
ന്യൂഡൽഹി: രണ്ട് കോടി രൂപ വരെയുളള വായ്‌പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാംഗ്‌മൂലം നൽകി. ആറ് മാസത്തെ മൊറട്ടോറിയം പിഴപ്പലിശയാണ് ഒഴിവാക്കുക. ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കുളള വായ്‌പകൾക്കും വിദ്യാഭ്യാസ, ഭവന, വാഹന, പ്രൊഫഷണൽ വായ്‌പകൾക്കും ക്രെഡിറ്റ് കാർഡ് തുകകൾക്കും പിഴപ്പലിശയിലെ ഇളവ് ബാധകമാണ്.
മൊറട്ടോറിയം ഇളവുകൾ വാങ്ങിയാലും ഇല്ലെങ്കിലും എല്ലാ ഇടപാടുകാർക്കും ഈ ആനുകൂല്യം നൽകണമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാംഗ്‌മൂലത്തിൽ പറയുന്നു. എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലയളവിലെ പലിശ മുഴുവനായും എഴുതി തളളാനാകില്ല. എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലത്തെ പലിശ മാത്രം ഏതാണ്ട് ആറ് ലക്ഷം കോടിയോളം വരും. അത് ബാങ്കുകളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
ചെറുകിട വ്യവസായികളെയും സാധാരണക്കാരെയും സഹായിക്കാനാണ് പിഴപ്പലിശ ഒഴിവാക്കിയത്. രണ്ട് കോടിയിൽ കൂടുതലുളള ഒരു വായ്പയ്‌ക്കും ഈ ആനുകൂല്യം ലഭ്യമാക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രതിസന്ധിഘട്ടങ്ങളിൽ സർക്കാർ പിഴപ്പലിശയുടെ ഭാരം വഹിക്കുക എന്നത് മാത്രമാണ് പോംവഴിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പാർലമെന്റിന്റെ അനുമതി ഇക്കാര്യത്തിൽ തേടും.
നേരത്തേ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇത് ബാങ്കുകളെ വലിയ രീതിയിൽ ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു. എന്നാൽ, ഉപഭോക്താക്കളുടെ മേലുളള ഭാരം കുറയ്‌ക്കുന്ന നിർദേശങ്ങൾ പഠിച്ച് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശപ്രകാരം സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതി പിഴപ്പലിശ ഒഴിവാക്കണമെന്ന നിർദേശമാണ് നൽകിയത്. ഇത് പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാൻ തീരുമാനിച്ചത്.