
ന്യൂഡൽഹി: രാജ്യത്ത് ആദ്യ പ്രവിശ്യ സ്ഥാപിക്കാൻ സ്ഥാപിക്കാൻ ഐസിസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാടുകൾക്കുള്ളിലായിരുന്നു ഇതിനായിട്ടുള്ള ശ്രമം നടന്നത്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ അൽ ഹിന്ദ് ഗ്രൂപ്പിൽപ്പെട്ട 17 പേർക്കെതിരെയുള്ള കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. 2019 ഡിസംബർ-ജനുവരി കാലയളവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നുള്ള മെഹബൂബ് പാഷ, കൂടല്ലൂരിൽ നിന്നുള്ള കാജാമൊയ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതി. കുപ്രസിദ്ധ ചന്ദനക്കടത്തുകാരനായ വീരപ്പനെ 'മാതൃകയാക്കാനായിരുന്നു ഉദ്ദേശം.
പാഷ നാല് ഭീകരർക്ക് ഒപ്പം കർണാടകയിലെ ശിവസമുദ്ര മേഖലയിലെ കാട്ടിലെത്തി ഭീകര താവളത്തിനായുള്ള സ്ഥലം കണ്ടെത്തിയിരുന്നു. സ്‌ഫോടകവസ്തുക്കളും ടെന്റ് നിർമിക്കാനുള്ള വസ്തുക്കളും സംഘം ശേഖരിച്ചതായും എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.
ഇന്ത്യയിലുടനീളമുള്ള മത,രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് ഉന്നത വ്യക്തികൾ എന്നിവരെ കൊലപ്പെടുത്താനും ഇവർ ലക്ഷ്യമിട്ടിരുന്നു. കൂടാതെ ജനങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കാനുള്ള വിവിധ ആക്രമണങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നു.
കുടക്, കോളാർ, ചിറ്റൂർ എന്ന മേഖലകളിലും ഭീകരർ തവളം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. കാജാ മൊയ്ദീൻ പാരമ്പര്യമായി കിട്ടിയ ഭൂമി വിറ്റതായും, പരിശീലന സാമഗ്രികളും മറ്റും വാങ്ങാൻ 5 ലക്ഷം രൂപ നൽകിയതായും എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു. അൽഹിന്ദ് ട്രസ്റ്റിന്റെ പരിസരത്ത് കുങ് ഫു പോലുള്ള ആഭ്യാസ മുറകളും ഭീകരർ പരിശീലിച്ചു. കൂടാതെ പാഷയുടെ നിർദേശപ്രകാരം, ഭീകരർ വിവിധ നഗരങ്ങളിൽ നടന്ന പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനും, (സിഎഎ), എൻ.ആർ.സിയ്ക്കും എതിരായ പ്രതിഷേധത്തിലും പങ്കെടുത്തു.