
ന്യൂഡൽഹി: ഒരു കാലത്ത് കുട്ടിൾക്കിടയിൽ തരംഗം സൃഷ്‌ടിച്ച അമാനുഷിക കഥാപാത്രം തിരിച്ചുവരുന്നു. തൊണ്ണൂറുകളിൽ ജനിച്ച കുട്ടികളോട് നിങ്ങളുടെ സൂപ്പർ ഹീറോ ആരെന്ന ചോദ്യത്തിന് ഭൂരിപക്ഷത്തിനും ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുളളൂ, ശക്തിമാൻ. ശക്തിമാൻ കാണാൻ ടെലിവിഷന് മുന്നിൽ കുട്ടികൾ കൂട്ടത്തോടെ കാത്തിരുന്ന കാലമായിരുന്നു അത്. അന്ന് കുട്ടികളായിരുന്നവരൊക്കെ ഇന്ന് മാതാപിതാക്കളായ സമയത്താണ് ശക്തിമാന്റെ തിരിച്ചുവരവ്.
ശക്തിമാനായി മിനിസ്‌ക്രീനിലെത്തിയിരുന്ന നടൻ മുകേഷ് ഖന്നയാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശക്തിമാൻ തിരിച്ചുവരുന്നുവെന്ന വിവരം പുറത്തുവിട്ടത്. ശക്തിമാൻ തിരിച്ചുവരുന്ന വിവരം ലോകത്തെ അറിയിക്കാറായെന്ന് മുകേഷ് ഖന്ന ട്വിറ്ററിൽ കുറിച്ചു. താൻ തന്നെയായിരിക്കും ശക്തിമാനായി സ്‌ക്രീനിലെത്തുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. 62 വയസുകാരനായ താരത്തിന്റെ ശക്തിമാനായുളള തിരച്ചുവരവിൽ എന്തൊക്കെ കൗതുകങ്ങളും അത്‌ഭുതങ്ങളുമാണ് കാത്തിരിക്കുന്നത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മൂന്ന് ചിത്രങ്ങളുടെ പരമ്പരയായി ബിഗ് സ്‌ക്രീനിലൂടെ ആണ് ശക്തിമാന്റെ രണ്ടാം വരവ്. ചിത്രത്തിന്റ റിലീസ് ഒ.ടി.ടിയിലോ ടെലിവിഷനിലോ ആയിരിക്കില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. സീരീസിലെ ആദ്യചിത്രത്തിന്റെ നിർമ്മാണം 2021ൽ ആരംഭിക്കും. ചിത്രത്തിന്റ കൂടുതൽ വിവരങ്ങൾ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും മുകേഷ് ഖന്ന അറിയിച്ചു.
ശക്തിമാന്റെ തിരിച്ചുവരവിനായി കഴിഞ്ഞ മൂന്നുവർഷമായി പ്രവർത്തിക്കുകയായിരുന്നെന്ന് ബോംബേ ടൈംസിന് നൽകിയ അഭിമുഖത്തിൽ മുകേഷ് ഖന്ന നേരത്തെ പറഞ്ഞിരുന്നു. സമകാലിക കഥാപശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ മാസം മറ്റൊരു മാദ്ധ്യമത്തിൽ ശക്തിമാന്റെ രണ്ടാം വരവിനെ കുറിച്ച് സംസാരിച്ച താരം കഥയുടെ ബാക്കിയറിയാനുള്ള പ്രേക്ഷകരുടെ ആകാംഷയുടെ പുറത്താണ് സിനിമ നിമ്മിക്കുന്നതെന്ന് പറഞ്ഞിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ പരമ്പരയാണ് ദൂരദർശനിലൂടെ പുറത്തുവന്ന ശക്തിമാൻ. 1997 മുതൽ 2005 വരെയായിരുന്നു പ്രക്ഷേപണം. പണ്ഡിറ്റ് ഗംഗാധർ വിദ്യാധർ മായാധർ ഓംകാർനാഥ് ശാസ്ത്രിയുടെ മറ്റൊരു വ്യക്തിത്വമായെത്തുന്ന ശക്തിമാൻ എന്ന സൂപ്പർഹീറോയെയാണ് മുകേഷ് ഖന്ന അവതരിപ്പിച്ചത്.