവനന്തപുരം: കൊവിഡ് വ്യാപനം അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിൽ വന്നതോടെ പൊലീസ് നിയന്ത്രണവും ജാഗ്രതയും കർശനമാക്കി. പൊതുസ്ഥലങ്ങളിൽ അഞ്ചിലധികം ആളുകൾ സ്വമേധയാ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. നിരോധനാജ്ഞയ്ക്ക് പിന്നാലെ ഗ്രാമനഗര വ്യത്യാസമില്ലാതെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കി നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാകളക്ടർമാർക്ക് അധികാരം നൽകിയിട്ടുണ്ട്. 31ന് അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ.
വിലക്ക് ലംഘിച്ചാൽ കർശന നടപടി
നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഉടനടി നടപടി വേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ വരുംദിവസങ്ങളിൽ മാത്രമേ സ്വീകരിക്കൂവെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. കടകളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസ് പരിശോധന നടത്തും. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമിരുന്നാൽ പൊലീസ് നടപടിയെടുക്കും. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ തന്നെ കടകളിലും മാർക്കറ്റുകളിലും പതിവുപോലെയുള്ള തിരക്ക് അനുഭവപ്പെട്ടില്ല.
നിയന്ത്രണങ്ങൾ ഇങ്ങനെ
കണ്ടെയ്ൻമെന്റ് സോണുകളിൽ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതുപരിപാടികളോ കൂടിച്ചേരലുകളോ പാടില്ല
വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. ഇൻഡോർ, ഔട്ട് ഡോർ പരിപാടികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും
കണ്ടെയ്ൻമെന്റ് സോണുകളിൽ പലചരക്ക്, മരുന്ന്, പാൽ, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യൂ, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യസർവീസുകൾക്കും പ്രവർത്തിക്കാം
അടിയന്തര മെഡിക്കൽ സേവനങ്ങൾ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയ്‌ക്കൊഴികെ ആളുകൾ കണ്ടെയിൻമെന്റ് സോണിൽ നിന്നു പുറത്തേക്കു പോകരുത്
കണ്ടെയ്ൻമെന്റ് സോണിനു പുറത്ത് അഞ്ചുപേരിൽ കൂടുതലുള്ള പൊതുപരിപാടികളോ കൂട്ടംചേരലുകളോ അനുവദിക്കില്ല
സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകൾ എന്നിവയ്ക്കുള്ള ഇൻഡോർ പരിപാടികളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം
പ്രാർത്ഥനാ ചടങ്ങുകൾക്കും ശവസംസ്‌കാര ചടങ്ങുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും
കണ്ടെയ്ൻമെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകൾ നടത്താം.കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം
കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത ഇടങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ഇളവുകൾ പാലിക്കണം
പൊതുഗതാഗതം, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യവ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ പ്രോട്ടോക്കോളുകൾ പാലിച്ച് പ്രവർത്തിക്കാം
മുമ്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകൾ മുൻനിശ്ചയിച്ചതനുസരിച്ച് നടത്താം
ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ
ബാങ്കുകൾ, കടകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കു മുമ്പിൽ ഒരേസമയം അഞ്ചുപേരിൽ കൂടുതൽ പാടില്ല
ആളുകൾ അനാവശ്യമായി വീടിന് പുറത്തിറങ്ങരുത്