
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിന് നൽകാനിരുന്ന സ്വീകരണം അവസാന നിമിഷം ഉപേക്ഷിച്ചു. കാരാട്ട് ഫൈസലിന്റെ സുഹൃത്തുക്കളാണ് കൊടുവളളിയിൽ ഫൈസലിന് സ്വീകരണം നൽകാൻ ഒരുക്കങ്ങൾ നടത്തിയത്. ഇതിന്റെ ഭാഗമായി 'കിംഗ് ഇസ് ബാക്ക്' എന്ന പേരിൽ വലിയ ബാനറും ഉയർത്തിയിരുന്നു.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഫൈസലിനെ കസ്റ്റംസ് വിട്ടയച്ച ഉടൻ സമൂഹ മാദ്ധ്യമങ്ങളിലൂടെ കാരാട്ട് ഫൈസലിന്റെ സുഹൃത്തുക്കൾ ആഘോഷം തുടങ്ങിയിരുന്നു. ഫൈസൽ കാറിൽ തിരിച്ചു വരുന്നതിന്റെ പടം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പടെ പ്രചരിക്കുകയും ചെയ്‌തു. വെളളിയാഴ്‌ച വൈകീട്ട് ആറ് മണിക്ക് കൊടുവളളി പൗരാവലി ഫൈസലിന് സ്വീകരണം നൽകാനും തീരുമാനിച്ചു.
സൗത്ത് കൊടുവളളിയിൽ നിന്ന് കൊടുവളളി അങ്ങാടിയിലേക്ക് ആനയിച്ച് കൊണ്ടുവരാമെന്നായിരുന്നു തീരുമാനം. എന്നാൽ കൊവിഡ് സമയത്ത് ഇതൊന്നും വേണ്ടായെന്ന് എൽ.ഡി.എഫ് ഉപദേശം വന്നതോടെ സ്വീകരണം മാറ്റിവച്ചു. ഫൈസലിന്റെ വീടിന് മുന്നിൽ കെട്ടിതൂക്കിയ ബാനർ വൈറലായപ്പോൾ എടുത്തുമാറ്റി. ഫൈസലിനെ കൊച്ചിയിൽ നിന്ന് വിട്ടയച്ച ഉടൻ കാരാട്ട് റസാഖ് എം.എൽ.എ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു.
'ലീഗ് നേതൃത്വം ബി.ജെ.പിയെ കൂട്ടുപിടിച്ച് കളളക്കേസിൽ കുടുക്കി എന്നെ തകർക്കാനുള്ള ശ്രമം വിലപോവില്ല' എന്നായിരുന്നു റസാഖിന്റെ പോസ്റ്റ്. ഫൈസലുമായി സൗഹൃദമല്ലാതെ ബിസിനസ്, കുടുംബ ബന്ധങ്ങളില്ലെന്ന് എം.എൽ.എ വ്യക്തമാക്കിയിരുന്നു. കാരാട്ട് ഫൈസലിനെ കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹീം തള്ളിപ്പറഞ്ഞിരുന്നു. മുസ്ലിം ലീഗ് സംസ്കാരമാണ് ഫൈസലിനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.