rambu-solo

'അച്ഛന് ചുവപ്പ് ഷർട്ടാണ് ചേരുക , അത് മതി.'

റെനെറ്റ എന്ന കുട്ടിക്കുറുമ്പി വാശിയിലാണ്. '

'അച്ഛന് ഞാൻ പറഞ്ഞ ചുവപ്പ് ഷർട്ടല്ലേ ഇഷ്ടം, അല്ലേ അച്ഛാ ...' അവൾ ചിണുങ്ങി.

വെള്ള ഷർട്ടുമായി നിന്നിരുന്ന സഹോദരനോട് അവൾ തർക്കിക്കുകയാണ്.

എന്നാൽ അച്ഛൻ, മക്കളുടെ തർക്കം കേട്ട മട്ടില്ല.

ലോകത്തെവിടെയും അരങ്ങേറാവുന്ന ഒരു സാധാരണ കുടുംബ രംഗമാണെന്ന് കരുതിയോ?..

ചെറിയൊരു വ്യത്യാസമുണ്ടിവിടെ. മരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞ അച്ഛന്റെ മൃതദേഹമാണ് മക്കൾക്കൊപ്പമുള്ളത്. വിചിത്രമായി തോന്നുമെങ്കിലും സംഗതി സത്യമാണ്.

ഇൻഡോനേഷ്യയിലെ സുലുവേസി ദ്വീപിലെ ടൊറാജാൻ വിഭാഗക്കാർക്കിടയിലാണ് ഈ വിചിത്രമായ ആചാരം. മരണശേഷം , മാസങ്ങളോളവും ചിലപ്പോൾ വർഷങ്ങളോളവും മൃതശരീരം കുടുംബത്തിൽ സൂക്ഷിക്കുന്നതാണ് ഇവരുടെ രീതി. ഫോർമാലിൻ ലായനി ഉപയോഗിച്ചാണ് മൃതദേഹം കേടാകാതെ വയ്ക്കുക.

മാസങ്ങൾക്ക് ശേഷമുള്ള വിപുലമായ മരണാനന്തര ചടങ്ങ് കഴിയും വരെ മൃതശരീരം കുടുംബാംഗങ്ങളോടൊപ്പം കഴിയും. മരിച്ച വ്യക്തി വീട്ടിൽ ജീവിച്ചിരിക്കുന്നതായി സങ്കല്പിച്ച് സകല പരിഗണനകളും നൽകും. നല്ല വസ്ത്രങ്ങളും നാല് നേരം ഭക്ഷണവും എല്ലാം. എന്തിനേറെ മൃതദേഹത്തെ പുറത്ത് ചുറ്റിക്കറക്കാനും ഫോട്ടോ എടുക്കാനുമൊക്കെ കൊണ്ടുപോകാറുണ്ട്.

രോഗാവസ്ഥയിലുള്ള ആളാണെന്ന സങ്കല്പത്തിലാണ് പരിചരിക്കുക.വർഷങ്ങളോളം ഇത്തരത്തിൽ മൃതദേഹം സൂക്ഷിക്കുന്നവർ പോലുമുണ്ട് ടോറാജാനിൽ.
നമ്മുടെ സമൂഹം മരണത്തെ മഹാ ദുഖമായി കാണുമ്പൊ ടൊറോജാൻകാർക്ക് അത് ജീവിതത്തിന്റെ തുടർച്ചയാണ്. മരിച്ചവരെ പ്രിയപ്പെട്ടവരിൽ നിന്ന് പെട്ടെന്ന് പറിച്ചെറിയാൻ ടൊറാജാൻകാർ തയ്യാറല്ല. അതുകൊണ്ട് തന്നെ അച്ഛന്റെ മൃതദേഹത്തിനൊപ്പം കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന മക്കൾ ഇവിടെ പതിവ് കാഴ്ചയാണ്. 10 വർഷം മുമ്പ് മരിച്ചുപോയ മുത്തശ്ശിയെ അണിയിച്ചൊരുക്കുന്നതും, അവർക്കൊപ്പം ചായസത്കാരം നടത്തുന്നതും ഫോട്ടോ എടുക്കുന്നതുമൊക്കെ ഇവിടെ സാധാരണമാണ്.

ലക്ഷങ്ങൾ ചെലവഴിച്ച് സംസ്‌കാരം
മരണാനന്തര ചടങ്ങുകൾ ഏറ്റവും ആർഭാടപൂർവമായ ആഘോഷമാണ്. ഇതിനായുള്ള തുക സ്വരൂപിക്കാനും ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താനുമൊക്കെയാണ് പലപ്പോഴും ശവസംസ്‌കാരം വൈകുന്നത്.

'റമ്പു സോളോ 'എന്ന മരണാനന്തര ചടങ്ങിലെ ആർഭാടം അഭിമാന പ്രശ്‌നമാണ് ടൊറാജാൻകാർക്ക്. മക്കളുടെ പഠനചെലവ് ഉൾപ്പെടെ മാറ്റിവെച്ച് ആയുഷ്‌‌കാല സമ്പാദ്യം മുഴുവൻ കുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങിനായി ചിലവഴിക്കുന്നവരാണിവർ. ബാങ്ക് വായ്പയെടുത്ത് ശവസംസ്‌കാരം നടത്തുന്നത് സാധാരണമാണ്. ചടങ്ങിന്റെ ഭാഗമായി പോത്തുകളെ ബലിഅർപ്പിക്കും. ധനസ്ഥിതിക്കനുസരിച്ച് പോത്തുകളുടെ എണ്ണം ഏറിയും കുറഞ്ഞും ഇരിക്കും.

'പുയ' എന്നറിയപ്പെടുന്ന ആത്മാക്കളുടെ ലോകത്തേക്ക് പോകുന്ന പ്രയപ്പെട്ടവർക്ക് അവിടെ അല്ലലില്ലാതെ കഴിയാനാണ് ഈ പോത്ത് കുട്ടൻമാരെ ഒപ്പം വിടുന്നത്. നാന്നൂറോളം പോത്തുകളെ വരെ ബലികഴിക്കുന്നവരുണ്ട്. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചാണെന്ന് മാത്രം. ദിവസങ്ങൾ നീളുന്ന ചടങ്ങുകൾക്ക് ശേഷം, കുത്തനെയുള്ള മലഞ്ചെരുവിലെ അറകളിലാണ് മൃതദേഹം അടക്കം ചെയ്യുന്നത്. കൊച്ചു കുട്ടികളുടെ ശരീരങ്ങൾ മരപ്പൊത്തുകളിലാണ് അടക്കം ചെയ്യുക.

ആഘോഷമായി 'മാനേനെ"

ആഘോഷപൂർവം സംസ്കാരം നടത്തി അടക്കം ചെയ്താൽ പിന്നെ പരേതരെ എന്നേക്കുമായി ടൊറോജൻകാർ വിട്ടുകളയും എന്ന് കരുതണ്ട. ഇനിയാണ് ശരിക്കുള്ള ആഘോഷം. 'മാനേനെ' എന്നാണിത് അറിയപ്പെടുന്നത്.

എല്ലാ വർഷവും ആഗസ്റ്റിൽ ഈ മൃതശരീരങ്ങളെ പുറത്തെടുത്ത് വൃത്തിയാക്കി,പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിക്കും. എന്നിട്ട് വീട്ടിൽ കൊണ്ടുപോയി സത്കരിക്കും. ഘോഷയാത്രയായി നാടുമുഴുവൻ കൊണ്ടുനടക്കും. ഉഗ്രൻ വിരുന്ന് നൽകും. പരേതന്റെ പ്രിയപ്പെട്ട ഇടങ്ങളിലെല്ലാം കൊണ്ടുപോകും. ഒടുവിൽ പരേതന്റെ ഇഷ്‌ടവസ്തുക്കൾ പെട്ടിയിലാക്കി തിരികെ കല്ലറയിൽ വയ്‌ക്കും. ഈ ചടങ്ങാണ് 'മാനേനെ'. അടുത്തവർഷവും ഇത് ആവർത്തിക്കും. ചുക്കിചുളിഞ്ഞ് വികൃതമായ മൃതദേഹത്തെ പുറത്തെടുത്ത് മേക്കപ്പ് ഇടുന്നതും വസ്ത്രങ്ങൾ അണിയിക്കുന്നതുമെല്ലാം ഇവിടുള്ളവർക്ക് ഏറ്റവും വിശിഷ്ടമായ പ്രവൃത്തികളിലൊന്നാണ്. കൊച്ചുകുട്ടികൾ പോലും ഇതിന് തയ്യാറായി മുന്നോട്ട് വരുന്നു. 50 വർഷത്തിലധികം പഴക്കമുള്ള മൃതദേഹങ്ങൾ വരെ ഇത്തരത്തിൽ പുറത്തെടുക്കാറുണ്ടത്രേ.

ടൊറാജ
സുലാവേസി പ്രവിശ്യയിലെ ടൊറാജ നിവാസികളാണ് ടൊറാജക്കാർ. ഒരു കോടിയോളം ജനസംഖ്യയുള്ള ഇവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. എങ്കിലും അലുക് തൊ ദോളോ എന്ന പരമ്പരാഗത അനിമിസ്റ്റ് വിശ്വാസ രീതിയെ കൈവിടാത്തവരാണ് ടൊറാജക്കാർ. ടൊറാജൻ എഴുത്ത് ഭാഷ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് രൂപപ്പെട്ടതെങ്കിലും എ.ഡി. ഒൻപതാം നൂറ്റാണ്ട് മുതൽ 'മാനേനെ' നിലനില്‌ക്കുന്നതായി പഠനങ്ങൾ പറയുന്നു.