
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടൽ ടണൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ പത്ത് മണിയ്‌ക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് തുടങ്ങിയവർ പങ്കെടുത്തു. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടൽ ടണൽ സമുദ്ര നിരപ്പിൽ നിന്നും 3000 മീറ്റർ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

9.02 കിലോമീറ്ററാണ് ടണലിന്റെ നീളം. മണിക്കൂറിൽ 80 കിലോമീറ്ററാണ് ടണലിനുളളിലെ വേഗപരിധി. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങൾക്ക് ടണലിലൂടെ കടന്നു പോകാൻ കഴിയും. ദിവസവും 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള തീപിടിത്തം ബാധിക്കാത്ത മറ്റൊരു സമാന്തര പാതയും തുരങ്കത്തിന്റെ ഭാഗമാണ്.

മണാലിയിൽ നിന്നും ലേയിലേക്കുള്ള ദൂരം കുറയ്‌ക്കാനും തുരങ്കം സഹായിക്കും. മണാലിയും ലേയും തമ്മിലുള്ള ദൂരത്തിൽ 46 കിലോമീറ്ററിന്റെ കുറവാണ് തുരങ്കത്തിന്റെ വരവോടെ ഉണ്ടാകുന്നത്. ജമ്മു കാശ്‌മീരിലെ തന്ത്രപ്രധാന മേഖലകളിലേക്ക് സൈനികരുടെ നീക്കങ്ങൾ വേഗത്തിലാക്കാനും ഈ മാർഗം സഹായിക്കും.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയോടുള്ള ബഹുമാനാർത്ഥമാണ് ഈ തുരങ്കത്തിന് അടൽ ടണൽ എന്ന് പേര് നൽകിയിരിക്കുന്നത്. റോഹ്‌തംഗ് ടണൽ എന്നറിയപ്പെടുന്ന അടൽ ടണൽ 3200 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.

2000 ജൂൺ മൂന്നിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത് ബോർഡർ റോഡ്‌സ് ഓർഗനൈസേഷനായിരുന്നു തുരങ്കത്തിന്റെ നിർമ്മാണ ചുമതല.തുരങ്കത്തിലൂടെയുള്ള ഗതാഗതം ഉദ്ഘാടനം ചെയ്‌തതോടെ കാലങ്ങളായി സൈനികരും ഈ ഭാഗത്തെ ജനങ്ങളും അനുഭവിക്കുന്ന യാത്രാദുരിതത്തിനാണ് അറുതി വന്നിരിക്കുന്നത്. സാമ്പത്തികവും സാമൂഹികവുമായ വലിയ മാറ്റങ്ങളാണ് ഇതുവഴി പ്രദേശത്ത് ഉണ്ടാകുന്നത്.

അടൽ ടണലിന്റെ നിർമ്മാണത്തിൽ മുഖ്യ ചുമതല കണ്ണൂർ സ്വദേശിയായ മലയാളിക്കായിരുന്നു. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എഞ്ചിനിയർ കണ്ണൂർ ഏച്ചൂർ സ്വദേശി കെ.പി പുരുഷത്തമന്റെ നേതൃത്വത്തിലാണ് ടണൽ നിർമ്മാണം പൂർത്തിയായത്.
