
ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന രീതിയിൽ ആരോപണമുയർന്നിരുന്നു. എന്നാൽ താരത്തിന്റേത് ആത്മഹത്യ തന്നെയാണെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെട്ടതായി റിപ്പോർട്ട്. വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം നടത്തിയ മുംബയ് ആശുപത്രിയുടെ അഭിപ്രായത്തോട് എയിംസിലെ വിദഗ്ദ്ധ സംഘം യോജിക്കുന്നതായും റിപ്പോർട്ടുണ്ട്. തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.കഴിഞ്ഞ ജൂൺ 14നാണ് 34 കാരനായ സുശാന്തിനെ മുംബയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടൻ ആത്മഹത്യ ചെയ്തതാണെന്ന് മുംബയ് പൊലീസ് വിലയിരുത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെയുള്ള ഊഹാപോഹങ്ങളും, താരത്തിന്റെ കുടുംബത്തിന്റെ ആരോപണങ്ങളും സംശയം ജനിപ്പിച്ചു. തുടർന്ന് മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
'മരണവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. തെളിവുകൾ കിട്ടുകയാണെങ്കിൽ ഇന്ത്യൻ പീനൽ കോഡിലെ (കൊലപാതകം) സെക്ഷൻ 302 ചേർക്കപ്പെടും. എന്നാൽ 45 ദിവസത്തെ അന്വേഷണത്തിൽ അത്തരത്തിൽ സംശയകരമായ ഒന്നുംകിട്ടിയിട്ടില്ല.'-വൃത്തങ്ങൾ അറിയിച്ചു.
നടന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തി സുശാന്തിനെ മാനസികമായി ഉപദ്രവിച്ചുവെന്നും, മയക്കുമരുന്ന് നൽകിയെന്നും അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. പണത്തിനായി നടനെ ചൂഷണം ചെയ്തുവെന്നും, നടിയ്ക്ക് മരണത്തിൽ പങ്കുണ്ടെന്നും ആരോപിച്ച് കുടുംബം കേസ് ഫയൽ ചെയ്തതിന് ശേഷമാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
പിടിച്ചെടുത്ത ലാപ്‌ടോപ്പ്, ഹാർഡ് ഡ്രൈവുകൾ, ഡിജിറ്റൽ ക്യാമറ, മൊബൈൽ ഫോണുകൾ എന്നിവ പരിശോധിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 57 ദിവസത്തെ അന്വേഷണത്തിൽ 20 ഓളം പേരെ ചോദ്യം ചെയ്യുകയും ചെയ്തു.