
ഗായകനായി മാത്രമല്ല, അഭിനയത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് വിജയ് യേശുദാസ്.'സലൂണിലൂടെ' ഒരു ബിസിനസുകാരനാകാൻ കൂടി ഒരുങ്ങുകയാണ് അദ്ദേഹമിപ്പോൾ. എന്താണ് തന്നെ സലൂൺ എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് കേരള കൗമുദി ഓൺലൈനിനോട് വിജയ് മനസു തുറക്കുന്നു.
'പുതിയൊരു തുടക്കം. കുറേക്കാലം ഒരു രംഗത്ത് മാത്രം ഇരുന്നിട്ട് പ്രത്യേകിച്ച് വലിയ ഗുണമൊന്നുമില്ല, ഇരുപത് വർഷം പാടി എന്നുള്ളതല്ലാതെ. ഗായകനായിട്ട് ഇത്രമാത്രം പൈസയൊക്കെയേ ഉണ്ടാക്കാനാകൂവെന്നതിന്റെ തെളിവാണ് ഞാൻ. അതൊരു തെറ്റായിട്ട് പറയുകയല്ല, റിയാലിറ്റി അതാണ്. അത് മാത്രം പോര എന്ന ചിന്ത കുറേനാളായിട്ട് മനസിലുണ്ടായിരുന്നു.
സലൂൺ എന്ന ആശയം വന്നത് ഒരു സുഹൃത്ത് വഴിയാണ്. എന്റെയടുത്ത് ഇങ്ങനെയൊരു ഐഡിയ പറഞ്ഞപ്പോൾ പോയി അന്വേഷിച്ചു. ഇന്റീരിയൽസ്, ആംബിയൻസ് എല്ലാം വ്യത്യസ്തമായ ഒരു കോൺസപ്റ്റിലാണ്. അമേരിക്കയിലൊക്കെ പോകുമ്പോൾ താടിയൊക്കെ ട്രിം ചെയ്യാൻ പ്രോപ്പറായിട്ടുള്ള ബാർബർ ഷോപ്പിലൊക്കെയാണ് പോകാറ്. കൊച്ചിയിൽ ആദ്യമായി അങ്ങനെയൊരു ഷോപ്പ് തുടങ്ങാൻ പറ്റുമെന്ന ഐഡിയ വന്നപ്പോൾ ഞാൻ അതിൽ പിടിച്ചു. ഞങ്ങൾ മൂന്ന് പേരാണ് ബിസിനസ് പാർട്‌നേഴ്സ്.
'ചോപ്ഷോപ്പ്' എന്ന് പറയുന്നത് ഒരു യു.എസ് ബേസ്ഡ് ബ്രാന്റാണ്. ഇതിന്റെ ഉടമസ്ഥർ ഫോറിനേഴ്സാണ്.ഒരു കനേഡിയനാണ് മെയിൻ ഓണർ.അവർക്ക് ഇന്ത്യയിൽ ഇതുവരെ ആകെ ഒരു സ്‌റ്റോറേയുള്ളു. അത് ഗോവയിലാണ്. ഇപ്പോൾ കൊച്ചിയിൽ വരുന്നത് ഇന്ത്യയിലെ രണ്ടാമത്തെ സ്‌റ്റോറാണ്. പുരുഷന്മാർക്ക് മാത്രമേയുള്ളു സർവീസ്. എറണാകുളത്തേക്ക് ഏറ്റവും റേറ്റ് കൂടിയ ഒരു സലൂൺ ആയിരിക്കാം ഇത്. സ്റ്റാഫുകളെല്ലാം സർട്ടിഫൈഡ് ആണ്.
പ്രൊഡക്ട്സിന്റെ ക്വാളിറ്റിയിലോ, സർവീസിന്റെ ക്വാളിറ്റിയിലോ ഒരു കോംപ്രമൈസുമില്ല. ഹൈജീനിന്റെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ല. അതിനൊന്നും വേറെ ചാർജുകളൊന്നും ഈടാക്കുന്നില്ല. പിന്നെ മറ്റൊരു പ്രത്യേകത ഇതിന്റെ ഇന്റീരിയൽസാണ്. മലയാളികൾക്ക് മൊത്തത്തിലൊരു പുതിയ അനുഭവമായിരിക്കും.'- അദ്ദേഹം പറഞ്ഞു.