treasure

ആരും കണ്ടെത്തരുതെന്ന ഉദ്ദേശ്യത്തോടെ തടാകത്തിന്റെ ആഴങ്ങളിലേയ്ക്ക് മറവു ചെയ്ത ഒരു നിധികൂടാരത്തെപ്പറ്രി എത്ര പേർക്കറിയാം. പേരുകേട്ട നിധിവേട്ടക്കാർ കിണഞ്ഞ് ശ്രമിച്ചിട്ടും ഓസ്ട്രിയയിലെ ഡെഡ് മൗണ്ടൻസ് എന്ന തടാകത്തിന്റെ ആഴങ്ങളിൽ വിശ്രമിക്കുന്ന നിധികൂടാരം ഒന്നു തൊടാൻ പോലും കഴിഞ്ഞിട്ടില്ല.

പറഞ്ഞുവന്നത് രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറുടെ നാസിപ്പട ഓസ്ട്രിയയിലെ ടോപ്‌ലിറ്റ്സ് തടാകത്തിൽ ‍ ഒളിപ്പിച്ച നിധിയെക്കുറിച്ചാണ്.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജർമ്മൻ സൈന്യം തോൽവിയുടെ കയ്പ്പുനീരറിഞ്ഞു തുടങ്ങിയ സമയം ഓസ്ട്രിയയിലെ ഡെഡ് മൗണ്ടൻസ് എന്നറിയപ്പെടുന്ന പർവത വനമേഖലയിലേക്കു ചെന്ന് ഗറില്ലാ യുദ്ധം നയിക്കാം എന്നതായിരുന്നു ഹിറ്റ്ലർ പട തിരഞ്ഞെടുത്ത വഴി. എന്നാൽ ഇതിനു മുമ്പ് ഹിറ്റ്ലർ തങ്ങൾ യൂറോപ്പിൽ നിന്നും മറ്രു രാജ്യങ്ങളിൽ നിന്നും കൊള്ളയടിച്ച സ്വത്തുക്കളും രഹസ്യരേഖകളും ഭദ്രമായി സൂക്ഷിക്കണമെന്ന് അനുയായികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇങ്ങനെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള അമൂല്യ നിധി ശേഖരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഗറില്ലാ യുദ്ധത്തിനായി ജർമ്മൻ സൈന്യം ഓസ്ട്രിയയിലെത്തിയപ്പോൾ യൂറോപ്പിൽ നിന്നു കടത്തിക്കൊണ്ടുവന്ന വിലമതിക്കാനാവാത്ത പണവും ആഭരണങ്ങളും സ്വർണ്ണവും രേഖകളുമെല്ലാം ഇവിടെ ടോപ്‌ലിറ്റ്സ് തടാകത്തിന്റെ അടിത്തട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇന്നും പലരും വിശ്വസിക്കുന്നത്

ഓസ്ട്രിയൻ ആൽപ്സിലെ ഏറ്റവും മനോഹരവും അതേ സമയം ഭയാനകവുമായ ഇടമാണ് ടോപ്‌ലിറ്റ്സ് തടാകം. പടിഞ്ഞാറൻ ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നിന്നും 98 കിലോമീറ്റർ അകലെയാണീ തടാകം സ്ഥിതി ചെയ്യുന്നത്. വിമാനത്തിലോ അല്ലെങ്കിൽ നടന്നോ മാത്രമേ ഇവിടെ എത്തിപ്പെടുവാൻ സാധിക്കുകയുള്ളു. രണ്ട് കിലോമീറ്റർ നീളവും 400 മീറ്റർ വീതിയുമാണ് തടാകത്തിന്.​ 20 മീറ്റർ കഴിഞ്ഞാൽ പിന്നെ ഓക്സിജന്റെ സാന്നിദ്ധ്യമില്ല. ജീവിക്കുവാൻ ഓക്സിജൻ ആവശ്യമില്ലാത്ത ബാക്ടീരിയകൾക്കും മറ്റു സൂക്ഷ്മജീവികൾക്കും മാത്രമേ 20 മീറ്ററിനു താഴെ വസിക്കാൻ കഴിയുകയുള്ളു. ഇതിനു താഴെ ഉപ്പുവെള്ളം മാത്രമുള്ള തടാകത്തിൽ ഒരു വസ്തുക്കളും ജീർണ്ണിക്കില്ല എന്ന സവിശേഷതയും ഉണ്ട്. അതുകൊണ്ട് തന്നെ പല വർഷങ്ങളിലായി ഇവിടെ ഒഴുകിയെത്തിയ മരത്തടികളടക്കമുള്ള സാധനങ്ങൾ തടാകത്തിന്റെ അടിത്തട്ടിൽ ജീർണ്ണിക്കാതെ ഇന്നും കിടപ്പുണ്ട്. പ്രതിവർഷം ഏകദേശം അഞ്ച് മാസത്തോളം ഈ തടാകം തണുത്തുറഞ്ഞ് കിടക്കും.

നാസി ജർമ്മനിയുടെ അളവില്ലാത്ത സ്വത്തുക്കളുടെ താവളമെന്ന് ചരിത്രകാരന്മാർ വിരൽ ചൂണ്ടുന്നത് ഈ തടാകത്തിനെയാണ്. ഒരു സൂചന പോലും നല്കാതെ അപ്രത്യക്ഷമായ സ്വത്ത് മുഴുവനും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് ചരിത്രം പറയുന്നത്.

ഇതിനെ സാധൂകരിക്കുന്ന നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. ഒരു തവണ ഇവിടെ തടാകത്തിനു സമീപത്തു നിന്ന് ദശലക്ഷക്കണക്കിന് പൗണ്ട് കണ്ടെത്തിയിരുന്നു. ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥ തകർക്കാൻ അവിടേക്ക് വൻതോതിൽ കള്ളനോട്ടുകൾ കടത്താൻ ഹിറ്റ്ലർ പദ്ധതിയിട്ടിരുന്നതിന്റെ ഭാഗമായി അച്ചടിച്ചതാണിതെന്നാണ് കരുതപ്പെടുന്നത്. ഇത് കൂടാതെ നോട്ട് അച്ചടിക്കാൻ ഉപയോഗിച്ച കമ്മട്ടവും യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത് ഈ വാദത്തിന് ബലം പകരുന്നവയാണ്.

ഇത് കൂടാതെ തടാകത്തിനു സമീപം വർഷങ്ങൾക്കു മുമ്പ് ഒരു ബങ്കർ കണ്ടെത്തിയിരുന്നു. ഇത് തടാകത്തിലെ തുരങ്കത്തിലേക്കാണ് നയിക്കുന്നതെന്ന് പലരും വിശ്വസിക്കുന്നുണ്ട്.

നിധി അന്വേഷിച്ച് നിരവധി പേരാണ് തടാകത്തിൽ എത്തിയിട്ടുള്ളത്. പലരും തടാകത്തിലിറങ്ങിയെങ്കിലും നിധിശേഖരം കണ്ടെത്താനായില്ല എന്നു മാത്രമല്ല, പ്രതികൂല സാഹചര്യത്തിൽ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ആധുനിക സങ്കേതിക വിദ്യകളുപയോഗിച്ച് പലരും നിധി തിര‍ഞ്ഞെങ്കിലും ആർക്കും കണ്ടെത്താനായിട്ടില്ല.

അനുമതി ഇല്ലാതെ തടാകത്തിൽ ഡൈവിംഗ് നടത്തുന്നതിന് ഓസ്ട്രിയൻ സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അനധികൃതമായി പലരും ഇവിടെ നിധിവേട്ടയ്ക്ക് എത്തുന്നു. നിധി തേടിയെത്തിയ ഭൂരിഭാഗം പേരും ഒടുവിൽ മരണത്തിന് കീഴടങ്ങി. പല മരണങ്ങളും കാരണമെന്തെന്ന് കണ്ടെത്താനാവാത്ത വിധം നിഗൂഢതകളും സങ്കീർണ്ണതകളും നിറഞ്ഞതായിരുന്നു. അതിനാൽ തന്നെ തടാകത്തിലെ നിധി ആരും തട്ടിയെടുക്കാതിരിക്കുന്നതിനായി ഇന്നും ഇവിടെ ആരൊക്കെയൊ കാവൽ നിൽക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരും ചുരുക്കമല്ല.