debit-card

കൊച്ചി: സാധാരണക്കാരന്റെ ജീവിതത്തെയും സാമ്പത്തിക ഇടപാടുകളെയും ബാധിക്കുന്ന നിരവധി മാറ്റങ്ങളുമായാണ് ഈ ഒക്‌ടോബറിന്റെ പിറവി. എൽ.പി.ജി കണക്‌ഷൻ, ഡ്രൈവിംഗ് ലൈസൻസ്, ആരോഗ്യ ഇൻഷ്വറൻസ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുപയോഗം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ മാറ്റങ്ങൾ ഒക്‌ടോബർ ഒന്നിന് നിലവിൽ വന്നു.

1) ഡ്രൈവിംഗ് ലൈസൻസ്,

ഇ-രേഖ മതി

ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ ആർ.സി, ഇൻഷ്വറൻസ്, പുക സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ ഒറിജിനൽ ഇനി കൈയിൽ കരുതണമെന്നില്ല. പകരം, മൊബൈൽ ഫോണിലാക്കിയ ഇ-രേഖകൾ കാട്ടിയാൽ മതി. ഡിജിലോക്കർ, എം-പരിവാഹൻ മൊബൈൽ ആപ്പ് എന്നിവയിൽ ഈ രേഖകൾ കരുതാം.

2) എൽ.പി.ജി ഇനി ഫ്രീയില്ല

പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം സൗജന്യമായി എൽ.പി.ജി കണക്‌ഷൻ നൽകുന്ന പദ്ധതി അവസാനിപ്പിച്ചു.

3) മധുരപലഹാരക്കടയിൽ

'കാലാവധി" പ്രദർശിപ്പിക്കണം

മധുര പലഹാരക്കടകൾ ഇനിമുതൽ പായ്‌ക്കു ചെയ്യാതെയും ചില്ലറയായും വില്ക്കുന്ന സാധനങ്ങളുടെ 'ബെസ്‌റ്റ് ബിഫോർ ഡേറ്റ്" (ഇനത്തിന്റെ ഉപയോഗ കാലാവധി തീരുന്ന ദിനം) പ്രദർശിപ്പിക്കണം. ഫുഡ് സേഫ്‌റ്റി ആൻഡ് സ്‌റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടേതാണ് (എഫ്.എസ്.എസ്.എ.ഐ) നിർദേശം.

4) എണ്ണ 'കലർത്തൽ"

ഇനി നടപ്പില്ല

കടുകെണ്ണ മറ്റ് എണ്ണകളുമായി കലർത്തി വിൽക്കുന്നത് എഫ്.എസ്.എസ്.എ.ഐ നിരോധിച്ചു.

5) ടിവി ഘടകങ്ങൾക്ക്

ചെലവേറും

ആത്മനിർഭർ ഇന്ത്യ കാമ്പയിന്റെ ഭാഗമായി ആഭ്യന്തര ഉത്‌പാദനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട്, ടിവി ഘടകങ്ങളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനം വർദ്ധിപ്പിച്ചു.

6) ഫോൺ നാവിഗേഷന് മാത്രം

വാഹനം ഓടിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാം, പക്ഷേ അത് റൂട്ട് നാവിഗേഷന് വേണ്ടി മാത്രമായിരിക്കണം.

7) വിദേശ ഫണ്ട് ട്രാൻസ്‌ഫറിന്

ചെലവേറും

ഏഴ് ലക്ഷം രൂപയ്ക്കും അതിനുമുകളിലുമുള്ള വിദേശ ഫണ്ട് ട്രാൻസ്‌ഫറുകൾക്കും ടൂർ പാക്കേജുകൾക്കും അഞ്ച് ശതമാനം ഉറവിടത്തിൽ നിന്നുള്ള നികുതി (ടി.സി.എസ്).

8) ഇൻഷ്വറൻസിന് വലിയ വില

ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിന് ചെലവേറും; 13 രോഗങ്ങളെ കൂടി പരിരക്ഷാ പരിധിയിൽ ഉൾപ്പെടുത്തിയതാണ് കാരണം. അതേസമയം, ക്ളെയിമുകളിൽ ഒരുമാസത്തിനകം തീരുമാനമുണ്ടാകും.

9) ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്

'ഓപ്ഷണൽ" ഉപയോഗം

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവയുടെ വിദേശ ഉപയോഗം ഇനി ഉപഭോക്താവ് ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചു. ഓൺലൈൻ, എ.ടി.എം., പി.ഒ.എസ് തട്ടിപ്പ് തടയാനായി, കാർഡിൽ നിന്നുള്ള പണം പിൻവലിക്കലിന് പരിധി നിശ്‌ചയിക്കാം.

10) ഇ-വില്പനയ്ക്ക് ടി.സി.എസ്

ഇ-കൊമേഴ്‌സിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഒരു ശതമാനം ഉറവിടത്തിൽ നിന്നുള്ള നികുതി (ടി.സി.എസ്) ഈടാക്കും.

11) ക്രെഡിറ്റ് കാർഡിന്

ഡിസ്‌കൗണ്ട് ഇല്ല

പെട്രോൾ പമ്പിൽ ക്രെഡിറ്റ് കാർഡുപയോഗിച്ചുള്ള പേമെന്റിന് ഇനി ഡിസ്‌കൗണ്ട് ഇല്ല. ഡെബിറ്റ് കാർഡിനും മറ്റ് ഡിജിറ്റൽ പേമെന്റിനും ഡിസ്‌കൗണ്ട് തുടരും.