
ചന്ദ്രന്റെ മേൽവിലാസം ടാക്സി കാറിന്റെ നമ്പരാണ്. നാലരപതിറ്റാണ്ടായി വടകര ഓർക്കാട്ടേരിയിലെ ടാക്സി ഡ്രൈവർ. ഭൂമി അത്ര ഉരുണ്ടതല്ലെന്ന് ചന്ദ്രനറിയാം. പക്ഷേ വൃത്താകൃതിയിലുള്ള സ്റ്രിയറിംഗാണ് ഭൂമിയും സ്വന്തം ജീവിതവുമെന്ന് അയാൾ വിശ്വസിക്കുന്നു. ചന്ദ്രന്റെ കാറിൽ മംഗലാപുരത്തും ബാംഗ്ലൂരിലും പോയി രക്ഷപ്പെട്ടവർ നിരവധി. കൂടെ ടാക്സി ഓടിച്ചിരുന്ന ചിലസുഹൃത്തുക്കൾ ഗൾഫിലും ലണ്ടനിലും പോയി പച്ചപിടിച്ചു. ഓർക്കാട്ടേരിയും ടാക്സിയും വിട്ട് കടലിനക്കരേയ്ക്ക് പലരും ക്ഷണിച്ചതാണ്. ഗ്രാമമെന്നോ പട്ടണമെന്നോ വിശേഷിപ്പിക്കാനാകാത്ത നാടുവിട്ടുപോകാൻ ചന്ദ്രന്  മടിയാണ്. ഓട്ടത്തിന് എവിടെ വേണമെങ്കിലും പോകും. പക്ഷേ ജീവിതത്തെയും വേരുകളെയും പറിച്ചുകൊണ്ടുപോകുന്നത് ഇഷ്ടമല്ല. ചന്ദ്രന്റെ ടാക്സിയിലെ യാത്ര, ഭാഗ്യമാണെന്ന് പലരും വിശ്വസിക്കുന്നു. വളരെ ശ്രദ്ധിച്ചേ വണ്ടി ഓടിക്കൂ. സാമാന്യം വേഗത. റോഡിലും ജീവിതത്തിലും ആരെയും ഓവർടേക്ക് ചെയ്ത് അപകടമുണ്ടാക്കരുതെന്ന പക്ഷക്കാരൻ.സ്വന്തമായി ആഡംബരകാറുള്ളവർ പോലും വല്ലപ്പോഴും ചന്ദ്രന്റെ ടാക്സി വിളിക്കും. പുതിയ വാഹനമെടുക്കാൻ പോകുന്നവരും ചന്ദ്രന്റെ കാറിലായിരിക്കും അങ്ങോട്ട് പോകുന്നത്. പതിനെട്ടാം വയസിൽ ടാക്സിഡ്രൈവറുടെ കുപ്പായമിട്ടു. ഇടയ്ക്ക് മറ്റൊരു ട്രാക്ക് പരീക്ഷിച്ചെങ്കിൽ വലിയ സമ്പന്നനാകാമായിരുന്നില്ലേ എന്ന് ചിലർ ചോദിക്കാറുണ്ട്. അക്കൂട്ടരോട് പൊതുവായി സ്വന്തം ജീവിതദർശനം ചന്ദ്രൻ ചുരുക്കിപ്പറയും. 
കോളേജിലൊന്നും പോയി പഠിച്ചിട്ടില്ലാത്ത ഒരാൾക്ക് ഇത്രയും അറിവോ എന്ന് അതിശയിച്ചു പോകും. പുസ്തകങ്ങൾക്കും ഗുരുക്കന്മാർക്കും അപ്പുറം തുറന്ന സർവകലാശാല പോലെ ഈ പ്രകൃതിയും ജീവിതാനുഭവങ്ങളും കിടക്കുകയല്ലേ. ആയിരം രൂപ കൈയിലുണ്ടെങ്കിലും ഒന്നുമില്ലാത്തവന്റെ മുഖഭാവമാണെങ്കിൽ ആ കറൻസിക്ക് എന്തുവില? സംതൃപ്തിയ്ക്കാണ് പത്തരമാറ്റ്. ഉള്ളംകൈയിലെ ജലത്തിൽ സൂര്യചന്ദ്രന്മാർ പ്രതിഫലിക്കും. അതുപോലെയാണ് സന്തോഷവും സംതൃപ്തിയും. വെളുത്തു സുന്ദരമായ മുഖത്തുകാണാത്ത സംതൃപ്തിയുടെ തിളക്കം കറുത്തുകരിവാളിച്ച ഒരു നിർദ്ധനന്റെ മുഖത്ത് ദർശിക്കാനാകും. എത്രകിട്ടിയാലും മതിവരില്ലെന്ന് മനസ് മന്ത്രിച്ചു കൊണ്ടിരുന്നാൽ ഒന്നിലും സന്തോഷം കാണാനാകില്ല. ബ്രഹ്മകമലത്തിന്റെ മാഹാത്മ്യവും വലിപ്പവുമില്ലെന്നു കരുതി തുമ്പപ്പൂ ചിരിക്കുന്നില്ലേ. സംതൃപ്തിയോടെ തല നിവർത്തി നിൽക്കുന്നില്ലേ. അനർഹമായും അമിതമായും വന്നുചേരുന്ന ധനം പേമാരിയെപ്പോലെ. അത് കുടുംബബന്ധങ്ങളിൽ ഉരുൾപൊട്ടലുണ്ടാക്കും. നല്ല ഗുണങ്ങളുടെ മണ്ണൊലിച്ചുപോകും. സംതൃപ്തിയുടെ പൂമഴ ചാറിയാൽമതി ജീവിതം സുന്ദരസുരഭിലമാകും. വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകൻകൂടിയായ ചന്ദ്രൻ പറയാറുണ്ട്.
ടാക്സി ഓടിക്കുന്ന കാശിൽ ഒരു പങ്ക് സേവന പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്നതും ചന്ദ്രന്റെ ജീവിതവ്രതം. കരയിലെ ഏറ്രവും വലിയ ജീവിയായ ആനയ്ക്ക് മറ്റൊരാനയ്ക്ക് ജീവിതം കൊടുക്കാനാവില്ല. പക്ഷേ പൊക്കം കുറഞ്ഞ് മെലിഞ്ഞ ഒരു മനുഷ്യന് എത്രയോ പേർക്ക് ജീവിതം കൊടുക്കാനാകും. ആശ്വാസം പകരാനാകും. ചന്ദ്രന്റെ വിശ്വാസപ്രമാണങ്ങളോടു യോജിപ്പുള്ള എല്ലാവിഭാഗത്തിലെയും ആൾക്കാർ ചന്ദ്രനെ ലളിതമായി ആദരിച്ചു പൊന്നാടചാർത്തി. ആ പൊന്നാട സ്റ്റിയറിംഗ് വളയത്തിലിട്ട് ചന്ദ്രൻ സ്വന്തം കാറിനെയും ആദരിച്ചു. ആ വളയത്തെ ഉമ്മവച്ചു.
(ഫോൺ: 9946108220)